2024 പാരീസ് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടി സ്‌പെയ്ന്‍. എട്ട് ഗോളുകള്‍ പിറന്ന ആവേശകരമായ ഫൈനലില്‍ ഫ്രാന്‍സിനെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് സ്പാനിഷ് പട പരാജയപ്പടുത്തിയത്. നീണ്ട 34 വര്‍ഷങ്ങള്‍ക്കുശേഷമാണ് സ്‌പെയ്ന്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടുന്നത്.
മത്സരത്തില്‍ സ്‌പെയിനിന് വേണ്ടി ഇരട്ട ഗോള്‍ നേടി ഫെര്‍മിന്‍ ലോപ്പസും കാമെല്ലോയും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. മത്സരം തുടങ്ങി 11ാം മിനിട്ടില്‍ തന്നെ മിലോട്ടിലൂടെ ഫ്രാന്‍സാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ പിന്നീടുള്ള 19 മിനിട്ടുകള്‍ക്കുള്ളില്‍ മൂന്ന് മിനിട്ടുകള്‍ ഫ്രഞ്ച് പോസ്റ്റിലേക്ക് അടിച്ചു കയറ്റി സ്പാനിഷ് പട മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായായിരുന്നു.
18, 25 എന്നീ മിനിട്ടുകളില്‍ ലോപ്പസിന്റെ ബൂട്ടുകള്‍ കൃത്യമായി ലക്ഷ്യം കണ്ടപ്പോള്‍ 28ാം മിനിട്ടില്‍ അലക്‌സ് ബീനയും ഗോള്‍ നേടി. ഒടുവില്‍ ആദ്യ പകുതിയില്‍ 3-1ന്റെ ശക്തമായ ആധിപത്യത്തോടെ മത്സരം അവസാനിക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ ഫ്രാന്‍സ് മികച്ച നീക്കങ്ങള്‍ നടത്തി. ഒടുവില്‍ 79ാം മിനിട്ടില്‍ മാഗ്‌നസിലൂടെ ഫ്രാന്‍സ് രണ്ടാം ഗോള്‍ നേടി. ഇതിനുശേഷം സമനിലക്കായി മികച്ച അക്രമണങ്ങള്‍ നടത്തിയ ഫ്രാന്‍സ് മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മറ്റേറ്റയിലൂടെ ലക്ഷ്യം കാണുകയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലിലും സെമിഫൈനലിലും നടത്തിയ തന്റെ ഗോളടി മികവ് ഫൈനലിലും ആവര്‍ത്തിക്കുകയായിരുന്നു മറ്റേറ്റ.
ഒടുവില്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. മത്സരത്തിന്റെ അധിക സമയത്ത് ഇരട്ട ഗോള്‍ നേടിക്കൊണ്ട് കാമെല്ലോയാണ് സ്‌പെയ്‌നിന് ആവേശകരമായ വിജയം സമ്മാനിച്ചത്. 100ാം മിനിട്ടില്‍ ആയിരുന്നു താരം ആദ്യ ഗോള്‍ നേടിയത്. എക്‌സ്ട്രാ ടൈമിലെ ഇഞ്ചുറി ടൈമിലായിരുന്നു താരത്തിന്റെ രണ്ടാം ഗോള്‍ പിറന്നത്.
ഈ വിജയത്തിന് പിന്നാലെ സമീപകാലങ്ങളില്‍ നടന്ന പ്രധാന ടൂര്‍ണമെന്റുകളിന്റെയെല്ലാം നെറുകയില്‍ എത്താനും സ്‌പെയ്‌നിന് സാധിച്ചു. യൂറോ കപ്പ്, അണ്ടര്‍ 19 യൂറോ കപ്പ്, അണ്ടര്‍ 19 വിമണ്‍സ് യൂറോ കപ്പ്, വിമണ്‍സ് വേള്‍ഡ് കപ്പ്, നേഷന്‍സ് ലീഗ്, വിമണ്‍സ് നേഷന്‍സ് ലീഗ് എന്നീ ടൂര്‍ണമെന്റുകളിലെയെല്ലാം നിലവിലെ ചാമ്പ്യന്‍മാര്‍ സ്‌പെയ്ന്‍ ആണ്.
Content Highlight: Spain Won Gold Medal In Paris Olympics 2024 Football