| Sunday, 6th August 2023, 2:10 pm

'എംബാപ്പെക്ക് പിന്നാലെ പോയി സമയം കളഞ്ഞില്ലായിരുന്നെങ്കില്‍ ഇന്നൊരു സൂപ്പര്‍ താരം റയലില്‍ എത്തിയേനെ'

സ്പോര്‍ട്സ് ഡെസ്‌ക്

ആധുനിക ഫുട്‌ബോളിലെ രണ്ട് സുപ്രധാന യുവതാരങ്ങളാണ് എര്‍ലിങ് ഹാലണ്ടും കിലിയന്‍ എംബാപ്പെയും. ഭാവിയില്‍ ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായി ഇരുവരും മാറുമെന്നാണ് ഫുട്‌ബോള്‍ വിദഗ്ധരടക്കം അഭിപ്രായപ്പെടുന്നത്.

എന്നാല്‍ എംബാപ്പെയെ ടീമിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പോലെ ഹാലണ്ടിന് വേണ്ടിയും നടത്തിയിരുന്നെങ്കില്‍ താരം ഇപ്പോള്‍ റയല്‍ മാഡ്രിഡിനായി കളിച്ചേനെ എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് സ്പാനിഷ് മാധ്യമപ്രവര്‍ത്തകനായ ജീസസ് ഗല്ലേഗോ.

എംബാപ്പെയെ ടീമിലെത്തിക്കാനായി തുടര്‍ച്ചയായ ശ്രമങ്ങള്‍ റയല്‍ മാഡ്രിഡ് നടത്തിയിരുന്നു. 2021 ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്നെ മാഡ്രിഡ് ക്ലബ്ബിന്റെ രണ്ട് ബിഡ്ഡുകളാണ് റയല്‍ നിരസിച്ചത്.

എന്നാല്‍ ഈ സമയം ഹാലണ്ടിനായി ശ്രമം നടത്തിയിരുന്നെങ്കില്‍ താരം സിറ്റിയിലേക്ക് പോകുന്നതിന് പകരം റയലില്‍ കളിച്ചേനെ എന്നാണ് ജീസസ് ഗല്ലേഗോ അഭിപ്രായപ്പെട്ടിരിക്കുന്നത്.

‘റയല്‍ മാഡ്രിഡ് ചെയ്ത വലിയ തെറ്റാണ് എംബാപ്പെയെ ടീമിലെത്തിക്കാനായി നടത്തിയ പരിശ്രമങ്ങള്‍. എംബാപ്പെക്ക് പിറകെ നടന്ന് റയല്‍ ഒരുപാട് സമയം പാഴാക്കി. എന്നാല്‍ ഈ സമയം ഹാലണ്ടിനെ ടീമിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഹാലണ്ട് ഇപ്പോള്‍ റയലിനായി കളിച്ചേനെ,’ ജീസസ് ഗല്ലേഗോ പറഞ്ഞു.

അതേസമയം, പി.എസ്.ജിയില്‍ എംബാപ്പെയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് എംബാപ്പെ അടുത്ത സീസണോടെ ക്ലബ്ബ് വിടുമെന്ന കാര്യം പി.എസ്.ജിയെ അറിയിച്ചത്. 2024 വരെയാണ് താരത്തിന് പാരീസിയന്‍ ക്ലബ്ബുമായി കരാര്‍ ഉണ്ടായിരുന്നതെങ്കിലും കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരണമെന്ന് പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.

എന്നാല്‍ താരം തന്റെ തീരുമാനം അറിയിച്ചതോടെ ഈ സീസണില്‍ തന്നെ ക്ലബ്ബ് വിടണമെന്ന് പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെടുകയായിരുന്നു. ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരം ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമ്പോഴുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി പി.എസ്.ജി താരത്തെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ സീസണില്‍ എംബാപ്പെ ക്ലബ്ബ് വിടുകയാണെങ്കില്‍ താരത്തിന്റെ ആഗ്രഹ പ്രകാരം സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡുമായി സൈന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 14 തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് 150 മുതല്‍ 180 മില്യണ്‍ യൂറോയാണ് എംബാപ്പെക്കിട്ടിരിക്കുന്ന മൂല്യം.

Content Highlights: Spanish football journalist Gesus Gallego talking about Mbappe’s signing with Real Madrid

We use cookies to give you the best possible experience. Learn more