പാരീസിൽ തീപാറും! യൂറോകപ്പിലെ കണ്ണുനീരിന്‌ പകരം വീട്ടാൻ ഫ്രാൻസും, ഒളിമ്പിക്സ് ചുവപ്പിക്കാൻ സ്പാനിഷ് പടയും
Football
പാരീസിൽ തീപാറും! യൂറോകപ്പിലെ കണ്ണുനീരിന്‌ പകരം വീട്ടാൻ ഫ്രാൻസും, ഒളിമ്പിക്സ് ചുവപ്പിക്കാൻ സ്പാനിഷ് പടയും
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th August 2024, 9:00 am

2024 പാരീസ് ഒളിമ്പിക്‌സ് ഫുട്‌ബോളിലെ ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സും സ്‌പെയ്നും ഏറ്റുമുട്ടും. ഫ്രഞ്ച് പട ഈജിപ്തിനെയും സ്‌പെയ്ന്‍ മൊറോക്കോയെയും വീഴ്ത്തിയാണ് കലാശ പോരാട്ടത്തിന് ടിക്കറ്റ് എടുത്തത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സ്‌പെയ്ന്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മൊറോക്കോയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ 37ാം മിനിട്ടില്‍ സൗഫിയാൻ റഹീമിയിലൂടെ മൊറോക്കോയാണ് ആദ്യം ലീഡ് നേടിയത്.

ഒടുവില്‍ ആദ്യപകുതി ഏകപക്ഷീയമായ ഒരു ഗോളിന്റെ ലീഡുമായി ഇറങ്ങിയ മൊറോക്കോക്ക് രണ്ടാം പകുതിയില്‍ പിഴക്കുകയായിരുന്നു. 65ാം മിനിട്ടില്‍ ഫെർമിൻ ലോപ്പസിലൂടെ സ്‌പെയ്ന്‍ ഒപ്പം പിടിക്കുകയായിരുന്നു. പിന്നീട് 20 മിനിറ്റുകള്‍ക്ക് ശേഷം ജോർജെ സാഞ്ചസിലൂടെ സ്പാനിഷ് പട വിജയ ഗോള്‍ നേടുകയായിരുന്നു.

മറുഭാഗത്ത് രണ്ടാം സെമി ഫൈനലില്‍ ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പട പരാജയപ്പെടുത്തിയത്. മറ്റേറ്റയുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ഫ്രാന്‍സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നതിനുശേഷമായിരുന്നു ഫ്രാന്‍സ് വിജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. 62ാം മിനിട്ടില്‍ സാബറിലൂടെ ഈജിപ്ത് ആണ് ആദ്യ ഗോള്‍ നേടിയത്. ഒടുവില്‍ 83ാം മിനിട്ടില്‍ മറ്റേറ്റയുടെ ഗോളിലൂടെ ഫ്രാന്‍സ് മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനക്കെതിരെ നേടിയ ഗോളടി മികവ് സെമി ഫൈനലിലും ആവര്‍ത്തിക്കുകയായിരുന്നു താരം. ഒടുവില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി തുല്യത പാലിക്കുകയായിരുന്നു.

ഒടുവില്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. 99ാം മിനിട്ടില്‍ മറ്റേറ്റ വീണ്ടും ഈജിപ്തിന്റെ പോസ്റ്റിലേക്ക് പന്തെത്തിച്ചുകൊണ്ട് ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. 108ാം മിനിട്ടില്‍ ഒലീസയിലൂടെ ഫ്രാന്‍സ് മൂന്നാം ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും ഫ്രഞ്ച് പട തങ്ങളുടെ കൈവശമാക്കുകയായിരുന്നു.

അടുത്തിടെ അവസാനിച്ച അണ്ടര്‍ 19 യൂറോകപ്പിന്റെ ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സ്‌പെയ്ന്‍ കിരീടം ചൂടിയിരുന്നു.  2024 യൂറോകപ്പിന്റെ സെമി ഫൈനലിലും സ്‌പെയ്‌നിനോട് പരാജയപ്പെട്ട എന്ന ഫ്രാന്‍സ് പുറത്തായത്. ആ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് പടയുടെ വിജയം.

ഇപ്പോള്‍ വീണ്ടും മറ്റൊരു കലാശ പോരാട്ടത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്വന്തം മണ്ണില്‍ സ്പാനിഷ് പടക്കെതിരെ വിജയിച്ചുകൊണ്ട് അണ്ടര്‍ 19 യൂറോകപ്പിലേറ്റ തോല്‍വിക്ക് കണക്ക് തീര്‍ക്കാനുള്ള സുവര്‍ണാവസരമാണ് ഫ്രാന്‍സിന്റെ മുന്നിലെത്തിനില്‍ക്കുന്നത്. മറുഭാഗത്ത് യൂറോകപ്പ് നേടിയതിന് പിന്നാലെ ഒളിമ്പിക്‌സ് മെഡലും സ്‌പെയ്‌നിന്റെ മണ്ണിലെത്തിക്കാനായിരിക്കും സ്പാനിഷ് പട ലക്ഷ്യം വെക്കുക.

ഓഗസ്റ്റ് ഒമ്പതിനാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. ഓഗസ്റ്റ് എട്ടിന് നടക്കുന്ന വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഈജിപ്തും മൊറോക്കോയും ഏറ്റുമുട്ടും.

 

Content Highlight:Spain and France Qualify 2024 Paris Olymbics Football Final