2023ലെ ലോക ഫുട്‌ബോള്‍ ചാമ്പന്മാരായി സ്‌പെയ്ന്‍
football news
2023ലെ ലോക ഫുട്‌ബോള്‍ ചാമ്പന്മാരായി സ്‌പെയ്ന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 20th August 2023, 5:54 pm

 

വനിതാ ലോകകപ്പിന് പുതിയ ജേതാക്കള്‍. ഓസട്രേലിയയിലെ സിഡ്‌നിയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് സ്‌പെയ്ന്‍ ജേതാക്കളായത്.

ലോകകപ്പിലെ സ്‌പെയ്‌നിന്റെ രണ്ടാം കിരീടവും വനിതാ ലോകകപ്പിലെ രാജ്യത്തിന്റെ കന്നി കിരീടവുമാണിത്. 29ാം മിനിട്ടില്‍ ഓള്‍ഗ കാര്‍മോണയുടെ ഗോളിലാണ് സ്‌പെയിന്‍ മത്സരത്തില്‍ ലീഡ് നേടിയത്. ഇതോടെ ആന്ദ്രേസ് ഇനിയേസ്റ്റക്ക് ശേഷം ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന സ്പാനിഷ് സീനിയര്‍ താരമാകാന്‍ ഓള്‍ഗ കാര്‍മോണക്കായി.

 

ആദ്യ ഗോളിന് ശേഷം ഇരുടീമുകളും അക്രമിച്ച് കളിച്ചെങ്കിലും നിശ്ചിത സമയവും 13 ഇഞ്ച്വറി സമയവും ലഭിച്ചിട്ടും മത്സരം ഒരു ഗോളില്‍ അവസാനിച്ചു. അവസാന നിമിഷത്തിലടക്കം ഗോള്‍ മടക്കാന്‍ ഇംഗ്ലണ്ട് വലിയ ശ്രമങ്ങള്‍ നടത്തിയെങ്കിലും സ്‌പെയ്ന്‍ പ്രതിരോധം മറികടക്കാനായില്ല.

മത്സരത്തില്‍ 58 ശതമാനവും പന്ത് കയ്യടക്കിവെച്ചത് സ്‌പെയ്‌നായിരുന്നു. സ്‌പെയ്ന്‍ 13 ഷോട്ടുകള്‍ പോസ്റ്റിനെ ലക്ഷമാക്കി തൊടുത്തപ്പോള്‍ ഇംഗ്ലണ്ട് 8 ഷോട്ടുകളെടുത്തു. സ്‌പെയ്‌നിന്റേതായി അഞ്ച് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ പിറന്നപ്പോള്‍ ഇംഗ്ലണ്ടിന്റേതായി മൂന്ന് ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് വന്നു.

 

സ്വീഡനെ കീഴടക്കിയാണ് സ്‌പെയ്ന്‍ നേരത്തെ ഫൈനലില്‍ കടന്നത്. ആതിഥേയരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചായിരുന്ന ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശനം.

 

Content Highlight: Spain as the 2023 world football champions