World News
ഗായിക ഷക്കീറക്ക് എട്ട് വര്‍ഷം തടവുശിക്ഷ വിധിക്കണമെന്ന് സ്പാനിഷ് പ്രോസിക്യൂട്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jul 30, 08:17 am
Saturday, 30th July 2022, 1:47 pm

മാഡ്രിഡ്: കൊളംബിയന്‍ സൂപ്പര്‍ ഗായിക ഷക്കീറക്ക് (ഷക്കീറ ഇസബെല്‍ മെബാറക് റിപ്പോള്‍) എട്ട് വര്‍ഷം തടവുശിക്ഷ വിധിക്കണമെന്ന് സ്പാനിഷ് പ്രോസിക്യൂട്ടര്‍.

14.5 മില്യണ്‍ യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഷക്കീറക്ക് തടവുശിക്ഷ വിധിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂട്ടര്‍ രംഗത്തെത്തിയത്.

എട്ട് വര്‍ഷം തടവുശിക്ഷക്ക് പുറമെ ഷക്കീറക്ക് 23 മില്യണ്‍ യൂറോ (23.5 മില്യണ്‍ ഡോളര്‍) പിഴ വിധിക്കണമെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടു.

നേരത്തെ കേസ് ക്ലോസ് ചെയ്യുന്നതിന് വേണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസില്‍ നിന്നുള്ള സെറ്റില്‍മെന്റ് ഓഫര്‍ ഷക്കീറ നിരാകരിച്ചിരുന്നു. എന്നാല്‍ ഈ സെറ്റില്‍മെന്റ് ഓഫര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

2012നും 2014നുമിടയില്‍ നികുതി അടച്ചില്ല എന്നതാണ് ഷക്കീറക്കെതിരെ നിലവിലുള്ള കേസ്. എന്നാല്‍ ഈ വര്‍ഷങ്ങളില്‍ താന്‍ സ്‌പെയിനില്‍ ഉണ്ടായിരുന്നില്ല എന്നാണ് ഷക്കീറയുടെ വാദം.

പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 2012 -2014 വര്‍ഷങ്ങള്‍ക്കിടയില്‍ ഷക്കീറ സ്‌പെയിനില്‍ താമസിക്കുകയും 2012 മേയ് മാസത്തില്‍ ബാഴ്‌സലോണയില്‍ ഒരു വീട് വാങ്ങുകയും ചെയ്തു. 2013ല്‍ ഷക്കീറയുടെ മകന്‍ ജനിച്ചതും ഇതേ വീട്ടില്‍ വെച്ചാണെന്നും രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കേസില്‍ വിചാരണ നടത്തേണ്ട തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

”തന്റെ നിരപരാധിത്വം സംബന്ധിച്ച് അവര്‍ക്ക് പൂര്‍ണമായ ആത്മവിശ്വാസമുണ്ട്. തന്റെ അവകാശങ്ങള്‍ക്കെതിരായ ലംഘനമായാണ് അവര്‍ ഈ കേസിനെ കാണുന്നത്,” ഷക്കീറയുടെ അഭിഭാഷകന്‍ പ്രതികരിച്ചു.

താന്‍ അടക്കണമെന്ന് സ്പാനിഷ് ടാക്‌സ് ഓഫീസ് നിര്‍ദേശിച്ച 17.2 മില്യണ്‍ യൂറോ താന്‍ നല്‍കിയിരുന്നെന്നും തനിക്ക് വേറെ നികുതി ബാധ്യതകളൊന്നുമില്ലെന്നും നേരത്തെ ഷക്കീറ വ്യക്തമാക്കിയിരുന്നു.

ലാറ്റിന്‍ പോപ് സംഗീതത്തിന്റെ റാണി എന്നാണ് 45കാരിയായ ഷക്കീറ അറിയപ്പെടുന്നത്.

Content Highlight: Spanish prosecutor asks for eight year jail term for Shakira in tax evasion case