മാഡ്രിഡ്: ചരിത്രത്തിലെ ഏറ്റവും വലിയ കാലാവസ്ഥ ദുരന്തത്തിന് സാക്ഷിയായതിന് പിന്നാലെ തൊഴിലാളികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി പെയ്ഡ് ക്ലൈമറ്റ് ലീവ് അനുവദിക്കാനൊരുങ്ങി സ്‌പെയ്ന്‍.
മാഡ്രിഡ്: ചരിത്രത്തിലെ ഏറ്റവും വലിയ കാലാവസ്ഥ ദുരന്തത്തിന് സാക്ഷിയായതിന് പിന്നാലെ തൊഴിലാളികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി പെയ്ഡ് ക്ലൈമറ്റ് ലീവ് അനുവദിക്കാനൊരുങ്ങി സ്‌പെയ്ന്‍.
244ഓളം പേരുടെ ജീവന്‍ നഷ്ടപ്പെട്ട മഹാപ്രളയത്തെ അതിജീവിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് സ്‌പെയിനിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്. പുതിയ നിയമ പ്രകാരം കാലവസ്ഥ പ്രതികൂലമായ അടിയന്തര ഘട്ടങ്ങളില്‍ തൊഴിലാളികള്‍ക്ക് നാല് ദിവസം വരെ ശമ്പളത്തോടെ അവധി അനുവദിക്കാന്‍ സാധിക്കും.
കഴിഞ്ഞ മാസമുണ്ടായ പ്രളയത്തില്‍ ദേശീയ കാലാവസ്ഥ ഏജന്‍സി റെഡ് അലര്‍ട്ട് നല്‍കിയെങ്കിലും പല കമ്പനികളും ജീവനക്കാരെ തൊഴില്‍ ചെയ്യാന്‍ അനുവദിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കുന്നതില്‍ അതോറിറ്റികള്‍ പരാജയപ്പെട്ടെന്നും പ്രളയത്തിന്റെ സമയത്ത് ടെലിഫോണ്‍ അലേര്‍ട്ടുകള്‍ വൈകിയാണ് നല്‍കിയതെന്നും രാജ്യത്തെ വിവിധ കമ്പനികള്‍ ആരോപിച്ചിരുന്നു.
കാലാവസ്ഥയിലെ അടിയന്തര സാഹചര്യങ്ങള്‍ക്കനുസരിച്ച് സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് പുതിയ നിയമം രൂപീകരിച്ചതെന്നും ഒരു തൊഴിലാളിയുടേയും ജീവന് ആപത്ത് വരരുതെന്ന് കരുതിയാണ് ഇത്തരമൊരു നിയമ നിര്‍മാണം നടത്തിയതെന്നും തൊഴില്‍ മന്ത്രി യോളണ്ട ഡയസ് പബ്ലിക് ബ്രോഡ്കാസ്റ്ററായ ആര്‍.ടി.വി.ഇയോട് പറഞ്ഞു.
‘അടിയന്തര സാഹചര്യങ്ങളില്‍ അധികാരികള്‍ അപകടസാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുകയാണെങ്കില്‍ തൊഴിലാളികള്‍ ജോലിക്ക് പോകുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണ്ടി വരും,’ തൊഴില്‍ മന്ത്രി പറഞ്ഞു.
അതേസമയം കാനഡയെ മാതൃകയാക്കിയാണ് സ്‌പെയിനിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഇത്തരമൊരു നിയമനിര്‍മാണം നടത്തുന്നതെന്ന് ആര്‍.ടി.വി.ഇ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അടുത്തിടെ പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ 2.3 ബില്യണ്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. 2050 ഓടെ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ഇരട്ടിയാകുമെന്ന് ധനമന്ത്രി കാര്‍ലോസ് കൂപ്പ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത് വലെന്‍സിയയില്‍ ആയിരുന്നു. ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ പ്രസിഡന്റ് കാര്‍ലോസ് മാസോണിന്റെ സര്‍ക്കാരിന് പിഴവ് സംഭവിച്ചു എന്ന കാര്യത്തില്‍ വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും സ്ഥാനം ഒഴിയാന്‍ വിസമ്മതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlight: Spain ready to allow employees paid climate leave after floods