ഇന്ന് യുവേഫ നാഷൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ സ്‌പെയ്ൻ പോർചുഗലിനെയാണ് നേരിടുന്നത്. നവംബറിൽ നടക്കുന്ന ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പ് മത്സരം കൂടിയാണ് പോർചുഗലിൽ അരങ്ങേറുന്ന ഈ ലീഗ് മത്സരങ്ങൾ.
നാഷൻസ് ലീഗ് ഫൈനൽ നാലിൽ ഇടം നേടുന്നതിനായി തങ്ങളുടെ മുഴുവൻ ശ്രദ്ധയും മത്സരത്തിലായിരിക്കുമെന്ന് സ്‌പെയ്ൻ കോച്ച് ലൂയിസ് എൻറിക്വെ പറഞ്ഞിരുന്നു. മറ്റു മാർഗങ്ങളൊന്നുമില്ലെന്നും ഇത് തങ്ങളുടെ ഫൈനൽ മത്സരമായി കണക്കാക്കുന്നതിനാൽ മികച്ച പ്രകടനം കാഴ്ച വെക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘മത്സരത്തിൽ ഞങ്ങളുടെ മികച്ച താരങ്ങൾ കളിക്കും, മറ്റ് ടെസ്റ്റുകളോ റൊട്ടേഷനുകളോ ഉണ്ടായിരിക്കില്ല. മത്സരം എങ്ങനെയിരിക്കുമെന്ന് ഞങ്ങൾ പ്രവചിക്കുകയോ മറ്റ് ഊഹാഭോഹങ്ങളെ കുറിച്ച് ആവലാതിപ്പെടുകയോ ചെയ്യില്ല, ഇത് ഫൈനൽ ആണെന്ന് കരുതി ജയിക്കാൻ വേണ്ടി ഞങ്ങൾ പൊരുതും, മറ്റ് വഴികളൊന്നുമില്ല,’ -അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പോർചുഗൽ ചെക്ക് റിപ്പബ്ലിക്കിനെ നിലംപരിശാക്കിയത്. അതേസമയം സ്‌പെയ്ൻ സ്വിറ്റ്‌സർലാൻഡിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ മത്സരങ്ങൾ താരതമ്യം ചെയ്യുമ്പോൾ ഇന്നത്തെ ഏറ്റുമുട്ടലിൽ വിജയസാധ്യത പോർചുഗലിന് അവകാശപ്പെടാനാകും.
പോർചുഗൽ മികച്ച ടീമാണെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് സ്‌പെയ്‌നിന്റെ പരിശീലകൻ. തങ്ങളുടെ ടീമിനെക്കാൽ മികച്ച താരങ്ങൾ പോർചുഗലിലുണ്ടെന്നും എന്നാൽ ശക്തമായി പൊരുതാൻ തന്നെയാണ് തീരുമാനമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
‘തീർച്ചയായും സ്പെയ്ൻ ഒരു മികച്ച ടീമാണെന്നും അവർ ശക്തമായി തന്നെ ഞങ്ങളിലേക്ക് വരുമെന്നും ഞങ്ങൾക്കറിയാം. മികച്ച ടീമാണെന്നതിന്റെ ആദരവ് ഞങ്ങൾ അവരോട് കാണിക്കുന്നുണ്ട്, എന്ന് കരുതി തോറ്റുകൊടുക്കാൻ തയ്യാറല്ല,” അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം സ്വിസിനോട് തോറ്റ് മടങ്ങിയ ടീമിനെ നേരിടാൻ തന്റെ ടീം സജ്ജരാണെന്നാണ് പോർചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് പറഞ്ഞത്.
നിലവിൽ പോർചുഗലാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ളത്. 10 പോയിന്റാണ് നിലവിൽ പറങ്കിപ്പടയുടെ അക്കൗണ്ടിലുള്ളത്. എട്ട് പോയിന്റുമായി സ്‌പെയ്ൻ രണ്ടാം സ്ഥാനത്താണ്.
ഇന്ന് രാത്രി ഇന്ത്യൻ സമയം 12.15ന് പോർചുഗലിലാണ് മത്സരം നടക്കുക.
Content Highlights: Spain will play Portugal like it’s final says Luis enrique