| Sunday, 12th February 2023, 4:52 pm

തോമാച്ചായന്‍ വീണ്ടും തിയേറ്ററില്‍ നിറഞ്ഞാടുമ്പോള്‍, ഇത് മലയാള സിനിമയുടെ പുത്തന്‍ ട്രെന്റോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുണ്ടും മടക്കികുത്തി റെയ്ബാന്‍ ഗ്ലാസും വെച്ച് ഒരു തലമുറയെ മുഴുവന്‍ കോരിതരിപ്പിച്ച ആടുതോമ വീണ്ടും തിയേറ്ററുകളിലെത്തി. മലയാള സിനിമയിലെ എണ്ണം പറഞ്ഞ ക്ലാസിക്കുകളില്‍ ഒന്നായ സ്ഫടികം വീണ്ടും റിലീസ് ചെയ്തപ്പോള്‍ സിനിമാ ലോകത്ത് പുതിയ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്.

സിനിമയുടെ റീ റിലീസുകളെ സംബന്ധിച്ചാണ് ഇന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യുന്നത്. ഒരു തലമുറ മുഴുവന്‍ തിയേറ്ററുകളില്‍ കണ്ട് കയ്യടിച്ച സിനിമകള്‍ വീണ്ടും അഭ്രപാളിയില്‍ വരുന്നത് ഒരു വിഭാഗത്തിനെ ആനന്ദിപ്പിക്കുമ്പോള്‍, മറ്റൊരു വിഭാഗം പറയുന്നത് നല്ല സിനിമകള്‍ ഇല്ലാത്തത് കൊണ്ടാണ് ഇത്തരത്തില്‍ റീ റിലീസ് ചെയ്യുന്നതെന്നാണ്. എല്ലാ കാര്യത്തിലേതും എന്നപോലെ ഇവിടെയും അഭിപ്രായങ്ങള്‍ പലവിധമാണ്.

ഇക്കാര്യത്തിലുള്ള ചില സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ നമുക്കൊന്ന് പരിശോധിക്കാം. തമിഴ് സിനിമയിലൊക്കെ റീ റിലീസുകള്‍ നേരത്തെ മുതല്‍ തന്നെ ഒരു ആഘോഷമാണ്. വിജയ്, രജനികാന്ത്, അജിത് പോലെയുള്ള താരങ്ങളുടെ ജന്മദിനങ്ങളില്‍ മറ്റും ഇത്തരത്തില്‍ വര്‍ഷം തോറും അവിടങ്ങളില്‍ പഴയ സിനിമകള്‍ റീ റിലീസ് ചെയ്യാറുണ്ട്.

എന്നാല്‍ മലയാള സിനിമക്ക് ഇത് അത്ര പരിചിതമായ ഒന്നല്ല. അതുകൊണ്ട് തന്നെയാണ് സ്ഫടികം തിയേറ്ററുകളില്‍ വീണ്ടും വരുമ്പോള്‍ ഇത് വേണോ വേണ്ടയോ എന്ന ചര്‍ച്ചകള്‍ നടക്കുന്നത്. സ്ഫടികം മാത്രമല്ല 2022ല്‍ വലിയ ഹിറ്റായി മാറിയ വിനീത് ശ്രീനിവാസന്റെ ഹൃദയവും ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തില്‍ വീണ്ടും തിയേറ്ററുകളിലെത്തുകയാണ്.

റീ റിലീസുകള്‍ എന്ന പുത്തന്‍ ട്രെന്റിലേക്കാണ് മലയാള സിനിമ പോകുന്നതെന്നാണ് ചിലര്‍ പറയുന്നത്. നരസിംഹം, ധ്രുവം, ആറാം തമ്പുരാന്‍ പോലെയുള്ള സിനിമകള്‍ വീണ്ടും റിലീസ് ചെയ്യണമെന്ന വാദവുമായും ആളുകള്‍ എത്തുന്നുണ്ട്. തൊണ്ണൂറുകളില്‍ ആഘോഷം തീര്‍ത്ത സിനിമകളാണ് ഇതൊക്കെ. ഇത്തരം സിനിമകളൊക്കെ ഇന്ന് പൊളിറ്റക്കലി വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും, വലിയ തോതിലുള്ള ആരാധന പിന്തുണ ഈ സിനിമകള്‍ക്കൊക്കെയുണ്ട്.

ആ സിനിമകള്‍ തിയേറ്ററില്‍ പോയി കാണാന്‍ കഴിയാതിരുന്ന ഇന്നത്തെ തലമുറക്കും അതിനുള്ള അവസരം നല്‍കുന്ന നീക്കമാണ് റീ റിലീസ് എന്ന് പറയുന്നവരുമുണ്ട്. ഓരോ സിനിമക്കും അതിന്റേതായ കാലമുണ്ടെന്നും, പഴയത് പഴയതായി തന്നെയിരിക്കുന്നതാണ് നല്ലതെന്നും അതുകൊണ്ട് തന്നെ ഇതൊക്കെ ആ സിനിമകളുടെ സ്വാഭാവിക ഭംഗിയെ നശിപ്പിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

സ്ഫടികത്തെ കുറിച്ച് പറയുമ്പോള്‍ പഴയ സിനിമ അങ്ങനെ തന്നെയല്ല തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. കോടികള്‍ ചെലവാക്കി പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പിന്നണി പ്രവര്‍ത്തകര്‍ സിനിമയുടെ ആസ്വാദന നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടിയാണ് ഇതൊക്ക ചെയ്തിരിക്കുന്നത്. എന്നാല്‍ പഴയതിനെ പഴയതായി തന്നെ പുതിയ പ്രേക്ഷകരുടെ മുമ്പിലേക്ക് അവതരിപ്പിക്കുന്നതായിരിക്കും കൂടുതല്‍ ഭംഗിയെന്നാണ് ചിലര്‍ പറയുന്നത്.

എന്തായാലും സ്ഫടികം കാണാന്‍ നിരവധിയാളുകളാണ് തിയേറ്ററുകളിലെത്തുന്നത്. റീ റിലീസുകളോട് അത്ര വലിയ വിരോധമൊന്നും ഇന്നത്തെ തലമുറക്ക് ഇല്ല എന്നതിന്റെ തെളിവാണ് ഇതെന്നാണ് മോഹന്‍ലാല്‍ ആരാധകരുടെ പക്ഷം. 90s കിഡ്‌സിന് മാത്രമല്ല 2k കിഡ്‌സും ഇതൊക്കെയൊന്ന് ആഘോഷിക്കട്ടെ എന്നാണ് സിനിമ തിയേറ്റില്‍ പോയി കണ്ട ചിലരെങ്കിലും പറയുന്നത്.

content highlight: spadikam movie re release and social media discussions

We use cookies to give you the best possible experience. Learn more