മോസ്കോ: കൊളംബിയന്‍ സൂപ്പര്‍ താരം ജെയിസ് റോഡ്രിഗസിനെ സ്പാനിഷ് ക്ലബ് ബാഴ്‌സിലോണയിലേക്ക് ക്ഷണിച്ച് ജെറാദ് പിക്വെ. “ദ പ്ലയേര്‍സ് ട്രിബ്യൂണിന്” അനുവദിച്ച അഭിമുഖത്തില്‍ ജെയിംസിന്റെ സാന്നിധ്യത്തിലാണ് പിക്വെ മുന്‍ റയല്‍ മാഡ്രിഡ് താരം കൂടിയായ റോഡ്രിഗസിനെ കാറ്റലന്‍ ആസ്ഥാനത്തേക്ക് ക്ഷണിച്ചത്.
“”ഞാനെപ്പോഴും പറയാറുണ്ട് നീ ബാഴ്‌സിലോണക്ക് ചേര്‍ന്നവനാണ്. നിന്റെ കേളീശൈലിയും ഫുട്‌ബോളിനെ കുറിച്ചുള്ള ധാരണകളും ബാഴ്‌സിലോണയുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ്. പക്ഷേ ഫുട്‌ബോളില്‍ എന്താണ് സംഭവിക്കുക എന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. എങ്കിലും നിന്നെ ഞാന്‍ ബാഴ്‌സയിലേക്ക് സ്വാഗതം ചെയ്യുന്നു.”” പിക്വെയുടെ വാക്കുകള്‍.
പിക്വെയുടെ വാക്കുകള്‍ക്ക് ചിരിച്ച് കൊണ്ട് നന്ദി പറഞ്ഞതല്ലാതെ ജെയിംസ് പ്രതികരിച്ചില്ല. താരം നിലവില്‍ ജര്‍മ്മന്‍ ബുന്ദസ് ലീഗയില്‍ ബയണ്‍ മ്യൂണിക്കിനു വേണ്ടിയാണ് കളിക്കുന്നത്. മികച്ച ഫോമില്‍ റയല്‍ മാഡ്രിഡില്‍ കളിച്ചിട്ടും സിനദിന്‍ സിദാന്‍ പരിശീലകനായി ചുമതലയേറ്റ ശേഷം ടീമില്‍ ഇടം കിട്ടാഞ്ഞ ജയിംസ് ബയണ്‍ മ്യൂണിക്കിലേക്ക് ചേക്കേറുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ കൊളംബിയയുടെ ബാഴ്‌സിലോണ താരം യെറി മിന നേടിയ ഗോള്‍ ജയിംസിന്റെ പാസ്സില്‍ നിന്നുമായിരുന്നു.
നിലവില്‍ ഇനിയെസ്റ്റയുടെ ഒഴിവിലേക്ക് ഒരു മധ്യനിര താരത്തെ തേടുകയാണ് ബാഴ്‌സിലോണ. ബ്രസീലിയന്‍ താരം ഫിലിപ്പ് കുട്ടീഞ്ഞോയെ ടീമില്‍ എത്തിച്ചെങ്കിലും, കുട്ടീഞ്ഞോ കൂടുതല്‍ മത്സരങ്ങളിലും മുന്നേറ്റ നിരയിലാണ് കളിക്കുന്നത്. രണ്ട് പൊസിഷനുകളിലും കളിക്കാവുന്ന ജയിംസിനെ പോലൊരു താരത്തെ തന്നെയാണ് ബാഴ്‌സിലോണ ഉന്നമിടുന്നത്. ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണാണ് ബാഴ്‌സിലോണ ഉന്നമിടുന്ന മറ്റൊരു താരമായി മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.