'ഇസ്രഈലുമായുള്ള കരാറിന്റെ അടിസ്ഥാനം മനുഷ്യാവകാശം'; യൂറോപ്യൻ യൂണിയൻ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്പെയിനും അയർലൻഡും
World News
'ഇസ്രഈലുമായുള്ള കരാറിന്റെ അടിസ്ഥാനം മനുഷ്യാവകാശം'; യൂറോപ്യൻ യൂണിയൻ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്പെയിനും അയർലൻഡും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th February 2024, 10:37 pm

റോം: ഗസയിൽ ഇസ്രഈൽ മനുഷ്യാവകാശ ലംഘനം നടത്തുന്നുണ്ടോ എന്ന് അടിയന്തരമായി അന്വേഷിക്കാൻ യൂറോപ്യൻ യൂണിയനോട്‌ ആവശ്യപ്പെട്ട് സ്പെയിനും അയർലൻഡും.

സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ഐറിഷ് പ്രധാനമന്ത്രി ലിയോ വരാഡ്കറും ഗസ ദുരന്തത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ കമ്മീഷന് കത്തെഴുതി.

‘റഫയിലെ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഗസയിൽ മനുഷ്യാവകാശങ്ങൾ ബഹുമാനിക്കുന്നതിനുള്ള കടമകൾ ഇസ്രഈൽ നിർവഹിക്കുന്നുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കുവാൻ യൂറോപ്യൻ കമ്മീഷനോട് അയർലൻഡും സ്പെയിനും ആവശ്യപ്പെട്ടു,’ എക്‌സിൽ സാഞ്ചസ് പോസ്റ്റ്‌ ചെയ്തു.

യൂറോപ്യൻ യൂണിയൻ/ഇസ്രഈൽ അസോസിയേഷൻ എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ ഇരുകക്ഷികളുടെയും ബന്ധത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്ന് മനുഷ്യാവകാശങ്ങളും ജനാധിപത്യം മൂല്യങ്ങളും ആദരിക്കുക എന്നതാണെന്നും കത്തിൽ പറയുന്നു.

യൂറോപ്യൻ യൂണിയനും ഇസ്രഈലുമായുള്ള വ്യാപാര ബന്ധം ഉടലെടുത്തത് ഈ കരാറിന്റെ അടിസ്ഥാനത്തിലാണ്. 1995ൽ ഒപ്പുവെച്ച കരാർ 2000ത്തിലാണ് നിലവിൽ വന്നത്.

കത്ത് ലഭിച്ചതായും പരിഗണിക്കുമെന്നും യൂറോപ്യൻ കമ്മീഷൻ വക്താവ് അരിയാന പോടസ്റ്റ മാധ്യമങ്ങളോട് പറഞ്ഞു. കരാറിലെ മനുഷ്യാവകാശ ഘടകങ്ങൾ എങ്ങനെ വിലയിരുത്തുമെന്ന് വ്യക്തമാക്കിയില്ലെങ്കിലും അന്താരാഷ്ട്ര നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് വിദേശകാര്യ വക്താവ് നബീല മസ്രാലി അറിയിച്ചു.

നിലവിൽ തെക്കൻ ഗസയിലേക്കും ഇസ്രഈൽ ആക്രമണം വ്യാപിപ്പിച്ചതിന് പിന്നാലെ 14 ലക്ഷത്തോളം ഫലസ്തീനികൾ റഫയിൽ കുടുങ്ങിയിരിക്കുകയാണ്.

CONTENT HIGHLIGHT: Spain, Ireland urge EU probe into Israeli human rights violations in Gaza