2022 ഖത്തര്‍ ലോകകപ്പിന് മുമ്പ് ബ്രസീല്‍ ടീമിന് സന്തോഷവാര്‍ത്ത. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനെതിരായ സ്‌പെയ്‌നിലെ അഴിമതി കുറ്റം പിന്‍വലിച്ചു. തന്റെ പഴയ ക്ലബ്ബായ സാന്റോസില്‍ നിന്നും ബാഴ്‌സലോണയിലേക്ക് മാറിയപ്പോള്‍ നടന്ന ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു നെയ്മറിനെതിരെ കേസ് നല്‍കിയിരുന്നത്.
2013ലായിരുന്നു നെയ്മര്‍ സാന്റോസില്‍ നിന്നും ബാഴ്‌സയിലേക്ക് തട്ടകം മാറ്റിയത്. എന്നാല്‍ ട്രാന്‍സ്ഫര്‍ ഫീയുമായി ബന്ധപ്പെട്ട് സാന്റോസിലെ താരത്തിന്റെ സ്‌പോണ്‍സര്‍മാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നെയ്മറിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നത്.
നെയ്മര്‍ സാന്റോസിലായിരുന്നപ്പോള്‍ താരത്തിന്റെ 40 ശതമാനവും സ്വന്തമാക്കിയത് നിക്ഷേപ സ്ഥാപനമായിരുന്ന ഡി.ഐ.എസ് ആയിരുന്നു. എന്നാല്‍ സാന്റോസില്‍ നിന്നും ബാഴ്സയിലേക്ക് താരമെത്തിയപ്പോള്‍ നല്‍കിയ 57.1 മില്യണ്‍ യൂറോയില്‍ നിന്നും വളരെ കുറച്ച് മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് ഡി.ഐ.എസിന്റെ വാദം.
57.1 മില്യണിന്റെ 40 ശതമാനമായിരുന്നു തങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്നതെന്നും എന്നാല്‍ അതില്‍ 40 മില്യണ്‍ നേരിട്ട് നെയ്മറിന്റെ കുടുംബത്തിലേക്കാണ് പോയതെന്നും ഡി.ഐ.സ് ആരോപിക്കുന്നു. ശേഷിക്കുന്ന 17.1 മില്യണ്‍ യൂറോയുടെ 40 ശതമാനം മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് കാണിച്ചായിരുന്നു ഡി.ഐ.എസ് നിയമ പോരാട്ടത്തിനൊരുങ്ങിയത്.
തങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ തുക ലഭിക്കണമെന്നാണ് ഡി.ഐ.എസ് ആവശ്യപ്പെടുന്നത്.
‘നെയ്മറിനെ ഉയര്‍ന്ന തുകക്കല്ല അവര്‍ കൈമാറ്റം ചെയ്തത്. 60 മില്യണ്‍ യൂറോ വരെ വാഗ്ദാനം ചെയ്ത ക്ലബ്ബുകള്‍ ഉണ്ടായിരുന്നു,’ ഡി.ഐ.എസിന്റെ അഭിഭാഷകന്‍ പറയുന്നു.
എന്നാല്‍ ഈ കേസ് തങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
നേരത്തെ തന്നെ ഈ കേസ് നിലനില്‍ക്കില്ലെന്നും ഏത് ക്ലബ്ബില്‍ കളിക്കണമെന്നത് നെയ്മറിന്റെ നിയമപരമായ അവകാശമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.
‘ഒരു ക്ലബ്ബില്‍ നിന്നും മറ്റൊന്നിലേക്ക് പോകുന്നത് കളിക്കാരന്റെ താത്പര്യമനുസരിച്ചാണ്. ഫ്രീ കോമ്പറ്റീഷന്‍ നിയമങ്ങളൊന്നും ഇവിടെ ബാധകമല്ല. കളിക്കാരന്‍ എന്തെങ്കിലും തരത്തിലുള്ള ചരക്കോ വസ്തുവോ സേവനമോ അല്ല. അയാള്‍ സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ അവകാശമുള്ള ഒരു മനുഷ്യനാണ്,’ നെയ്മറിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ഡി.ഐ.എസിന്റെ ആരോപണങ്ങളെ നെയ്മര്‍ പൂര്‍ണമായും നിഷേധിച്ചിരുന്നു. എന്നാല്‍ 2017ല്‍ സ്പാനിഷ് ഹൈക്കോടതിക്ക് മുമ്പിലെത്തിയ അപ്പീലില്‍ നെയ്മര്‍ പരാജയപ്പെടുകയായിരുന്നു.
സ്പാനിഷ് പ്രോസിക്യൂട്ടര്‍മാര്‍ നെയ്മറിന് രണ്ട് വര്‍ഷം തടവും പത്ത് മില്യണ്‍ യൂറോ പിഴയും വിധിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേസ് പിന്‍വലിച്ചതിന്റെ പശ്ചാത്തലത്തില്‍ നെയ്മര്‍ പിഴയോടുക്കുകയോ ജയിലില്‍ പോകേണ്ടി വരികയോ ചെയ്യേണ്ടതില്ല.
നെയ്മറിനൊപ്പം അദ്ദേഹത്തിന്റെ മാതാപിതാക്കളും മുന്‍ ബാഴ്സലോണ പ്രസിഡന്റുമാരായ ജോസഫ് മരിയ ബര്‍താമ്യു, സാന്ദ്രോ റോസല്‍ എന്നിവരും വിചാരണക്ക് വിധേയരാകണമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ക്ക് പുറമെ അന്നത്തെ സാന്റോസ് പ്രസിഡന്റായ ഒഡീലിയോ റോഡ്രിഗസും വിചാരണ നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.
Content Highlight: Spain drops corruption charges against Brazil superstar Neymar