| Monday, 15th July 2024, 7:55 am

യൂറോപ്പില്‍ ജര്‍മനിയെയും ഇറ്റലിയെയും രണ്ടാമതാക്കി; ഇംഗ്ലണ്ടിനെ വീഴ്ത്തി ചരിത്രം സൃഷ്ടിച്ച് സ്പെയ്ന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024 യൂറോ കപ്പ് ചാമ്പ്യന്‍മാരായി സ്‌പെയ്ന്‍. ബെര്‍ലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്പാനിഷ് പട യൂറോപ്പിന്റെ നെറുകയില്‍ എത്തിയത്. സ്‌പെയ്‌നിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ നാലാമത്തെ യൂറോപ്യന്‍ കിരീടമാണിത്. 1964, 2008, 2012 എന്നീ വര്‍ഷങ്ങളിലായിരുന്നു സ്പാനിഷ് പട ഇതിന് മുമ്പ് യൂറോ കപ്പ് നേടിയത്.

ഇതോടെ ഒരു ചരിത്രനേട്ടവും സ്‌പെയ്ന്‍ സ്വന്തമാക്കി.  ഏറ്റവും കൂടുതല്‍ തവണ യൂറോകപ്പ് സ്വന്തമാക്കുന്ന ടീമെന്ന നേട്ടമാണ് സ്‌പെയ്‌നിനെ തേടിയെത്തിയത്. മൂന്ന് തവണ ചാമ്പ്യന്മാരായ ഇറ്റലിയെയും ജര്‍മനിയെയും മറികടന്നു കൊണ്ടാണ് സ്‌പെയ്ന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ഈ യൂറോ കപ്പില്‍ സമ്പൂര്‍ണ ആധിപത്യവുമായാണ് സ്‌പെയ്ന്‍ കിരീടം ചൂടിയത്. ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് സ്പാനിഷ് പട യൂറോപ്പ് കീഴടക്കിയത്. ഇതോടെ യൂറോകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിക്കുന്ന ടീമായി മാറാനും സ്‌പെയ്‌നിന് സാധിച്ചു.

അതേസമയം മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതി തുടങ്ങി 47ാം മിനിട്ടില്‍ നിക്കോ വില്യംസിലൂടെയാണ് സ്‌പെയിന്‍ ലീഡ് നേടിയത്. ഇംഗ്ലണ്ട് പ്രതിരോധത്തെ മറികടന്നുകൊണ്ട് താരം ലക്ഷ്യം കാണുകയായിരുന്നു.

എന്നാല്‍ 73ാം മിനിട്ടില്‍ പകരക്കാരനായി ഇറങ്ങിയ യുവതാരം കോള്‍ പാമറിലൂടെ ഇംഗ്ലണ്ട് മറുപടി ഗോള്‍ നേടുകയായിരുന്നു. പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്നും ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ താരം ലക്ഷ്യം കാണുകയായിരുന്നു.

എന്നാല്‍ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ മൈക്കല്‍ ഒയാര്‍സബലിലൂടെ സ്‌പെയ്ന്‍ വിജയഗോള്‍ നേടുകയായിരുന്നു. ഇംഗ്ലണ്ട് പോസ്റ്റില്‍ നിന്നും ഒരു ഫസ്റ്റ് ടച്ചിലൂടെയാണ് മൈക്കല്‍ സ്‌പെയ്‌നിന്റെ വിജയഗോള്‍ നേടിയത്.

മത്സരത്തിന്റെ സര്‍വ്വ മേഖലയിലും ആധിപത്യം പുലര്‍ത്താന്‍ സ്പാനിഷ് പടക്ക് സാധിച്ചിരുന്നു. 66 ശതമാനം ബോള്‍ പൊസഷന്‍ സ്വന്തമാക്കിയ സ്‌പെയ്ന്‍ 16 ഷോട്ടുകളാണ് ഇംഗ്ലണ്ടിന്റെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ ആറെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് ഒമ്പത് ഷോട്ടുകള്‍ ഉന്നം വെച്ച ഇംഗ്ലണ്ട് നാലെണ്ണവും ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിച്ചു.

Content Highlight: Spain beat England and Won Euro Cup 2024

We use cookies to give you the best possible experience. Learn more