|

മെസിയോ റൊണാള്‍ഡോയോ? തെരഞ്ഞെടുപ്പുമായി സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ജുവാന്‍ മാറ്റ

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇരുവരില്‍ ആരാണ് ലോകത്തിലെ മികച്ച ഫുട്‌ബോളറെന്ന ചര്‍ച്ച എക്കാലത്തും ആരാധകരെ രണ്ട് ചേരികളിലാക്കിയിട്ടുണ്ട്.

ഫുട്‌ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയാണ് റൊണാള്‍ഡോ തിളങ്ങുന്നത്. 928 ഗോളുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്. എന്നാല്‍ ഒരു ലോകകപ്പ് കിരീടം മാത്രമില്ല എന്നത് റൊണാള്‍ഡോയ്ക്ക് ഒരു ശാപമായി തുടരുകയാണ്.

മെസി 854 കരിയര്‍ ഗോളുമായി റോണോയുടെ പിന്നിലുണ്ട്.
മെസിയ്ക്ക് സ്വന്തമാക്കാന്‍ മറ്റ് ട്രോഫികള്‍ ഒന്നും ബാക്കിയില്ല. 2022 ഫിഫ ലോകകപ്പില്‍ ഐതിഹാസിക വിജയത്തോടെ കിരീടം സ്വന്തമാക്കാന്‍ മെസിക്കും സംഘത്തിനും സാധിച്ചു.

മാത്രമല്ല ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം എട്ടുതവണ നേടാനും ലയണല്‍ മെസിക്ക് കഴിഞ്ഞു. അഞ്ച് തവണയാണ് റൊണാള്‍ഡോയ്ക്ക് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. 2024ലെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിലും മെസി കിരീടം അണിഞ്ഞിരുന്നു.

ഇരുവരിലും ആരാണ് മികച്ചവന്‍ എന്ന ചോദ്യം നേരിടാത്ത താരങ്ങളും പരിശീലകരും വളരെ വിരളമാണ്. ഇപ്പോള്‍, ഇരുവരിലും ഈ ചര്‍ച്ചയുടെ ഭാഗമാവുകയാണ് മുന്‍ ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡറായ ജുവാന്‍ മാറ്റ. മെസിയെയാണ് താരം ലോകത്തിലെ മികച്ച ഫുട്‌ബോളറായി തെരഞ്ഞെടുത്തത്. മെസി കളിക്കുന്ന രീതി തനിക്ക് വളരെ ഇഷ്ടമാണെന്നും റൊണാള്‍ഡോക്കൊപ്പം താന്‍ കളിച്ചിട്ടുണ്ടെന്നും മാറ്റ പറഞ്ഞു.

‘മെസ്സി കളിക്കുന്ന രീതി എനിക്ക് വളരെ ഇഷ്ടമാണ്. ഞാന്‍ റൊണാള്‍ഡോയ്ക്കൊപ്പം കളിച്ചു, അദ്ദേഹം അവിശ്വസനീയനാണ് – പക്ഷേ മെസ്സി…,’ മാറ്റ പറഞ്ഞു.

മാറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം ഒമ്പത് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. കൂടാതെ, റയല്‍ മാഡ്രിഡിനും യുവന്റസിനും വേണ്ടി കളിച്ചിരുന്ന സമയത്ത് സ്പാനിഷ് താരം അഞ്ച് തവണ റൊണാള്‍ഡോയെ നേരിട്ടിരുന്നു. അതേസമയം, കരിയറില്‍ പത്ത് തവണയാണ് ലയണല്‍ മെസിയുമായി മാറ്റ നേരിട്ടിട്ടുള്ളത്.

നിലവില്‍ സൗദി പ്രൊ ലീഗ് ടീമായ അല്‍ നസറിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുന്നത്. ടീമിനായി റോണോ 33 മത്സരങ്ങളില്‍ നിന്ന് 28 ഗോളുകള്‍ നേടിയിട്ടുണ്ട്.

അര്‍ജന്റീനിയന്‍ നായകന്‍ ലയണല്‍ മെസി എം.എല്‍.എസ് ടീമായ ഇന്റര്‍ മയാമിയിലാണുള്ളത്. ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നാല് ഗോളും രണ്ട് അസിറ്റും നേടിയിട്ടുണ്ട് താരം.

Content Highlight: Spanish Midfielder Juan Matta Picks The Greatest Footballer Among Ronaldo And Messi

Video Stories