| Tuesday, 10th September 2024, 9:30 pm

മെസി വീണ്ടും ബാഴ്സയുടെ മണ്ണിൽ പന്തുതട്ടാനെത്തുന്നു? ആവേശത്തിൽ ഫുട്ബോൾ ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോ കപ്പ് ചാമ്പ്യന്മാരായ സ്പെയ്നും കോപ്പ അമേരിക്ക ജേതാക്കളായ അര്‍ജന്റീനയും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുന്ന ഫൈനല്‍സീമ ടൂര്‍ണമെന്റിനാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്. ഈ ഫൈനല്‍സീമ അടുത്തവര്‍ഷം നടക്കാനുള്ള സാധ്യതകള്‍ കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍ നിലനിന്നിരുന്നു.

2026 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ യുവേഫ നേഷന്‍സ് ലീഗ് എന്നീ മത്സരങ്ങള്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഫൈനല്‍സീമ മത്സരം എപ്പോള്‍ നടത്തുമെന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി നിന്നിരുന്നു.

അടുത്തവര്‍ഷം അര്‍ജന്റീനക്കും സ്പെയ്നിനും ഒരുപാട് ഇന്റര്‍നാഷണല്‍ മത്സരങ്ങളാണ് ഉള്ളത്. അര്‍ജന്റീന ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ബൂട്ട് കെട്ടുമ്പോള്‍ സ്പാനിഷ് പട നേഷന്‍സ് ലീഗിലും കളിക്കും. ഈ സാഹചര്യത്തില്‍ ഫൈനല്‍ സീമ നടക്കുമോ എന്ന കാര്യത്തില്‍ ഒരു വ്യക്തത ഇല്ലായിരുന്നു.

ഇപ്പോഴിതാ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് ഫൈനല്‍സീമ ടൂര്‍ണമെന്റിന്റെ  ഒരു വലിയ അപ്‌ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. 2026 മാര്‍ച്ച് മാസത്തില്‍ ഫൈനല്‍സീമ നടക്കുമെന്നാണ് അര്‍ജന്റൈന്‍ മാധ്യമ പ്രവര്‍ത്തകനായ ഗസ്റ്റോണ്‍ എഡ്യുലിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഇതിന് പുറമെ ഈ ടൂര്‍ണമെന്റ് സൗത്ത് അമേരിക്കയില്‍ വെച്ച് നടക്കില്ലെന്നും സ്പെയിനില്‍ വെച്ചാണ് നടക്കാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയുടെ തട്ടകമായ ക്യാമ്പ്നൗവിൽ ഈ മത്സരം നടക്കാനും സാധ്യതകളുണ്ട്. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്ക് തന്റെ പഴയ തട്ടകമായ ക്യാമ്പ് നൗവില്‍ വീണ്ടും ബൂട്ട് കെട്ടാന്‍ സാധിക്കും.

ബാഴ്സലോണക്കായി നീണ്ട 17 വര്‍ഷക്കാലത്തെ അവിസ്മരണീയമായ ഒരു ഫുട്ബോള്‍ കരിയര്‍ ആണ് മെസി കെട്ടിപ്പടുത്തുയര്‍ത്തിയത്. സ്പാനിഷ് വമ്പന്മാര്‍ക്കൊപ്പം 778 മത്സരങ്ങളില്‍ ബൂട്ട്കെട്ടിയ മെസി 672 ഗോളുകളാണ് അടിച്ചുകൂട്ടിയത്.

കറ്റാലന്‍മാര്‍ക്കൊപ്പം നീണ്ട വര്‍ഷത്തെ ഫുട്ബോള്‍ ഒരു പിടി കിരീടനേട്ടങ്ങളിലും പങ്കാളിയാവാന്‍ മെസിക്ക് സാധിച്ചിട്ടുണ്ട്. 10 ലാ ലിഗ, നാല് ചാമ്പ്യന്‍സ് ലീഗ് തുടങ്ങി മറ്റനവധി ട്രോഫികള്‍ മെസി ബാഴ്സയില്‍ പന്തുതട്ടി നേടിയിട്ടുണ്ട്.

2021ലാണ് മെസി ബാഴ്സയില്‍ നിന്നും ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനിലേക്ക് ചേക്കേറുന്നത്. അവിടെ നിന്നും 2023ല്‍ താരം എം.എല്‍.എസിലേക്ക് കൂടു മാറുകയും ചെയ്തു.

1985ലാണ് ഫൈനല്‍ സീമ എന്ന ടൂര്‍ണമെന്റ് ആദ്യമായി നടക്കുന്നത്. എന്നാല്‍ ഇത് പിന്നീട് 1993 നിര്‍ത്തലാക്കുകയായിരുന്നു. എന്നാല്‍ നീണ്ട 29 വര്‍ഷങ്ങള്‍ക്ക് ശേഷം 2022ല്‍ വീണ്ടും ഈ ടൂര്‍ണമെന്റ് തിരിച്ചുവരികയായിരുന്നു. അവസാനമായി നടന്ന ഫൈനല്‍ സീമ വിജയിച്ചിരുന്നത് അര്‍ജന്റീന ആയിരുന്നു. മത്സരത്തില്‍ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു അര്‍ജന്റീന കിരീടം ചൂടിയത്.

അതേസമയം യൂറോ കപ്പിലിന്റെ കലാശപോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സ്പാനിഷ് പട കിരീടം ചൂടിയത്. യൂറോ കപ്പില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയായിരുന്നു സ്പെയ്ന്‍ യൂറോപ്പിന്റെ നെറുകയില്‍ എത്തിയത്.

യൂറോകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടീം ഒരു മത്സരം പോലും പരാജയപ്പെടാതെ കിരീടം സ്വന്തമാക്കുന്നത്. സ്പാനിഷ് പടയുടെ നാലാം യൂറോ കിരീടമായിരുന്നു ഇത്. ഇതിന് പിന്നാലെ യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന ടീമായി മാറാനും സ്പെയ്നിന് സാധിച്ചിരുന്നു. മൂന്ന് കിരീടങ്ങള്‍ വീതം നേടിയ ഇറ്റലിയെയും ജര്‍മനിയെയും മറികടന്നുകൊണ്ടാണ് സ്പെയ്ന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

മറുഭാഗത്ത് കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയുമായിരുന്നു അര്‍ജന്റീന കിരീടം ഉയര്‍ത്തിയത്. കോപ്പയിലെ അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കിരീടവും ചരിത്രത്തിലെ തങ്ങളുടെ പതിനാറാം കിരീടവും ആയിരുന്നു ഇത്. ഇതോടെ 15 കോപ്പ അമേരിക്ക കിരീടങ്ങള്‍ സ്വന്തമാക്കിയ ഉറുഗ്വായെ മറികടന്നുകൊണ്ട് മുന്നേറാനും ലയണല്‍ സ്‌കലോണിക്കും കൂട്ടര്‍ക്കും സാധിച്ചു.

Content Highlight: Spain vs Argentina Match Finalissima Tournament Upadate

We use cookies to give you the best possible experience. Learn more