'മെസി കഴിഞ്ഞാല്‍ കളത്തില്‍ അപകടകാരി അവനാണ്'; സൂപ്പര്‍ താരത്തെ കുറിച്ച് സ്പാനിഷ് ഗോള്‍ കീപ്പര്‍
Football
'മെസി കഴിഞ്ഞാല്‍ കളത്തില്‍ അപകടകാരി അവനാണ്'; സൂപ്പര്‍ താരത്തെ കുറിച്ച് സ്പാനിഷ് ഗോള്‍ കീപ്പര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 9th July 2023, 1:55 pm

 

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍താരം കരിം ബെന്‍സിമയാണെന്ന് അത്‌ലെറ്റിക് ബില്‍ബാവോ ഗോളി ഉനൈ സൈമണ്‍. മെസിക്ക് ശേഷം കരിയറില്‍ താന്‍ നേരിട്ടവരില്‍ അപകടകാരിയായ കളിക്കാരന്‍ ബെന്‍സിമയാണെന്നും സൈമണ്‍ പറഞ്ഞു. ഡയേറിയോ എ.എസിനോട് സംസാരിക്കുമ്പോഴാണ് സൈമണ്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘എനിക്ക് വളരെ ഇഷ്ടമുള്ള താരമാണ് ബെന്‍സിമ. മെസി കഴിഞ്ഞാല്‍ ഞാന്‍ നേരിട്ടിട്ടുള്ളവരില്‍ വെച്ച് ഏറ്റവും അപരകടകാരിയായ താരമാണ് അദ്ദേഹം. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് ബെന്‍സെമ,’ സൈമണ്‍ പറഞ്ഞു.

2022ലെ ബാലണ്‍ ഡി ഓര്‍ ജേതാവായ ബെന്‍സെമ റയല്‍ മാഡ്രിഡിനായി കളിച്ച 647 മത്സരങ്ങളില്‍ നിന്ന് 353 ഗോളുകള്‍ അക്കൗണ്ടിലാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളിലും ക്ലബ്ബ് തല മത്സരങ്ങളിലുമായി 10 തവണ സൈമണ്‍ ബെന്‍സെമക്കെതിരെ കളിച്ചിട്ടുണ്ട്. അതില്‍ ഏഴ് തവണ സൈമണെ വെട്ടിച്ച് വലകുലുക്കാന്‍ ബെന്‍സിമക്ക് സാധിച്ചിരുന്നു.

അതേസമയം, സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡുമായി പിരിഞ്ഞ കരിം ബെന്‍സിമ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഇത്തിഹാദിലേക്ക് ചേക്കേറിയിരിക്കുകയാണ്. ഈ സീസണിന്റെ അവസാനത്തോടെ റയലുമായുള്ള കരാര്‍ അവസാനിച്ച ബെന്‍സിമയെ ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കിലും അറേബ്യന്‍ മണ്ണിലേക്ക് നീങ്ങാനായിരുന്നു താരത്തിന്റെ തീരുമാനം.

2009ല്‍ ലിയോണില്‍ നിന്നുമാണ് ഫ്രഞ്ച് ഇന്റര്‍നാഷണല്‍ ലോസ് ബ്ലാങ്കോസിന്റെ ഭാഗമാകുന്നത്. റയലിനൊപ്പം അഞ്ച് ചാമ്പ്യന്‍സ് ലീഗ് ടൈറ്റിലുകള്‍ സ്വന്തമാക്കിയ ബെന്‍സെമ നാല് തവണ റയലിനെ സ്പാനിഷ് ചാമ്പ്യന്‍മാരാക്കുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

റയലിനായി കളിച്ച 647 മത്സരങ്ങളില്‍ നിന്നും 353 ഗോളുകളാണ് ബെന്‍സെമ അടിച്ചുകൂട്ടിയത്. 2022-23 സീസണില്‍ മാത്രം 42 മത്സരങ്ങളില്‍ നിന്ന് 30 ഗോളും ആറ് അസിസ്റ്റുകളും സ്വന്തമാക്കാന്‍ ബെന്‍സെമക്ക് സാധിച്ചു.

Content Highlights: Spanish goal keeper Unai Simon praises Karim Benzema