| Monday, 19th September 2022, 6:50 pm

ഒന്നും നല്ലതിനല്ല, സെക്കന്റ് നെയ്മറാവാനാണ് മോനേ നിന്റെ പോക്ക്; വിനീഷ്യസ് ജൂനിയറിനെതിരെ സ്‌പെയ്‌നില്‍ നിന്നും വിമര്‍ശനങ്ങളുടെ ശരമാരി

സ്പോര്‍ട്സ് ഡെസ്‌ക്

റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിനെതിരെ രൂക്ഷവിമര്‍ശനവുമായി സ്പാനിഷ് ജേര്‍ണലിസ്റ്റ് ജോസഫ് പെഡ്രെറോള്‍. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിന് പിന്നാലെയാണ് പെഡ്രെറോള്‍ വിനീഷ്യസിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിനീഷ്യസിനെതിരെ വംശീയാധിക്ഷേപങ്ങള്‍ നടന്നിരുന്നു. ലാ ലീഗയില്‍ റയല്‍ ഒന്നിനെതിരെ നാല് ഗോളിന് മല്ലാര്‍ക്കക്കെതിരെ ഗോള്‍ നേടിയതിന് ശേഷമുള്ള താരത്തിന്റെ ആഘോഷത്തിന് പിന്നാലെയായിരുന്നു ഫുട്‌ബോള്‍ ഏജന്റായ പെഡ്രോ ബ്രാവോ താരത്തിനെതിരെ വംശീയാധിക്ഷേപം നടത്തിയത്.

ബ്രസീലിന്റെ ഐക്കോണിക് ഡാന്‍സ് സെലിബ്രേഷനെതിരെയായിരുന്നു ബ്രാവോയുടെ അധിക്ഷേപം.

എന്നാല്‍ ഫുട്‌ബോള്‍ ലെജന്‍ഡ് പെലെ മുതലിങ്ങോട്ടുള്ള സൂപ്പര്‍ താരങ്ങളെല്ലാം തന്നെ വിനീഷ്യസിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു.

തന്നെ അധിക്ഷേപിച്ചവര്‍ക്കുള്ള മറുപടിയെന്നോണം അത്‌ലറ്റിക്കോക്കെതിരായ മത്സരത്തിന് പിന്നാലെ ബ്രസീലിന്റെ ട്രേഡ്മാര്‍ക്ക് ഡാന്‍സ് ചെയ്തുകൊണ്ടായിരുന്നു വിമര്‍ശകരുടെ വായടപ്പിച്ചത്.

എന്നാല്‍ ഈ മത്സരത്തിന് പിന്നാലെയായിരുന്നു സ്പാനിഷ് ജേര്‍ണലിസ്റ്റായ പെഡ്രറോള്‍ വിനീഷ്യസിനെതിരെ വിമര്‍ശനവുമായി എത്തിയത്. തന്റെ തെറ്റ് തിരുത്തിയില്ലെങ്കില്‍ രണ്ടാം നെയ്മര്‍ (സെക്കന്റ് നെയ്മര്‍) മാത്രം അവുമെന്നും ഷോ ബോട്ടിങ് ഒഴിവാക്കണമെന്നുമാണ് പെഡ്രോറോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തന്റെ എതിരാളിയെ മറികടക്കുന്നതിന് വേണ്ടി ട്രിക്കുകള്‍ ഉപയോഗിക്കുന്നതിന് പകരം തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ അനാവശ്യമായി ട്രിക്കുകള്‍ കാണിക്കുന്നതിനെയാണ് ഫുട്‌ബോളില്‍ ഷോ ബോട്ടിങ് എന്നുപറയുന്നത്.

എല്‍ ചിരിംഗ്യൂട്ടോ എന്ന ചാനലിലൂടെയായിരുന്നു പെഡ്രറോളിന്റെ വിമര്‍ശനം.

‘ഞാന്‍ എപ്പോഴും വിനീഷ്യസ് ജൂനിയറിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇന്ന്, അവനെ എനിക്ക് ഇഷ്ടപ്പെടുന്നില്ല. അവന്റെ തെറ്റുകള്‍ അവന്‍ തിരുത്താന്‍ തയ്യാറല്ലെങ്കില്‍ അവന്‍ സെക്കന്റ് നെയ്മര്‍ മാത്രമാവും,’ പെഡ്രോറോള്‍ പറയുന്നു.

മാഡ്രിഡ് നാട്ടങ്കത്തിന്റെ സമയത്തും അതിന് മുമ്പും അത്‌ലറ്റിക്കോ ആരാധകര്‍ വിനീഷ്യസിനെ വംശീയമായി അധിക്ഷേപിക്കുന്ന ചിത്രങ്ങളും മറ്റും ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്.

അതേസമയം, കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനും റയലിനായി.

കളിച്ച ആറ് മത്സരത്തില്‍ ആറും ജയിച്ചാണ് റയല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ആറ് മത്സരത്തില്‍ നിന്നും അഞ്ച് ജയവും ഒരു സമനിലയുമാണ് നെയ്മറിന്റെ മുന്‍ ക്ലബ്ബായ ബാഴ്‌സലോണക്കുള്ളത്. പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് ബാഴ്‌സ.

ലാ ലീഗയില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാമതുള്ള ഒസാസുന (Osasuna) യാണ് റയലിന്റെ അടുത്ത എതിരാളികള്‍. ഒക്ടോബര്‍ മൂന്നിന് റയലിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

Content highlight:  Spanish journalist slams Vinicius Jr

We use cookies to give you the best possible experience. Learn more