മാഡ്രിഡ്: ഇസ്രഈലിലേക്കുള്ള കയറ്റുമതിയും ആയുധ വില്പനയും നിർത്തലാക്കി സ്പെയിൻ. ഒക്ടോബർ ഏഴിന് ഗസയിൽ ഇസ്രഈൽ ആക്രമണം ആരംഭിച്ചത് മുതൽ തന്നെ സ്പെയ്ൻ ഇസ്രഈലിലേക്കുള്ള മുഴുവൻ ആയുധ കയറ്റുമതിയും നിർത്തിവെച്ചിരുന്നുവെന്ന് സ്പെയ്‌നിന്റെ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഒക്ടോബറിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ ഫലസ്തീൻ ജനതയുടെ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം അത്യാവശ്യമാണെന്ന് തങ്ങൾ മനസ്സിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ വിധി എല്ലാവരും മാനിക്കണമെന്നും അൽബാരസ് കൂട്ടിച്ചേർത്തു.
പ്രദേശത്തെ സംഘർഷം വ്യാപിക്കുന്നതിനോട് സ്പെയ്നിന് താത്പര്യമില്ലെന്നും ഗസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രഈലിനൊപ്പം സഹവർത്തിത്തത്തോടെ നിലകൊള്ളുന്ന ഫലസ്തീൻ രാഷ്ട്രം വേണമെന്നാണ് സ്പെയ്നിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രഈൽ ഗസയിൽ വംശഹത്യ നടത്തുന്നുവെന്ന ദക്ഷിണാഫ്രിക്കയുടെ പരാതിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിക്ക് പിന്നാലെ ഇസ്രഈലിലേക്കുള്ള ആയുധ വില്പനയും കയറ്റുമതിയും നിർത്തിവെക്കുന്ന രാജ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്പെയിൻ.
ബെൽജിയത്തിലെ വലോണിയ എന്ന പ്രാദേശിക സർക്കാർ ഇസ്രഈലിലേക്ക് ഗൺപൗഡർ കയറ്റുമതി ചെയ്യാനുള്ള ലൈസൻസുകൾ റദ്ദാക്കിയിരുന്നു.
ഇസ്രഈലിന്റെ പ്രതിരോധ കോൺട്രാക്ടർ കമ്പനി എൽബിറ്റ് സിസ്റ്റംസ് ലിമിറ്റഡുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്ന് ജപ്പാനിലെ ഇറ്റോച്ചു കോർപ്പറേഷൻ ഏവിയേഷൻ യൂണിറ്റ് പ്രഖ്യാപിച്ചിരുന്നു.
Content Highlight: Spain suspends arms exports to Israel; reiterates need for Palestine statehood