| Sunday, 8th October 2023, 11:16 am

ലാമിൻ യമൽ, 'അടുത്ത മെസിയും മറഡോണയും; സ്പാനിഷ് പരിശീലകന്റെ പരാമർശത്തോട് പ്രതികരിച്ച് ബാഴ്‌സലോണ

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ലാമിൻ യമലിനെ അർജന്റൈൻ ഇതിഹാസങ്ങളായ ലയണൽ മെസിയുമായും ഡീഗോ മറഡോണയുമായും സ്പാനിഷ് പരിശീലകനായ ലൂയിസ് ഡി ലാ ഫ്യുണ്ടെ താരതമ്യം ചെയ്തിരുന്നു. വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ബാഴ്സലോണ ക്ലബ്ബ്.

യുവതാരം യമാലിനെ ഇതിഹാതാരങ്ങളുമായി താരതമ്യപ്പെടുത്തിയതിനെതിരെ ക്ലബ്ബ് അതൃപ്തി പ്രകടിപ്പിച്ചു. അന്താരാഷ്ട്ര മത്സരത്തിനുവേണ്ടി സ്പാനിഷ് ദേശീയ ടീമിൽ ഇടം നേടിയ ലാമിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോഴായിരുന്നു സ്പാനിഷ് പരിശീലകന്റെ പ്രതികരണം.

‘അവന് അതിശയകരമായ കഴിവുണ്ട്. അവൻ വളരെ ചെറുപ്പമാണ് അതുകൊണ്ടുതന്നെ ഞങ്ങൾ അവന് മികച്ച പരിഗണന നൽകും. മെസിക്കും മറഡോണക്കും 16 വയസ്സുള്ളപ്പോൾ കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നു. നന്നായി കളിക്കുന്ന താരങ്ങൾക്ക് നമ്മൾ അവസരം നൽകാതിരിക്കരുത്. ആ താരങ്ങളുടെ കഴിവുകൾ പുറത്തുകൊണ്ടുവരാൻ നമ്മൾ അവരെ അനുവദിക്കണം. അതു തന്നെയാണ് സ്പാനിഷ് ടീമിലും ബാഴ്സലോണ ക്ലബ്ബിലും ഞങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത്,’ വാർത്തസമ്മേളനത്തിൽ ലൂയിസ് ഡി ലാ ഫ്യുണ്ടെ പറഞ്ഞു.

എന്നാൽ സ്പാനിഷ് പരിശീലകന്റെ ഈ വാക്കുകൾ ബാഴ്സലോണ ക്ലബ്ബിന് അത്ര ഇഷ്ടപ്പെട്ടില്ല. യുവതാരത്തിന്റെ മേൽ അനാവശ്യ സമ്മർദം ചെലുത്തുന്നതാണിതെന്നാണ് ക്ലബ്ബ് അധികൃതർ പറഞ്ഞത്.

‘ലയണൽ മെസി 17ാം വയസ്സിൽ ബാഴ്സലോണയിൽ അരങ്ങേറ്റം ചെയ്തിട്ടില്ല. മറഡോണ 22ആം വയസ്സിലാണ് ബാഴ്‌സയിൽ എത്തിയത്’, കറ്റാലൻമാർ വാദിച്ചു.

നേരത്തെ സ്പാനിഷ് പരിശീലകൻ സാവിയും യമാലിനെ മെസിയുമായി താരതമ്യം ചെയ്യുന്നതിനെതിരെ പ്രതികരിച്ചിരുന്നു. യമാൽ ഇപ്പോൾ കളിക്കട്ടെ എന്നും ഭാവിയിൽ അവൻ എന്താകുമെന്ന് നോക്കാമെന്നുമായിരുന്നു സാവിയുടെ പ്രതികരണം.

യുവതാരമായ ലാമിൻ യമാൽ മികച്ച പ്രകടനമാണ് ബാഴ്സലോണയ്ക്ക് വേണ്ടി കാഴ്ചവെക്കുന്നത്. അന്താരാഷ്ട്ര മത്സരത്തിൽ സ്പെയിനിന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം ചരിത്രപരമായ നേട്ടത്തിൽ എത്തിയിരുന്നു.

ജോർജിയക്കെതിരായ മത്സരത്തിൽ യമാൽ നേടിയ ഗോളിലൂടെ സ്പെയിൻ ദേശീയ ടീമിനുവേണ്ടി ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഗോൾ നേടുന്ന താരമെന്ന നേട്ടം കൈവരിക്കാനും ഈ 16കാരന് സാധിച്ചു.

മറ്റൊരു ഇതിഹാസ പദവിയിലേക്ക് യാത്ര ചെയ്യാൻ ഈ 16കാരന് ഭാവിയിൽ സാധിക്കുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്.

Content Highlight: Barcelona club expressed displeasure with Spain coach who compared Lamine Yamal to Messi and Maradona

We use cookies to give you the best possible experience. Learn more