യുവേഫ അണ്ടര്‍ 19 യൂറോ കപ്പ് കിരീടം സ്വന്തമാക്കി സ്‌പെയ്ന്‍. ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്പാനിഷ് യുവനിര യൂറോപ്പിന്റെ നെറുകയില്‍ എത്തിയത്.
നോര്‍ത്തേണ്‍ അയര്‍ലാന്‍ഡിലെ വിന്‍സര്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനില്‍ ആയിരുന്നു സ്‌പെയിന്‍ കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയായിരുന്നു ഫ്രാന്‍സ് പിന്തുടര്‍ന്നത്.
മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സ്‌പെയ്ന്‍ മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. 41ാം മിനിട്ടില്‍ ഐക്കര്‍ ബ്രാവോയിലൂടെയാണ് സ്‌പെയ്ന്‍ ലക്ഷ്യം കണ്ടത്.
ഒടുവില്‍ ആദ്യപകുതി ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ടുനിന്ന ആത്മവിശ്വാസവുമായി ഇറങ്ങിയ സ്പാനിഷ് പട രണ്ടാം പകുതിയിലും തങ്ങളുടെ പോരാട്ടം തുടരുകയായിരുന്നു.
68ാം മിനിട്ടില്‍ ഫ്രഞ്ച് താരം ജെറമി ജാക്കെറ്റിന്റെ സെൽഫ് ഗോളിലൂടെ സ്‌പെയ്ന്‍ ഗോള്‍ നേട്ടം രണ്ടാക്കി മാറ്റുകയായിരുന്നു. ഈ ഗോള്‍ പിറന്നതിന് ആറു മിനിട്ടുകള്‍ക്കു ശേഷം ഫ്രാന്‍സ് താരം യോനി ഗോമീസ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്താവുകയായിരുന്നു.
ഇതോടെ ബാക്കിയുള്ള നിമിഷങ്ങളില്‍ പത്ത് പേരുമായി ചുരുങ്ങിയ ഫ്രാന്‍സിന് മത്സരത്തിലേക്ക് തിരിച്ചു വരുക എന്നുള്ളത് അസാധ്യമായി മാറുകയായിരുന്നു.
അടുത്തിടെ അവസാനിച്ച ജര്‍മനിയില്‍ വെച്ച് നടന്ന യൂറോ കപ്പും സ്‌പെയ്ന്‍ ആയിരുന്നു നേടിയിരുന്നത്. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയായിരുന്നു സ്പാനിഷ് പട യൂറോകപ്പ് നേടിയത്.
ഒരു മത്സരം പോലും പരാജയപ്പെടാതെയായിരുന്നു സ്‌പെയ്ന്‍ യൂറോകപ്പ് സ്വന്തമാക്കിയത്. സ്പാനിഷ് ഫുട്‌ബോള്‍ ചരിത്രത്തിലെ നാലാം യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ആയിരുന്നു ഇത്.
ഇതിനുപിന്നാലെ യൂറോകപ്പ് ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കുന്ന ടീമായി മാറാനും സ്‌പെയ്‌നിന് സാധിച്ചു. മൂന്ന് തവണ യൂറോ കിരീടം സ്വന്തമാക്കിയ ജര്‍മനിയെയും ഇറ്റലിയെയും മറികടന്നു കൊണ്ടാണ് സ്‌പെയ്ന്‍ ഈ നേട്ടം സ്വന്തമാക്കിയത്.
സമീപകാലങ്ങളില്‍ ഫുട്‌ബോളിലെ പല ടൂര്‍ണമെന്റുകളിലും സ്‌പെയ്ന്‍ വാരിക്കൂട്ടിയ കിരീടങ്ങള്‍ക്ക് കയ്യും കണക്കുമില്ല.
വിമണ്‍സ് വേള്‍ഡ് കപ്പ്, മെന്‍സ് യൂറോകപ്പ്, മെന്‍സ് നാഷന്‍സ് ലീഗ്, വിമണ്‍സ് നാഷന്‍സ് ലീഗ്, വിമണ്‍സ് അണ്ടര്‍ 17, 20 വേള്‍ഡ് കപ്പ്, വിമണ്‍സ് അണ്ടര്‍ 17, 19 യൂറോകപ്പ് എന്നീ ടൂര്‍ണമെന്റുകളുടെ എല്ലാം അവസാന എഡിഷനുകളിലും സ്‌പെയ്‌നായിരുന്നു ചാമ്പ്യന്മാർ.
Content Highlight: Spain Won The Under 19 Euro Cup 2024