| Sunday, 4th June 2023, 6:49 pm

മെസി ബാഴ്‌സയിലേക്കില്ല; താരത്തിന്റെ ക്ലബ്ബ് ട്രാന്‍സ്ഫറില്‍ ട്വിസ്റ്റ്; സ്പാനിഷ് ജേണലിസ്റ്റിന്റെ റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ നിന്ന് പടിയിറങ്ങിയത്. രണ്ട് വര്‍ഷം പി.എസ്.ജിയില്‍ ചെലവഴിച്ച മെസി ഈ സീസണിന്റെ അവസാനത്തോടെ ക്ലബ്ബുമായി പിരിയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാരീസിയന്‍ ക്ലബ്ബിനായി രണ്ട് ലീഗ് വണ്‍ ടൈറ്റിലുകളും ഒരു സൂപ്പര്‍ കപ്പും നേടിക്കൊടുത്തതിന് ശേഷമായിരുന്നു താരത്തിന്റെ പടിയിറക്കം.

പി.എസ്.ജി വിട്ട് ഫ്രീ ഏജന്റായ മെസി ഏത് ക്ലബ്ബിലേക്ക് പോകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. താരത്തിന്റെ പഴയ തട്ടകമായ ബാഴ്‌സലോണ എഫ്.സിയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫറിനെ കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ സെപെയ്‌നിലെ പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ഗില്ലെ ബാലാഗ്.

മെസി ബാഴ്‌സലോണയിലേക്ക് തിരികെ പോകാന്‍ സാധ്യതകളൊന്നും കാണുന്നില്ലെന്നും താരം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിലെന്റെയോ എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമിയുടേയോ ഓഫര്‍ സ്വീകരിച്ചേക്കുമെന്നാണ് ബലാഗ് റിപ്പോര്‍ട്ട് ചെയ്തത്. തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ബലാഗിന്റെ പ്രതികരണം.

‘ലയണല്‍ മെസിക്ക് ഇന്റര്‍ മിയാമിയില്‍ നിന്ന് ആഴ്ചകള്‍ മുമ്പ് ഓഫര്‍ വന്നിട്ടുണ്ട്. സൗദി അറേബ്യന്‍ ക്ലബ്ബ് നല്‍കുന്നതിനെക്കാള്‍ കുറവ് വേതനമാണ് മിയാമി ഓഫര്‍ ചെയ്തതെങ്കിലും സങ്കീര്‍ണമായ ഡീലിങ് ആണ് ഇരുകൂട്ടര്‍ക്കുമിടയില്‍ നടക്കുന്നത്.

ഇവയാണ് രണ്ട് പ്രധാന ഓഫറുകള്‍. ബാഴ്‌സലോണ എഫ്.സിയിലേക്ക് പോകാനുള്ള സാധ്യതകള്‍ ഇവിടെ കാണുന്നില്ല. ആരെങ്കിലും മെസിയെ ബാഴ്‌സയില്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബാഴ്‌സക്ക് അത്തരത്തിലുള്ള ഓഫറോ വാഗ്ദാനമോ മെസിക്ക് നല്‍കാന്‍ കഴിയില്ലെന്ന് മനസിലാക്കുക. എന്നിരുന്നാലും മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കാം,’ ബലാഗ് ട്വീറ്റ് ചെയ്തു.

അതേസമയം, ലയണല്‍ മെസിക്ക് വേണ്ടി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് ബാഴ്സലോണ പ്രസിഡന്റ് സാവി ഹെര്‍ണാണ്ടസ് നേരത്തെ പറഞ്ഞിരുന്നു. ബാഴ്സലോണ എഫ്.സി മെസിയെ സ്വാഗതം ചെയ്യാനിരിക്കുകയാണെന്ന് അദ്ദേഹത്തിനറിയാമെന്നും ഏത് ക്ലബ്ബിലേക്ക് പോകണമെന്ന് മെസി തീരുമാനിക്കട്ടേയെന്നും സാവി പറഞ്ഞു. മുണ്ടോ ഡീപോര്‍ട്ടീവയോട് സംസാരിക്കുമ്പോഴാണ് സാവി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘മെസി വരുന്ന ആഴ്ച്ച അവന്റെ ഭാവി ക്ലബ്ബിനെ കുറിച്ച് തീരുമാനിക്കും. ഞങ്ങളവനെ സ്വാഗതം ചെയ്യാന്‍ തയ്യാറെടുത്തിരിക്കുകയാണെന്ന് അവന് നന്നായിട്ടറിയാം. ഒന്നും മാറിയിട്ടില്ല. ഞങ്ങള്‍ക്ക് അവസരങ്ങളുണ്ട്. മെസിയെ ഞങ്ങള്‍ക്കിവിടെ വേണം. എന്തായാലും അവന്‍ തീരുമാനിക്കട്ടെ. ഞങ്ങളുടെ സിസ്റ്റത്തിനൊപ്പം അവനെ ഉള്‍പ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്,’ സാവി പറഞ്ഞു.

പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കുകയുള്ളൂ എന്നും ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുക എന്നതാണ് മെസിയുടെ ലക്ഷ്യമെന്നും മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി നേരത്തെ അറിയിച്ചിരുന്നു.

Content Highlights: Spanish Journalist on Lionel Messi’s club transfer

We use cookies to give you the best possible experience. Learn more