| Saturday, 17th June 2023, 10:14 pm

'ക്രിസ്റ്റ്യാനോയുടെ അപരന്‍; അവനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിച്ചാല്‍ ചരിത്രം ആവര്‍ത്തിക്കപ്പെടും'

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന്റെ പി.എസ്.ജിയിലെ ഭാവി അനിശ്ചിതത്വത്തിലാണ്. 2025 വരെ ക്ലബ്ബുമായി താരത്തിന് കരാര്‍ ഉണ്ടെങ്കിലും താരത്തെ പുറത്താക്കാന്‍ പി.എസ്.ജി പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെബ്രുവരിയില്‍ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നെയ്മറിന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായിരുന്നു.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതോടെ ക്ലബ്ബില്‍ വന്‍ അഴിച്ചുപണി നടത്താന്‍ തീരുമാനിച്ച പി.എസ്.ജി നെയ്മറടക്കം പലരെയും പുറത്താക്കാന്‍ പദ്ധതിയിടുകയായിരുന്നു.

തൊട്ടുപിന്നാലെയാണ് താരത്തെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രംഗത്തുണ്ടെന്ന അഭ്യൂഹം വ്യാപകമായി പ്രചരിക്കപ്പെട്ടത്. എന്നാല്‍ യുണൈറ്റഡിന്റെ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് താരവുമായി സൈനിങ് നടത്താന്‍ താത്പര്യമില്ലെന്നും ക്ലബ്ബ് അത്തരത്തിലൊരു തീരുമാനം എടുത്തിട്ടില്ലെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നെയ്മറെ ക്ലബ്ബിലെത്തിച്ചാല്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേതിന് സമാനമായ സംഘര്‍ഷങ്ങള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഉടലെടുക്കുമെന്ന് ഭയന്നാണ് ടെന്‍ ഹാഗ് ഇക്കാര്യത്തില്‍ നിന്ന് പിന്‍വലിഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ പാര്‍ക്കര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘നെയ്മര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ചുകാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേതിന് സമാനമായ അന്തരീക്ഷമാകും യുണൈറ്റഡില്‍ ഉടലെടുക്കുക. റൊണാള്‍ഡോയുടെ മോഡേണ്‍ വേര്‍ഷന്‍ ആയ നെയ്മറെ ടെന്‍ ഹാഗ് സൈന്‍ ചെയ്യിക്കുമെന്ന് ഞാന്‍ കരുതുന്നില്ല,’ പാര്‍ക്കര്‍ പറഞ്ഞു.

ഇനി നെയ്മര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പോവുകയാണെങ്കില്‍ തന്നെ അദ്ദേഹത്തിന്റെ പെരുമാറ്റം കളത്തില്‍ മറ്റ് താരങ്ങളുടെ കൂടി അച്ചടക്കം നഷ്ടപ്പെടുത്തിയേക്കുമെന്നും താനത് പി.എസ്.ജിയിലും ബ്രസീലിലും കണ്ടിട്ടുണ്ടെന്നും പാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ നെയ്മറിനെ സ്വന്തമാക്കാനൊരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതിനായി അല്‍ ഹിലാല്‍ പി.എസ്.ജിയുമായി ചര്‍ച്ച നടത്തുമെന്നും തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് അല്‍ നസറില്‍ നിന്ന് ലഭിക്കുന്നതിന് സമാനമായ 200 മില്യണ്‍ യൂറോയുടെ ഓഫറാണ് അല്‍ ഹിലാല്‍ നെയ്മറിനിട്ടിരിക്കുന്ന മൂല്യം.

Content Highlights:  Spanish Journalist talking about Neymar Junior’s transfer rumors

We use cookies to give you the best possible experience. Learn more