| Wednesday, 24th January 2024, 8:29 pm

'സൗദിയില്‍ ഒരുപാട് സമ്പാദിക്കാം, പക്ഷേ സന്തോഷമില്ല, അവന്‍ റയലിനെ മിസ് ചെയ്യുന്നു'; ഇതിഹാസ താരം മടങ്ങിയെത്തുന്നു?

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവും ബാലണ്‍ ഡി ഓര്‍ ജേതാവുമായ കരീം ബെന്‍സെമ റയല്‍ മാഡ്രിലേക്ക് തിരിച്ചുവരാന്‍ സന്നദ്ധത അറിയിച്ചതായി സ്പാനിഷ് മാധ്യമപ്രവര്‍ത്തകന്‍ എഡ്വേര്‍ഡോ ഇന്റ. താരത്തിന് തന്റെ പഴയ ക്ലബ്ബിനെ മിസ് ചെയ്യുന്നുണ്ടെന്നും സൗദിയില്‍ അസന്തുഷ്ടനാണെന്നും എഡ്വാര്‍ഡോ പറയുന്നു.

സൗദി പ്രോ ലീഗില്‍ അല്‍ ഇത്തിഹാദിന്റെ താരമായ ബെന്‍സെമ നിലവില്‍ റയല്‍ മാഡ്രിനേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നുണ്ടെന്നും എന്നാല്‍ താരം അസന്തുഷ്ടനാണെന്നും ഇന്റ പറഞ്ഞു. എല്‍ ചിരിന്‍ഗ്വിറ്റോക്ക് നല്‍കിയ അഭിമുഖത്തെ ഉദ്ധരിച്ച് ലിയോ സ്പാര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘താന്‍ റയലിലേക്ക് തിരിച്ചെത്താന്‍ സന്നദ്ധനാണെന്ന് കരീം ബെന്‍സെമ എന്നോട് പറഞ്ഞിരുന്നു. അവന്‍ അവിടെ തീര്‍ത്തും അസന്തുഷ്ടനാണ്. അവന് മാഡ്രിഡില്‍ ലഭിക്കുന്നതിനേക്കാള്‍ ഏറെ തുക സൗദിയില്‍ നിന്നും ലഭിക്കുന്നു. എന്നാല്‍ അത്രയും തുക റയലില്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. അവന്‍ മാഡ്രിഡിനെ ഒരുപാട് മിസ് ചെയ്യുന്നു.

ജൂഡ് ബെല്ലിങ്ഹാം ഇപ്പോള്‍ കൂടുതല്‍ ഗോള്‍ നേടുന്നുണ്ടെങ്കിലും ടീമില്‍ ഇപ്പോള്‍ ഒരു ഒമ്പതാം നമ്പര്‍ താരമില്ല. ബെന്‍സെമ സൗദിയില്‍ അതൃപ്തനാണ്. അവനിപ്പോള്‍ മാഡ്രിഡില്‍ ലഭിക്കുന്നതിനേക്കാള്‍ തുക അവിടെ ലഭിക്കുന്നു. പക്ഷേ ശമ്പളം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്,’ എഡ്വാര്‍ഡോ പറഞ്ഞു.

2009 മുതല്‍ 2023 വരെ നീണ്ട 14 വര്‍ഷം ബെന്‍സെമ റയല്‍ മാഡ്രിഡിലായിരുന്നു പന്ത് തട്ടിയത്. മാഡ്രിഡിനൊപ്പം 648 മത്സരത്തില്‍ ബൂട്ടുകെട്ടിയ ബെന്‍സെമ 354 ഗോളുകളും 165 അസിസ്റ്റും സ്വന്തമാക്കി. ഫുട്‌ബോളിലെ ഏറ്റവും മൂല്യമേറിയ പുരസ്‌കാരമെന്ന് വിലയിരുത്തപ്പെടുന്ന ബാലണ്‍ ഡി ഓര്‍ താരം നേടിയതും റയല്‍ യുഗത്തിലായിരുന്നു.

റയലിനൊപ്പം നാല് ലാലിഗ കിരീടം നേടിയ ബെന്‍സെമ അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കി.

നേരത്തെ ബെന്‍സെമയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിക്കുന്നതിനെ കുറിച്ച് മുന്‍ താരം റിയോ ഫെര്‍ഡിനന്റും സംസാരിച്ചിരുന്നു. ബെന്‍സെമയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയാല്‍ റാസ്മസ് ഹോജ്ലണ്ടിന് കളിക്കളത്തില്‍ കൂടുതല്‍ സഹായമാവുമെന്നാണ് ഫെര്‍ഡിനാര്‍ഡ് പറഞ്ഞത്.

ഇതിഹാസ താരങ്ങളായ റൊണാള്‍ഡോ, ഇബ്രാഹിമോവിച്ച്, എഡിസണ്‍ കവാനി തുടങ്ങിയ താരങ്ങള്‍ യുണൈറ്റഡില്‍ എത്തിയപ്പോഴുണ്ടായ മാറ്റങ്ങളെ കുറിച്ചും ഫെര്‍ഡിനാര്‍ഡ് പറഞ്ഞു.

ഫൈവ് യുട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം.

‘ഞങ്ങള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ മുമ്പ് ചെയ്തതുപോലെയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. ഞങ്ങള്‍ റൊണാള്‍ഡോയെ സൈന്‍ ചെയ്തതിലൂടെ അവന് ഫാല്‍ക്കോക്കൊപ്പം മികച്ച പ്രകടനം നടത്താനായി. പിന്നീട് ഞങ്ങള്‍ കവാനിയ ടീമിലെത്തിച്ചു അവന്‍ ഇബ്രാഹിമോവിച്ചുമായി മികച്ച പ്രകടനം നടത്തി. അതുപോലെ ബെന്‍സെമ ഇവിടെയെത്തിയാല്‍ അത് റാസ്മസ് ഹോജ്ലണ്ടിന്റെ പ്രകടനങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും,’ ഫെര്‍ഡിനാര്‍ഡ് പറഞ്ഞു.

Content highlight: Spanish Journalist says Karim Benzema offered himself to Real Madrid

We use cookies to give you the best possible experience. Learn more