ലോകകപ്പിനുള്ള ദേശീയ ടീമിള്‍ ഉള്‍പ്പെടുക എന്നത് ഒട്ടുമിക്ക ഫുട്‌ബോള്‍ താരങ്ങളും മനസില്‍ കൊണ്ടുനടക്കുന്ന മോഹമായിരിക്കും. ആ സ്വപ്‌നം കണ്ട രണ്ട് സ്പാനിഷ് കളിക്കാരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ചിലത് സംഭവിച്ചിരിക്കാണ്.
സ്‌പെയിനിന്റെ ഡിഫന്‍ഡര്‍മാരിലൊരാളായ ഹോസെ ഗയ തന്റെ ആദ്യ ലോകകപ്പിനായിട്ടായിരുന്നു ഖത്തറിലെത്തിയത്. സ്‌ക്വാഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ ആഹ്ലാദത്തിലായിരുന്ന വലന്‍സിയ ക്യാപ്റ്റനെ പക്ഷെ നിനച്ചിരിക്കാതെയാണ് പരിക്ക് പിടികൂടിയത്.
പക്ഷെ രണ്ട് ദിവസത്തെ പരിശോധനക്ക് ശേഷം ഹോസെക്ക് ഈ ടൂര്‍ണമെന്റ് കളിക്കാനാവില്ലെന്ന് മെഡിക്കല്‍ വിദഗ്ധര്‍ വിലയിരുത്തി. ഗുരുതരമല്ലെങ്കിലും വിശ്രമം ആവശ്യമാണെന്നും അതുകൊണ്ട് തന്നെ നാട്ടിലേക്ക് മടങ്ങണമെന്നും ടീം ഹോസെയോട് ആവശ്യപ്പെട്ടു.
‘നാഷണല്‍ ടീമീന് വേണ്ടി നാല് വര്‍ഷത്തോളം ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള ഇടം ഗയ നേടിയെടുത്തത്. ഞങ്ങളുടെ പ്രിയപ്പെട്ട ഫുള്‍ ബാക്ക് സ്‌നേഹവും ആദരങ്ങളും അംഗീകാരങ്ങളും നേടിക്കൊണ്ടാണ് ഖത്തറില്‍ നിന്നും മടങ്ങുന്നത്,’ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
നാല് വര്‍ഷത്തിന് ശേഷം 2026ല്‍ തനിക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയോടെ ഖത്തറില്‍ നിന്നും മടങ്ങുന്ന 27കാരനായ ഹോസെക്ക് ആശ്വാസവും സ്‌നേഹവും പകര്‍ന്ന് സ്പാനിഷ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അണിനിരക്കുന്നുണ്ട്.
2022 ലോകകപ്പ് ഹോസെക്ക് നഷ്ടബോധമാണ് നല്‍കിയതെങ്കില്‍ സ്‌പെയിനിലെ മറ്റൊരു കളിക്കാരന് നിനച്ചിരക്കാത്ത സൗഭാഗ്യമാണ് നല്‍കിയിരിക്കുന്നത്. 19കാരനായ അലഹാന്ദ്രോ ബാല്‍ദേയെയാണ് ഹോസെക്ക് പകരം സ്പാനിഷ് ഫുട്‌ബോള്‍ അധികൃതര്‍ ടീമിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.
ദേശീയ ടീമിന്റെ ഭാഗമല്ലാതിരുന്ന ബാല്‍ദേക്ക് ഈ സീസണില്‍ ബാഴ്‌സക്ക് വേണ്ടി പുറത്തെടുത്ത മികച്ച പ്രതിരോധ നീക്കങ്ങളാണ് ഖത്തറിലേക്ക് വഴി തുറന്നത്. ക്യാമ്പ് നൗവില്‍ മിന്നും പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്.
ദേശീയ ടീമിനൊപ്പമുള്ള അരങ്ങേറ്റം ലോകകപ്പില്‍ കുറിക്കാനുള്ള അപൂര്‍വ അവസരമാണ് ബാല്‍ദേയെ തേടിയെത്തിയിരിക്കുന്നത്. ബാല്‍ദേയുടെ കടന്നുവരവിനെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്. ഹോസെയുടെ കുറവ് നികത്താന്‍ താരത്തിന് കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.
Content Highlight: Spain Replace Injured Lef-Back Jose Gaya With Barca’s Alejandro Balde