യൂറോ കപ്പില്‍ വീണ്ടും സ്പാനിഷ് വസന്തം. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്‌പെയ്ന്‍ നാലാം തവണയും യൂറോ കപ്പ് കിരീടം ശിരസിലണിഞ്ഞത്.
ബെര്‍ലിനിലെ ഒളിംപിയസ്റ്റേഡിയോണില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഹാരി കെയ്‌നിന്റെ കണ്ണുനീര്‍ വീണ്ടും മൈതാനത്ത് വീണപ്പോള്‍ പുതുചരിത്രമെഴുതിയാണ് സ്‌പെയ്ന്‍ ചരിത്രമെഴുതിയത്. ഈ വിജയത്തിന് പിന്നാലെ യൂറോ ചരിത്രത്തില്‍ ഏറ്റവുമധികം കിരീടം നേടുന്ന ടീം എന്ന ഖ്യാതിയാണ് സ്‌പെയ്ന്‍ സ്വന്തമാക്കിയത്. 2008ലും 2012ലും തുടര്‍ച്ചയായി വിജയിച്ചതടക്കം നാല് തവണയാണ് ലാ റോജ യൂറോപ്പിന്റെ രാജാക്കന്‍മാരായത്.
2024ലെ വിജയത്തോടെ മറ്റൊരു നേട്ടവും സ്‌പെയ്ന്‍ സ്വന്തമാക്കി. എക്‌സ്ട്രാ ടൈമിലേക്ക് മത്സരം നീളാതെ തുടര്‍ച്ചയായി മൂന്ന് യൂറോ ഫൈനലുകള്‍ വിജയിക്കുന്ന ടീം എന്ന നേട്ടമാണ് സ്പാനിഷ് പട സ്വന്തമാക്കിയത്.
2012ലും 2008ലുമാണ് ഇതിന് മുമ്പ് യൂറോ കപ്പ് എക്‌സ്ട്രാ ടൈമിലേക്ക് നീളാതിരുന്നത്. ഈ രണ്ട് തവണയും സ്‌പെയ്ന്‍ തന്നെയായിരുന്നു കിരീടമണിഞ്ഞത്. 2016ല്‍ പോര്‍ച്ചുഗല്‍ കിരീടം ചൂടിപ്പോള്‍ മത്സരത്തിന്റെ 109ാം മിനിട്ടിലാണ് ഗോള്‍ പിറന്നത്. 2020ലാകട്ടെ എക്ട്‌സ്ട്രാ ടൈമിന് ശേഷവും മത്സരം സമനിലയിലാവുകയും പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ വിജയികളെ കണ്ടെത്തുകയുമായിരുന്നു.
2012ല്‍ എതിരില്ലാത്ത നാല് ഗോളിന് ഇറ്റലിയെ പരാജയപ്പെടുത്തിയാണ് സ്‌പെയ്ന്‍ കപ്പുയര്‍ത്തിയത്. മത്സരത്തിന്റെ 14ാം മിനിട്ടില്‍ തുടങ്ങിയ ഗോള്‍ വേട്ട സ്‌പെയ്ന്‍ അവസാനിപ്പച്ചത് 88ാം മിനിട്ടിലാണ്. ഡേവിഡ് സില്‍വ (14ാം മിനിട്ട്), ജോര്‍ഡി ആല്‍ബ (41ാം മിനിട്ട്), ഫെര്‍ണാണ്ടോ ടോറസ് (84ാം മിനിട്ട്), യുവാന്‍ മാട്ട (88ാം മിനിട്ട്) എന്നിവരായിരുന്നു ഗോള്‍ വേട്ടക്കാര്‍.
2008ലാകട്ടെ ജര്‍മനിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് റെഡ് സ്‌ക്വാഡ് തങ്ങളുടെ ചരിത്രത്തിലെ രണ്ടാമത് കിരീടമണിഞ്ഞത്. 33ാം മിനിട്ടില്‍ ഫെര്‍മാണ്ടോ ടോറസായിരുന്നു ഗോള്‍ നേടിയത്.
ഈ യൂറോ കപ്പില്‍ സ്‌പെയ്‌നിന്റെ സമ്പൂര്‍ണ ആധിപത്യത്തിനാണ് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്. ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് സ്പാനിഷ് പട യൂറോപ്പ് കീഴടക്കിയത്. ഇതോടെ യൂറോകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിക്കുന്ന ടീമായി മാറാനും സ്പെയ്നിന് സാധിച്ചു.
മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതി തുടങ്ങി 47ാംമിനിട്ടില്‍ നിക്കോ വില്യംസിലൂടെയാണ് സ്പെയ്ന്‍ ലീഡ് നേടിയത്. ഇംഗ്ലീഷ് പ്രതിരോധത്തെ മറികടന്നുകൊണ്ട് താരം ലക്ഷ്യം കാണുകയായിരുന്നു.
എന്നാല്‍ 73ാംമിനിട്ടില്‍ പകരക്കാരനായി ഇറങ്ങിയ യുവതാരം കോള്‍ പാമറിലൂടെ ഇംഗ്ലണ്ട് ഗോള്‍ മടക്കി. പെനാല്‍ട്ടി ബോക്സിന് പുറത്ത് നിന്നും ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ താരം ലക്ഷ്യം കാണുകയായിരുന്നു.
എന്നാല്‍ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ മൈക്കല്‍ ഒയാര്‍സബലിലൂടെ സ്പെയ്ന്‍ വിജയഗോള്‍ നേടുകയായിരുന്നു. ഇംഗ്ലണ്ട് പോസ്റ്റില്‍ നിന്നും ഒരു ഫസ്റ്റ് ടച്ചിലൂടെയാണ് മൈക്കല്‍ സ്പെയ്നിന്റെ വിജയഗോള്‍ നേടിയത്.
Content highlight: Spain with a unique record