| Sunday, 28th April 2019, 7:34 pm

നാലുവര്‍ഷത്തിനിടെ മൂന്നാം പൊതുതിരഞ്ഞെടുപ്പ്; സ്‌പെയിനിലെ ആദ്യഘട്ട ഫലം ഇന്ന് രാത്രിയോടെ പുറത്തുവരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാഡ്രിഡ്: സ്‌പെയിനില്‍ നാലുവര്‍ഷത്തിനിടെയുള്ള മൂന്നാമത്തെ പൊതുതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഞായറാഴ്ച രാത്രിയോടെ ആദ്യഘട്ട ഫലം പുറത്തുവരുമെന്നാണു പ്രതീക്ഷിക്കുന്നത്.

ഭരണകക്ഷിയായ സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.എസ്.ഒ.ഇ), കണ്‍സര്‍വേറ്റീവ് പീപ്പിള്‍സ് പാര്‍ട്ടി (പി.പി), ഇടതുപക്ഷപാര്‍ട്ടിയായ പൊഡേമോസ്, സിയുഡഡനോസ്, വോക്‌സ് പാര്‍ട്ടി എന്നിവരാണു മത്സരരംഗത്തുള്ള പ്രമുഖകക്ഷികള്‍.

2017-ല്‍ കാറ്റലോണിയയില്‍ നടന്ന സ്വാതന്ത്ര്യപോരാട്ടം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണു രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. വലതുപക്ഷത്തിന്റെ തിരിച്ചുവരവുണ്ടാകുമെങ്കിലും സോഷ്യലിസ്റ്റുകളായ പി.എസ്.ഒ.ഇയ്ക്കാണ് ഏറ്റവുമധികം സീറ്റുകള്‍ നേടാനുള്ള സാധ്യതയെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒരുവര്‍ഷമായി രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ബജറ്റ് ശുപാര്‍ശകള്‍ ഫെബ്രുവരിയില്‍ തള്ളപ്പെട്ടതോടെയാണു വീണ്ടും തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. സോഷ്യലിസ്റ്റ് നേതാവാണ് സാഞ്ചസ്.

ഞായറാഴ്ച രാത്രി എട്ടോടെ വോട്ടെടുപ്പ് കഴിയും. ചിലയിടങ്ങളില്‍ ഒമ്പതുമണിവരെ അതു നീണ്ടേക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 350 അംഗ പാര്‍ലമെന്റില്‍ 84 സീറ്റു മാത്രം നേടിയാണ് സോഷ്യലിസ്റ്റുകള്‍ അധികാരത്തിലെത്തിയത്.

We use cookies to give you the best possible experience. Learn more