മുംബൈ: അണ്ടര്‍ 17 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടും സ്‌പെയിനും ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ മാലിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് കറ്റാലന്‍മാര്‍ തകര്‍ത്തുവിട്ടു.
ഇതോടെ കലാശപ്പോരിന് രണ്ടു യൂറോപ്യന്‍ വമ്പന്‍മാര്‍ കളത്തിലിറങ്ങും. ആബേല്‍ റൂയിസ് സ്‌പെയിനിനുവേണ്ടി ഇരട്ട ഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ മാലി നിഷ്പ്രഭരായി. എങ്കിലും പോരാട്ടവീര്യം കാണിച്ചാണ് ആഫ്രിക്കന്‍ ചാമ്പ്യന്‍മാര്‍ ടൂര്‍ണ്ണമെന്റില്‍ നിന്നു പുറത്തുപോകുന്നത്.
19-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വിജയകരമായി ലക്ഷ്യത്തിലെത്തിച്ചാണ് റൂയിസ് ഗോള്‍പട്ടിക തുറന്നത്. ആദ്യ പകുതി അവസാനിക്കും മുമ്പ് റൂയിസ് രണ്ടാം ഗോളും നേടി.
രണ്ടാം പകുതിയില്‍ ഫെറാന്‍ ടോറസ് സപെയിനിന്റെ മൂന്നാം ഗോളും നേടി. 74-ാം മിനിറ്റില്‍ ലസ്സാനയിലൂടെയായിരുന്നു മലിയുടെ ആശ്വാസ ഗോള്‍.
Also Read: രണ്ടാമങ്കത്തില്‍ ഇന്ത്യക്ക് ജയം; വിജയം 6 വിക്കറ്റിന്
സ്‌പെയിന്‍ തങ്ങളുടെ സ്വതസിദ്ധമായ ടിക-ടാക ഗെയിമുമായി മത്സരം “കാലിലാക്കിയപ്പോള്‍” മാലി ഇടക്ക് മാത്രം വെല്ലുവിളി ഉയര്‍ത്തി. ഇതിനിടെ 62-ാം മിനിറ്റില്‍ മാലിയുടെ ചീക്ക ഔമറിന്റെ ബോക്‌സിന് പുറത്തു നിന്നുള്ള ഒരു കിടിലന്‍ ഷോട്ട് ഗോള്‍ലൈന്‍ കടന്നെന്ന് ടി.വി റീപ്ലേകള്‍ വ്യക്തമായിരുന്നെങ്കിലും റഫറി ഗോളനുവദിച്ചില്ല.
ശനിയാഴ്ച കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം. നേരത്തെ ബ്രസീലിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ഫൈനലിലെത്തിയിരുന്നു.