മോസ്‌കോ: ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങാന്‍ 24 മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സ്‌പെയിന്‍ ടീം പരിശീലകനെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്‌പെയിനിന്റെ നിലവിലെ കോച്ചായ ജൂലെന്‍ ലൊപെട്ട്ഗുറ്റ് റയല്‍ മഡ്രിഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തേക്കും എന്ന വാര്‍ത്തകളെ തുടര്‍ന്നാണ് നീക്കം.
സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷനും ഫെഡറേഷന്റെ പുതിയ പ്രസിഡന്റ് ലൂയിസ് റുബിയാലെസും സ്‌പെയിന്‍ കോച്ചിന്റെ നീക്കത്തില്‍ അതൃപ്തരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റുബിയാലെസ് ഇന്നലെ ഫിഫ കോണ്‍ഗ്രസില്‍ നിന്നും ക്രാസന്‍ഡോറിലുള്ള സ്‌പെയിന്‍ ക്യാമ്പിലേക്ക് തിരിച്ചിട്ടുണ്ട്.
ഇന്ന് നടക്കാനിരിക്കുന്ന വാര്‍ത്ത സമ്മേളനത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം സ്‌പെയിന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കൈക്കൊള്ളും. ഫുട്‌ബോള്‍ ലോകകപ്പ് കഴിയുന്നത് വരെ തുടരാന്‍ അനുവദിച്ചാലും തുടര്‍ന്ന് സ്‌പെയിന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ലൊപെട്ട്ഗയിക്ക് അവസരമുണ്ടായേക്കില്ല.
ലൊപെട്ട്ഗയ്ക്ക് അവസരം നഷ്ടമാവുകയാണെങ്കില്‍ സ്‌പെയിന്‍ സ്‌പോര്‍ട്ട്‌സ് ഡയറക്ടര്‍ ഫെര്‍ണാഡിഞ്ഞോ ഹെയ്‌റോയോ, അണ്ടര്‍ 21 ടീമിന്റെ പരിശീലകനായ ആല്ബര്‍ട്ട് സെലാഡെസോ സ്ഥാനം ഏറ്റെടുത്തേക്കും.