ഡൊണെറ്റ്‌സ്‌ക്: യൂറോ കപ്പിന്റെ ആദ്യ സെമി ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനെ 4-2ന് പരാജയപ്പെടുത്തി സ്‌പെയിന്‍ ഫൈനലില്‍. ഗോളൊന്നുമടിക്കാതെ നിശ്ചിതസമയത്തേക്കും അധികസമയത്തേക്കും നീണ്ട പോരാട്ടം ടൈബ്രേക്കറില്‍ അവസാനിക്കുകയായിരുന്നു. ലോകചാമ്പ്യന്‍മാരായ സ്‌പെയിന്‍ തുടക്കത്തില്‍ പിറകിലായെങ്കിലും മെല്ലെ കളിയുടെ മേധാവിത്വത്തിലേക്ക് വരികയായിരുന്നു.
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ സാബി അലോണ്‍സോയുടെ ആദ്യത്തെ കിക്ക് പോര്‍ച്ചുഗല്‍ ഗോളി റൂയി പട്രീഷ്യോ പുറത്തേക്ക് കുത്തിയകറ്റിയപ്പോള്‍ സ്‌പെയിന്‍ പ്രതിരോധത്തിലായെങ്കിലും ഗോളി കാസിയസ് ജോവോ മൗട്ടീന്യോ എടുത്ത പോര്‍ച്ചുഗലിന്റെ ആദ്യത്തെ കിക്ക് തടുത്തതോടെ ടൈബ്രേക്കറും ആവേശമായി. രണ്ടാം കിക്കെടുത്ത ആന്ദ്രെ ഇനിയേസ്റ്റ വല കുലുക്കിയപ്പോള്‍ പെപ്പെ പോര്‍ച്ചുഗലിന് വേണ്ടി സ്‌കോര്‍ ചെയ്തു. സെര്‍ജിയോ റാമോസും ഫാബ്രിഗസും സ്‌പെയിനിനു വേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ പോര്‍ച്ചുഗലിനുവേണ്ടി നാനി പന്ത് ഗോള്‍വലയിലാക്കി. തുടര്‍ന്നു വന്ന ബ്രൂണോ ആല്‍വ്‌സിന്റെ കിക്ക് ക്രോസ് ബാറില്‍ത്തട്ടി ലക്ഷ്യം കാണാതെ പോവുകയായിരുന്നു.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച് സ്‌പെയിനിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു പോര്‍ച്ചുഗലിന്റെ ലക്ഷ്യം. ഇത് സ്‌പെയിന്‍ മേധാവിത്വം നേടാതിരിക്കാനുള്ള തന്ത്രമായിരുന്നു. ആദ്യ മൂന്ന് മിനിറ്റിനിടെ രണ്ട് കോര്‍ണര്‍ കിക്കുകളടക്കം ലഭിക്കുന്ന രീതിയിലുള്ള ആക്രമണമാണ് പോര്‍ച്ചുഗല്‍ സ്‌പെയിനിനെതിരെ അഴിച്ചുവിട്ടത്. കളിയുടെ ആദ്യപകുതിയില്‍ പോര്‍ച്ചുഗല്‍ വ്യക്തമായ മേധാവിത്വം നേടിയെങ്കിലും മുന്നേറ്റങ്ങള്‍ക്കൊന്നും ഗോള്‍വല കുലുക്കാനായില്ല. നാല്‍പതാം മിനിറ്റില്‍ സെര്‍ജിയോ മഞ്ഞക്കാര്‍ഡ് കണ്ടതൊഴിച്ചാല്‍ മത്സരം തീരെ പരുക്കനായിരുന്നില്ല.
തുടക്കത്തില്‍ പതറിയെങ്കിലും കളിയുടെ താളത്തിലേക്ക് പതിയെ തിരിച്ചുവരികയായിരുന്നു സ്‌പെയിന്‍. പോര്‍ച്ചുഗല്‍ ഭാഗത്തേക്ക് ആദ്യ പകുതിയില്‍ അപൂര്‍വമായി മാത്രമാണ് പാസ് പോയത് . ഇടക്കിടെ പോര്‍ച്ചുഗല്‍ ആക്രമിച്ചു കളിച്ചുവെങ്കിലും ഒമ്പതാം മിനിറ്റിലും പതിമൂന്നാം മിനിറ്റിലും ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിലുള്ള ടീം ആക്രമണം സ്‌പെയിനിനെ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ കുറച്ചൊക്കെ വിജയിക്കുകയും ചെയ്തു. സ്‌പെയിന്‍ പതിമൂന്നാം മിനിറ്റില്‍ പ്രത്യാക്രമണം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ഇരുപത്തിയഞ്ചാം മിനിറ്റിലും മുപ്പതാം മിനിറ്റിലും തുടരെ പോര്‍ച്ചുഗല്‍ മുന്നേറ്റം നടത്തിയപ്പോള്‍ ഇരുപത്തിയെട്ടാം മിനിറ്റില്‍ ഇനിയെസ്റ്റയുടെ ഒരു പാഴ്ശ്രമം മാത്രമാണ് സ്‌പെയിനിന്റെ ഭാഗത്തു നിന്നുണ്ടായത്.
രണ്ടാം പകുതി മത്സരം ആവേശകരമായിരുന്നു. മാറ്റങ്ങളൊന്നും കൂടാതെ ടീമുകള്‍ തന്ത്രങ്ങള്‍ മെനഞ്ഞെങ്കിലും ഒന്നും ഗോളാക്കി മാറ്റാന്‍ ഇരു ടീമിനും സാധിച്ചിരുന്നില്ല. സ്‌പെയിന്‍ 55ാം മിനിറ്റില്‍ അല്‍വാരോ നെഗ്രഡോയെ പിന്‍വലിച്ച് മധ്യനിര താരം സെസ്‌ക് ഫാബ്രിഗസിനെ ഇറക്കിയത് കളിയുടെ ഗതിയെ ചെറുതായി മാറ്റാന്‍ കഴിഞ്ഞു. അറുപതാം മിനിറ്റില്‍ ഡേവിഡ് സില്‍വയ്ക്ക് പകരം ജീസസ് നവാസിനെയുമിറക്കി സ്‌പെയിന്‍ ആക്രമിച്ചു കളിക്കാന്‍ തുടങ്ങി. ഇരു ടീമുകളും ആക്രമിച്ചു കളിക്കാന്‍ തുടങ്ങിയ്‌പ്പോള്‍ റഫറിക്ക് മഞ്ഞക്കാര്‍ഡുകളും ഉപയോഗിക്കേണ്ടി വന്നു. ഫൗളുകള്‍ ഉണ്ടായെങ്കിലും കളിയുടെ ആവേശത്തെ കെടുത്തുന്ന രീതിയിലായിരുന്നില്ല.
രണ്ടാം പകുതിയിലും മേധാവിത്വം പോര്‍ച്ചുഗലിനുണ്ടായിട്ടും ഒന്നിനും ലക്ഷ്യം കാണാന്‍ കഴിഞ്ഞിരുന്നില്ല. പെനള്‍ട്ടി ബോക്‌സിന് നേരെ മുന്നില്‍ വീഴ്ത്തിയതിന് 72ാം മിനിറ്റില്‍ ലഭിച്ച ഫ്രീക്കിക്കും 83ാം മിനിറ്റില്‍ ലഭിച്ച കിക്കും ക്രിസ്റ്റ്യാനോ ഗോളിലേക്ക് ലക്ഷ്യം പന്ത് ചെറിയ വ്യത്യാസത്തില്‍ ലക്ഷ്യം കാണാതെ പോകുകയായിരുന്നു. തൊണ്ണൂറാം മിനിറ്റില്‍ നടത്തിയ നീക്കവും കൃസ്റ്റിയാനോയ്ക്ക് വല കുലുക്കാനാകാതെ പോവുകയായിരുന്നു. ഇതോടെ മത്സരം നിശ്ചിത സമയം ഗോള്‍രഹിതമായി പിരിയുകയായിരുന്നു.
നിശ്ചിത തൊണ്ണൂറു മിനിറ്റില്‍ കളിയുടെ മേധാവത്വം പോര്‍ച്ചുഗലിനായിരുന്നുവെങ്കില്‍ എക്‌സ്ട്രാ ടൈമില്‍ സ്‌പെയിന്‍ നല്ല കളി പുറത്തെടുക്കുകയായിരുന്നു. നൂറ്റി മൂന്നാം മിനിറ്റില്‍ ഇനിയസ്റ്റയുടെ ഹെഡര്‍ പോര്‍ചുഗീസ് ഗോള്‍കീപ്പര്‍ റൂയി പാട്രിഷ്യോ രക്ഷപ്പെടുത്തി. നൂറ്റിയഞ്ചാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് സെര്‍ജിയോ റാമോസ് പുറത്തേക്കടിച്ചു. എക്‌സ്ട്രാ ടൈമിന്റെ രണ്ടാംപകുതിയില്‍ കളി പൂര്‍ണ്ണമായും സ്‌പെയിന്‍ കൈയ്യടക്കിയെങ്കിലും ഒട്ടേറെ അവസരങ്ങള്‍ സ്‌പെയിന്‍ നഷ്ടപ്പെടുത്തുകയിയിരുന്നു.