യൂറോ യോഗ്യത മത്സരത്തിൽ സ്പെയിൻ നോർവേയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു. ഈ തോൽവിയോടെ എർലിങ് ഹാലാണ്ടും സംഘവും 2024ൽ നടക്കുന്ന യൂറോകപ്പിൽ ഉണ്ടാവില്ല എന്ന് ഉറപ്പായിക്കഴിഞ്ഞു.
യൂറോ യോഗ്യത നേടാൻ വിജയം അനിവാര്യമായ മത്സരത്തിൽ സൂപ്പർ താരം ഹാലണ്ടിന് പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.
90 മിനിട്ടും കളിച്ച താരത്തിന് ഒരു ഷോട്ട് മാത്രമാണ് സ്പാനിഷ് ഗോൾ മുഖത്തേക്ക് അടിക്കാൻ സാധിച്ചത്. 18 ടച്ചുകളും ഹാലാൻണ്ട് നടത്തി. യോഗ്യത മത്സരങ്ങളിൽ അഞ്ച് കളികളിൽ നിന്ന് ആറ് ഗോളുകൾ നേടി മിന്നും ഫോമിലായിരുന്നു താരം. ഈ പ്രകടനം സ്പെയിനിനെതിരെ കാഴ്ചവെക്കാൻ സാധിക്കാതെ പോയതാണ് ടീമിന് തിരിച്ചടിയായത്.
നോർവേയുടെ ഹോം ഗ്രൗണ്ടായ ഉള്ളീവൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4-3-3 എന്ന ഫോർമേഷനിലാണ് സ്പാനിഷ് ടീം കളത്തിലിറങ്ങിയത്. മറുഭാഗത്ത് നോർവേ 4-2-3-1 എന്ന ശൈലിയുമാണ് പിന്തുടർന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും ഇരുടീമിനും സ്കോർ ബോർഡ് ചലിപ്പിക്കാൻ സാധിച്ചില്ല.
രണ്ടാം പകുതിയിൽ 49ാം മിനിട്ടിൽ ബാഴ്‌സലോണ യുവതാരം ഗാവിയാണ് സ്പെയിനിന്റെ വിജയഗോൾ നേടിയത്.
തുടർന്ന് സ്പാനിഷ് പ്രതിരോധം ശക്തമായി നിന്നപ്പോൾ ഗോൾ തിരിച്ചടിക്കാൻ നോർവേക്ക് സാധിച്ചില്ല. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ 1-0ത്തിന് സ്പെയിൻ വിജയിക്കുകയായിരുന്നു.
ജയത്തോടെ സ്പെയിൻ 2024ൽ നടക്കുന്ന യൂറോ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. പോയിന്റ് ടേബിളിൽ ആറ് കളികളിൽ 15 പോയിന്റുമായി സ്കോട്ട്ലാൻഡിനൊപ്പമെത്താനും സ്പെയിനിന് സാധിച്ചു.
അതേസമയം തുടർച്ചയായ ഏഴാം വർഷമാണ് നോർവേക്ക് യൂറോ കളിക്കാനുള്ള അവസരം നഷ്ടമാവുന്നത്. ഇതോടെ പോയിന്റ് പട്ടികയിൽ മുന്നിലുള്ള സ്കോട്ട്ലാൻഡ് യോഗ്യത ഉറപ്പാക്കുകയും ചെയ്തു.
Content Highlight: Spain beat Norway and they disqualified in Euro qualifiers 2024.