ലോകകപ്പില്‍ റഷ്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച വിങര്‍ ഡെനിസ് ചെറിഷേവിനെതിരെ സ്പാനിഷ് ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ അന്വേഷണം. പരിക്ക് ഭേതമാവാന്‍ ചെറിഷേവ് ഹോര്‍മോണ്‍ ഇഞ്ചക്ഷനുകളെടുത്തിരുന്നുവെന്ന് ലോകകപ്പിനിടെ ചെറിഷേവിന്റെ പിതാവ് ദിമിത്രി ചെറിഷേവ് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
തന്റെ പ്രസ്താവന മാധ്യമപ്രവര്‍ത്തകന്‍ തെറ്റായെടുത്തതാണെന്ന് ദിമിത്രി പിന്നീട് പറഞ്ഞിരുന്നു. വിയ്യാറിയല്‍ താരമായ ചെറിഷേവ് ലോണടിസ്ഥാനത്തില്‍ ഇപ്പോള്‍ വലന്‍സിയയിലാണ് കളിക്കുന്നത്. ചികിത്സയുടെ ഭാഗമല്ലാതെ growth hormone (HGH) സ്വീകരിച്ചാല്‍ നാലു വര്‍ഷം വരെ വിലക്ക് ലഭിച്ചേക്കാം.
ലോകകപ്പില്‍ സ്‌പെയിനിനെതിരായ മത്സരദിവസം മരുന്നടിച്ചെന്ന ആരോപണങ്ങളെ ചെറിഷേവും തള്ളിക്കളഞ്ഞിരുന്നു. ഒരു നിരോധിത വസ്തുവും ഉപയോഗിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് രണ്ടാമതൊന്നാലോചിക്കേണ്ടതില്ലെന്നും ചെറിഷേവ് പറഞ്ഞിരുന്നു. ചികിത്സയുടെ ഭാഗമായി പ്ലേറ്റ്‌ലെറ്റ്-റിച്ച് പ്ലാസ്മ ഇഞ്ചക്ഷനാണ് താരത്തിന് നല്‍കിയതെന്നും നിയമവിധേയമായ മരുന്നാണിതെന്നും റഷ്യന്‍ഫുട്‌ബോള്‍ ഫെഡറേഷനും പ്രതികരിച്ചിരുന്നു.
ലോകകപ്പില്‍ ക്വാര്‍ട്ടര്‍ വരെയെത്തിയ റഷ്യന്‍ടീമിന്റെ ഭാഗമായിരുന്ന ചെറിഷേവ് അഞ്ച് കളികളില്‍ നിന്ന് നാലു ഗോളുകളടിച്ചിരുന്നു.