| Saturday, 25th April 2020, 1:22 pm

അന്ന് 1918 ലെ മഹാമാരിയെ തോല്‍പ്പിച്ചു, ഇന്ന് കൊവിഡില്‍ നിന്നും മോചനം; സ്‌പെയിനില്‍ കൊവിഡ് 19 ബാധിച്ച 107 കാരിയ്ക്ക് അസുഖം ഭേദമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാഡ്രിഡ്: സ്‌പെയിനില്‍ കൊവിഡ് 19 ബാധിച്ച 107 കാരിയായ സ്ത്രീയ്ക്ക് രോഗം ഭേദമായി. ലാ ലിന ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അന ഡെല്‍ വാലെ എന്ന വൃദ്ധയാണ് കൊവിഡിനെ തോല്‍പ്പിച്ചത്.

1918 ല്‍ സ്‌പെയിനില്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്‌ളൂവില്‍ നിന്നും കുട്ടിയായ അന ഡെല്‍ അതിജീവിച്ചിരുന്നു. 1918 മുതല്‍ 1920 വരെ 36 മാസങ്ങളിലാണ് സ്പാനിഷ് ഫ്‌ളൂ ദുരിതം വിതച്ചിരുന്നത്.

അന്നത്തെ ലോകജനസംഖ്യയിലെ മൂന്നിലൊന്ന് ശതമാനം ജനങ്ങളേയും രോഗം ബാധിച്ചിരുന്നു. 102 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ച മറ്റൊരു മഹാമാരിയില്‍ നിന്നും അന അതിജീവിച്ചിരിക്കുകയാണ്.

1913 ലാണ് അനയുടെ ജനനം. അനയുടെ നിലവിലെ ആരോഗ്യസ്ഥിതി ശുഭകരമാണെന്നും എന്നാല്‍ അതീവജാഗ്രത പാലിക്കേണ്ട സമയമാണെന്നും ഡോക്ടര്‍ പറയുന്നു.

സ്‌പെയിനില്‍ കൊവിഡ് 19 ബാധിച്ച് ഭേദമാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അന. കഴിഞ്ഞ ദിവസങ്ങളില്‍ 101 വയസ് പ്രായമായ രണ്ട് പേരും രോഗത്തില്‍ നിന്ന് മുക്തി നേടിയിരുന്നു.

സ്‌പെയിനില്‍ 219764 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 22524 പേര്‍ രോഗം ബാധിച്ച് മരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more