| Monday, 2nd July 2012, 3:22 am

ചരിത്രം മാറ്റിയെഴുതി സ്‌പെയിന്‍ വീണ്ടും യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കീവ്: യൂറോപ്യന്‍ ചരിത്രം മാറ്റിയെഴുതി സ്‌പെയിന്‍ യൂറോകപ്പ് കിരീടം നിലനിര്‍ത്തി. അസൂറിപ്പടയെ ഗോള്‍മഴയില്‍ മുക്കിയ സ്‌പെയിനിന്റെ കാളക്കൂറ്റന്മാര്‍ അര്‍ഹിച്ച വിജയം. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് കിരീടത്തില്‍ മുത്തമിട്ട സ്‌പെയിനിന് ഇത് സ്വപ്ന വിജയം കൂടിയാണ്. ഒളിമ്പിക്‌സ് സ്‌റ്റേഡിയത്തില്‍ അസൂറിപ്പടയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് കാളക്കൂറ്റന്മാര്‍ ചരിത്രത്തിന്റെ ഭാഗമായത്. യൂറോ കപ്പിന്റെ ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം കൂടിയാണ് സ്‌പെയിന്‍.

കളിയില്‍ ആധിപത്യം പുലര്‍ത്തിയ സ്പാനിഷ് പട ആദ്യപകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. പതിനാലാം മിനിറ്റില്‍ ഡേവിഡ് സില്‍വയും നാല്‍പ്പത്തൊന്നാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയും ഇറ്റലിയന്‍ ഗോള്‍വല കീറി. ഗോളുകള്‍ വഴങ്ങിയെങ്കിലും അവസാന നിമിഷം വരെ പോരാട്ട വീര്യത്തോടെ കളിച്ച ഇറ്റാലിയന്‍ പടക്ക് സ്‌പെയിനിനെതിരെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു.

ആദ്യ പകുതിയില്‍ ആധിപത്യം നേടിയ സ്‌പെയിന്‍ രണ്ടാം പകുതിയില്‍ പ്രതിരോധത്തിന്റെ വന്‍മതിലില്‍ ഇറ്റലിയെ ചെറുക്കുകയായിരുന്നു. ലീഡ് നേടിയെങ്കിലും പൂര്‍ണ്ണമായും പ്രതിരോധത്തില്‍ നില്‍ക്കാതെ ആക്രമിച്ചു കളിച്ച സ്‌പെയിന്‍ രണ്ട് ഗോളുകള്‍ കൂടി രണ്ടാം പകുതിയില്‍ നേടി വിജയം ആധികാരികമാക്കി. 84-ാം മിനിറ്റില്‍ സ്പാനിഷ് പടയുടെ സൂപ്പര്‍ താരം ഫെര്‍ണാണ്ടോ ടോറസ് ഇറ്റലിയുടെ ഗോള്‍ കുലുക്കി എതിരാളികളെ ഞെട്ടിച്ചു. ഞെട്ടല്‍ മാറുന്നതിന് മുമ്പേ നാലു മിനിറ്റിനു ശേഷം 88ാം മിനിറ്റില്‍ ജുവാന്‍ മാത്തയിലൂടെ അടുത്ത ഗോള്‍. സ്‌പെയിന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം കൈപ്പിടിയിലൊതുക്കിയ നിമിഷം.

Latest Stories

We use cookies to give you the best possible experience. Learn more