ലോകകപ്പില്‍ പണിയെടുക്കാന്‍ ഇവിടെ നിന്ന് ആരും വരില്ല; സ്‌പെയിനിന്റെ തീരുമാനത്തില്‍ വീണ്ടും പണി കിട്ടി ഖത്തര്‍
Sports
ലോകകപ്പില്‍ പണിയെടുക്കാന്‍ ഇവിടെ നിന്ന് ആരും വരില്ല; സ്‌പെയിനിന്റെ തീരുമാനത്തില്‍ വീണ്ടും പണി കിട്ടി ഖത്തര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th October 2022, 4:29 pm

2022ലെ ലോകകപ്പിനുള്ള ഒരുക്കങ്ങളിലാണ് ഖത്തര്‍. ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ തങ്ങളെ കൂടുതല്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതിനും, രാജ്യത്തെ സാമ്പത്തികരംഗത്തിന് പുത്തന്‍ ഊര്‍ജം നല്‍കുന്നതിനും കൂടി വേണ്ടിയാണ് ഖത്തര്‍ ലോകകപ്പിന് വേദിയൊരുക്കാന്‍ തീരുമാനിച്ചത്.

പക്ഷെ ഒന്നിനു പുറകെ ഒന്നായി ചില പ്രതിസന്ധികളും ലോകകപ്പിന് മുമ്പേ ഖത്തറിന് നേരിടേണ്ടി വരുന്നുണ്ട്.

മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ഖത്തറിനെതിരെ പല ലോകരാജ്യങ്ങളും ഫുട്‌ബോള്‍ ടീമുകളും നേരത്തെ തന്നെ അണിനിരക്കുകയും തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ലോകകപ്പ് കാണാനെത്തുന്നവര്‍ പാലിക്കണമെന്നാവശ്യപ്പെട്ട് ഖത്തര്‍ പുറത്തിറക്കിയ പല ചട്ടങ്ങളും വലിയ വിമര്‍ശനമായിരുന്നു ഏറ്റുവാങ്ങിയത്.

ഇതിന് പിന്നാലെ കളി നിയന്ത്രിക്കാന്‍ ആവശ്യമായ സുരക്ഷാജീവനക്കാരും പൊലീസ് സംവിധാനവുമില്ലാതെ കഷ്ടപ്പെടുകയാണ് ഖത്തര്‍ ഇപ്പോള്‍.

മൂന്ന് മില്യണ്‍ മാത്രം മൊത്തം ജനസംഖ്യയുള്ള ഖത്തറില്‍ മാച്ചുകളില്‍ കാണികളെയും മറ്റും നിയന്ത്രിക്കാന്‍ ആളെ കിട്ടുന്നില്ല. റയറ്റ് പൊലീസ് എന്നറിയപ്പെടുന്ന ഈ സുരക്ഷാസംവിധാനത്തില്‍ പ്രവര്‍ത്തിക്കാനായി ആളുകളെ തന്ന് സഹായിക്കണമെന്ന് ഖത്തര്‍ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തിലെ തങ്ങളുടെ പ്രതികരണം അറിയിച്ചിരിക്കുകയാണ് സ്‌പെയിന്‍. റയറ്റ് പൊലീസായി പ്രവര്‍ത്തിക്കാന്‍ തങ്ങളുടെ പൗരന്മാരെയോ ഉദ്യോഗസ്ഥരെയോ വിട്ടുനല്‍കാനാകില്ലെന്നാണ് സ്‌പെയിന്‍ അറിയിച്ചിരിക്കുന്നത്.

ഖത്തറിന്റെ ആവശ്യം സ്‌പെയിന്‍ പരിഗണിക്കുന്നുണ്ടെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. സ്‌പെയിനിലെ പ്രധാന മാധ്യമമായ കഡേന സെര്‍ റേഡിയോ ഇത് സംബന്ധിച്ച ചില വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. 115 ഓഫീസര്‍മാരെ ഖത്തറിലേക്ക് അയക്കുന്ന കാര്യം സ്‌പെയിന്‍ ആലോചിക്കുകയാണ് എന്നായിരുന്നു ഇതിലുണ്ടായത്.

എന്നാല്‍ ആ റിപ്പോര്‍ട്ടുകളെയെല്ലാം നിഷേധിച്ചുകൊണ്ടാണ് ആഭ്യന്തര വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. റയറ്റ് പൊലീസാകാന്‍ ആരെയും ഖത്തറിലേക്ക് അയക്കുന്നില്ലെന്നും ഇതേ കുറിച്ച് കൂടുതല്‍ വിശദീകരണമുണ്ടാകില്ലെന്നും മന്ത്രാലയം പറഞ്ഞു.

അതേസമയം റയറ്റ് പൊലീസാകാന്‍ 3000 പേരെ അയക്കാന്‍ തുര്‍ക്കി തയ്യാറായിട്ടുണ്ട്. കഴിഞ്ഞ മാസം തന്നെ ഇക്കാര്യം തുര്‍ക്കി അറിയിച്ചിരുന്നു.

മതിയായ സുരക്ഷാസംവിധാനമൊരുക്കാന്‍ ഖത്തര്‍ കൂടുതല്‍ രാജ്യങ്ങളുടെ സഹായം തേടുമെന്നാണ് കരുതപ്പെടുന്നത്. മറ്റ് സംവിധാനങ്ങളെ കുറിച്ച് രാജ്യം ആലോചിക്കുമെന്നും പറയപ്പെടുന്നു. നവംബറിലാണ് ഖത്തര്‍ ലോലകപ്പ് ആരംഭിക്കുന്നത്.

Content Highlight: Spain denies Qatar’s request to send people to work in Riot police for FIFA World Cup 2022