| Friday, 1st July 2022, 2:01 pm

ഇവരുടെ തലയ്ക്ക് ഓളമാണോ? മെസിയേയും ഒഴിവാക്കാനൊരുങ്ങി പി.എസ്.ജി

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ക്ലബ്ബ് വിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാവുകയാണ്. താരം ഈ സീസണോടെ പി.എസ്.ജിയോട് ഗുഡ് ബൈ പറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നെയ്മര്‍ ഈ സമ്മറില്‍ ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകവെ താരത്തെ ന്യൂ കാസില്‍ യുണൈറ്റഡിലേക്ക് ക്ഷണിച്ചിരിക്കുയാണ് ബ്രസീലിലെ സഹതാരം ജോലിന്റണ്‍. താരത്തിനായി ന്യൂ കാസിലിന്റെ പത്താം നമ്പര്‍ ജേഴ്‌സി മാറ്റി വെച്ചിരിക്കുകയാണെന്നും ജോലിന്റണ്‍ പറയുന്നു.

നെയ്മറിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഒന്നിന് പിറകെ മറ്റൊന്ന് എന്ന രീതിയില്‍ വന്നുകൊണ്ടിരിക്കെ മെസിയെയും മാനേജ്‌മെന്റ് പുറത്താക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ക്ലബ്ബിന്റെ മുന്നേറ്റത്തിനായി നടത്തുന്ന വമ്പന്‍ അഴിച്ചുപണികളുടെ ഭാഗമായിട്ടാണ് ടീം മെസിയോടും ബൈ പറയാനൊരുങ്ങുന്നത്.

ലൂയിസ് ക്യാമ്പോസ്, ആന്റേറോ ഹെന്റിക്വ എന്നിവരടങ്ങുന്ന പി.എസ്.ജിയുടെ പുതിയ സ്‌പോര്‍ട്ടിങ് മാനേജ്‌മെന്റ് ടീമിനെ പാദാദികേശം മുതല്‍ കേശാദിപാദം വരെ ഉടച്ചുവാര്‍ക്കാന്‍ ഒരുങ്ങുകയാണെന്നാണ് സ്പാനിഷ് ജേര്‍ണലിസ്റ്റായ പെഡ്രോ മൊറാട്ടയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആവശ്യത്തിലധികം താരങ്ങളുള്ള പി.എസ്.ജിയില്‍ നിന്നും നിരവധി വമ്പന്‍ താരങ്ങളെ ഒഴിവാക്കി പുതിയ താരങ്ങളെ ടീമിലെത്തിക്കാനും എല്ലാ ടൈറ്റിലിനും വേണ്ടി കളിക്കാന്‍ സാധിക്കുന്ന ടീമാക്കി പാരീസ് വമ്പന്‍മാരെ മാറ്റിയെടുക്കാനുമാണ് ഇവര്‍ പദ്ധതിയിടുന്നത്.

അതേസമയം, ഈ രണ്ടു താരങ്ങളെയും ഒഴിവാക്കാന്‍ പി.എസ്.ജിക്ക് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും പെഡ്രോ മൊറാട്ട ചൂണ്ടിക്കാട്ടുന്നു.

മെസി, നെയ്മര്‍ എന്നിവര്‍ പി.എസ്.ജിയില്‍ വാങ്ങുന്ന ശമ്പളം മറ്റു ക്ലബ്ബുകള്‍ക്ക് നല്‍കാന്‍ പ്രയാസമാണ്. അതിനാല്‍ തന്നെ ഇരുവര്‍ക്കും വേണ്ടി ടീമുകളൊന്നും നിലവില്‍ രംഗത്തില്ല. എന്നാല്‍ ഇരുവര്‍ക്കും ക്ലബ്ബ് വിടാന്‍ താത്പര്യമുണ്ടെന്നും മൊറാട്ട സൂചിപ്പിക്കുന്നു.

കഴിഞ്ഞ സമ്മറിലായിരുന്നു മെസി പി.എസ്.ജിക്കൊപ്പം ചേര്‍ന്നത്. മിശിഹാ കൂടി ഒപ്പമെത്തുന്നതോടെ പി.എസ്.ജി ആര്‍ക്കും എത്തിപ്പിടിക്കാന്‍ പോലുമാകാത്ത ഉയരത്തിലെത്തുമെന്നായിരുന്നു ആരാധകരും മാനേജ്‌മെന്റും ഉറച്ചുവിശ്വസിച്ചത്.

എന്നാല്‍ ആ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ ടീമിന് സാധിച്ചിരുന്നില്ല. ഫ്രഞ്ച് ലീഗ് കിരീടം മാത്രമായിരുന്നു ടീമിന് സ്വന്തമാക്കാനായത്.

ഇതിനെല്ലാം പുറമെ സൂപ്പര്‍ താരങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാന്‍ പരിശീലകന് സാധിച്ചിരുന്നില്ല എന്ന റിപ്പോര്‍ട്ടുകളും ഉയര്‍ന്നു വന്നിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കൂടി വേണ്ടിയാണ് ക്ലബ്ബ് ഇവരെ വില്‍ക്കുന്ന കാര്യം പരിഗണിക്കുന്നത്.

Content Highlight: Spanish journalist Pedro Morata’s report that PSG is likely to offload Messi

We use cookies to give you the best possible experience. Learn more