| Friday, 17th February 2023, 8:54 am

ആര്‍ത്തവാവധി നല്‍കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി സ്‌പെയ്ന്‍; സുപ്രധാന തീരുമാനവുമായി ഇടത്പക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാഡ്രിഡ്: ആര്‍ത്തവാവധി നല്‍കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി സ്‌പെയ്ന്‍. ആര്‍ത്തവ കാലത്ത് അതികഠിനമായ വേദന അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ആശ്വാസവുമായാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റ് ആര്‍ത്തവാവധി സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

കരടിനെ അനുകൂലിച്ച് 185 പേരും എതിര്‍ത്ത് 154 പേരും വോട്ട് രേഖപ്പെടുത്തി. സോഷ്യലിസ്റ്റ് പാര്‍ട്ടി, തീവ്ര ഇടതുപക്ഷ പോഡെമോസ്, രണ്ട് കാറ്റലന്‍ അനുകൂല സ്വാതന്ത്ര്യ പാര്‍ട്ടികള്‍ എന്നിവയുള്‍പ്പെടെയുള്ള ഇടത് സഖ്യം ബില്ലിനെ പിന്തുണച്ചു. അതേസമയം യാഥാസ്ഥിതിക പോപ്പുലര്‍ പാര്‍ട്ടിയും തീവ്ര വലതുപക്ഷ വോക്‌സും നിയമത്തിനെതിരെ വോട്ട് ചെയ്തു.

ഇത് വനിതാമുന്നേറ്റത്തിന്റെ ചരിത്രപരമായ ദിനമെന്ന് സ്‌പെയ്ന്‍ സമത്വ മന്ത്രി ഐറിന്‍ മൊണ്‍ടേറോ ട്വീറ്റ് ചെയ്തു.

ആര്‍ത്തവ വേദന പലര്‍ക്കും വ്യത്യസ്തമായതിനാല്‍ എത്ര ദിവസം അവധിയെടുക്കാമെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരം അത് തീരുമാനിക്കാമെന്നും നിയമത്തില്‍ വ്യക്തമാക്കി.

എന്നാല്‍ ഇത് ജോലിസ്ഥലത്ത് സ്ത്രീകളെ പിന്തള്ളപ്പെടുത്തുമെന്നും പുരുഷന്മാരെ കൂടുതല്‍ നിയോഗിക്കാനുള്ള കാരണമാകുമെന്നും സ്‌പെയ്‌നിലെ ട്രേഡ് യൂണിയനുകളില്‍ ഒന്നായ യു.ജി.ടി അഭിപ്രായപ്പെട്ടു.

നിയമം സ്ത്രീകള്‍ക്ക് തൊഴില്‍ വിപണിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രധാന പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പോപ്പുലര്‍ പാര്‍ട്ടി പറഞ്ഞു.

മൂന്നില്‍ ഒരു സ്ത്രീ കഠിനമായ ആര്‍ത്തവ വേദനയും അസ്വസ്ഥതകളും അനുഭവിക്കുന്നുണ്ടെന്നാണ് സ്പാനിഷ് ഗൈനക്കോളജി സൊസൈറ്റിയുടെ റിപ്പോര്‍ട്ട്.

2015ലെ മുന്‍ കണ്‍സര്‍വറ്റീവ് പോപുലര്‍ പാര്‍ട്ടി കൊണ്ട് വന്ന നിയമങ്ങളില്‍ നിന്ന് ഭിന്നമായി 16,17 വയസില്‍ മാതാപിതാക്കളുടെ അനുമതിയില്ലാതെ പ്രായപൂര്‍ത്തിയായവര്‍ക്ക് ഗര്‍ഭച്ഛിത്രം നടത്താനും നിയമം അനുവദിക്കുന്നു. നിയമത്തില്‍ സ്‌കൂളുകളിലും ജയിലുകളിലും ആര്‍ത്തവ ഉല്‍പന്നങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നതും ഉള്‍പ്പെടുന്നു.

നിലവില്‍ ജപ്പാന്‍, ഇന്തോനേഷ്യ, സാംബിയ പോലെ വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമേ ലോകത്ത് ആര്‍ത്തവാവധി നല്‍കുന്നത്.

content highlight: Spain becomes first European country to provide menstruation; Left with an important decision

We use cookies to give you the best possible experience. Learn more