| Sunday, 5th February 2023, 10:37 pm

മോഹന്‍ലാലിനെ അതിനുള്ളിലിരുത്തി ഷൂട്ട് ചെയ്യാന്‍ പറ്റില്ല, ഇനി ഒരു ജയന്‍ ദുരന്തം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് എല്ലാവരും പറഞ്ഞു: രൂപേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്ഫടികത്തില്‍ മോഹന്‍ലാല്‍ ഓടിക്കുന്ന ലോറിക്ക് തീ പിടിക്കുന്ന രംഗം ഷൂട്ട് ചെയ്തതിനെക്കുറിച്ച് പറയുകയാണ് ചിത്രത്തില്‍ അദ്ദേഹത്തിന്റെ ചെറുപ്പകാലം അഭിനയിച്ച രൂപേഷ്. പുറകില്‍ മുഴുവന്‍ പെട്രോള്‍ ബോംബ് നിറച്ച് പുറത്തേക്ക് വലിയ തിരിയിട്ടാണ് ലോറി സെറ്റ് ചെയ്തതെന്നും അതിലാണ് മോഹന്‍ലാല്‍ കയറി ഇരുന്നതെന്നും രൂപേഷ് പറഞ്ഞു.

പെട്രോള്‍ ബോംബ് വണ്ടിയില്‍ നിറച്ചിരിക്കുന്നത് കണ്ട് മോഹന്‍ലാലിനെ അതിനുള്ളില്‍ ഇരുത്തി ഷൂട്ട് ചെയ്യാന്‍ പറ്റില്ലെന്നും ഇനി ഒരു ജയന്‍ ദുരന്തം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് എല്ലാവരും പറഞ്ഞുവെന്നും രൂപേഷ് പറഞ്ഞു.

എന്നാല്‍ സംവിധായകന്‍ ഭദ്രന്‍ ഈ ഷോട്ട് ചെയ്യാന്‍ പറ്റില്ലെയെന്ന് ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ സമ്മതം മൂളിയെന്നും അദ്ദേഹം പറഞ്ഞു. റിസ്‌ക്കുള്ള ഷോട്ടുകള്‍ ചെയ്യാന്‍ മോഹന്‍ലാലിനെ കഴിഞ്ഞിട്ടെ മറ്റൊരു നടനും ഉള്ളൂവെന്നും രൂപേഷ് പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് രൂപേഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”പുതിയ ലോറി ഷോറൂമില്‍ നിന്നും കൊണ്ട് വന്നശേഷം അതിന്റെ എഞ്ചിന്‍ അഴിച്ചുമാറ്റി. പുറകില്‍ മുഴുവന്‍ പെട്രോള്‍ ബോംബ് നിറച്ച് പുറത്തേക്ക് വലിയ തിരിയിട്ട് വെച്ചിരിക്കുകയാണ്. ലാലേട്ടന്‍ വണ്ടിയില്‍ കയറി ഇരിപ്പുണ്ട്. ആളുകള്‍ പുറകില്‍ നിന്ന് തള്ളിയാല്‍ മാത്രമെ വണ്ടി നീങ്ങു.

തിലകന്‍ അങ്കിള്‍ അടക്കം എല്ലാവരും സെറ്റിലുണ്ടായിരുന്നു. അന്ന് എല്ലാവരും പെട്രോള്‍ ബോംബ് വണ്ടിയില്‍ നിറച്ചിരിക്കുന്നത് കണ്ട് മോഹന്‍ലാലിനെ അതിനുള്ളില്‍ ഇരുത്തി ഷൂട്ട് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു.

കാരണം ഇനി ഒരു ജയന്‍ ദുരന്തം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് എല്ലാവരും പറഞ്ഞത്. മോഹന്‍ലാല്‍ അത്ര അപകടകരമായ അവസ്ഥയില്‍ ഇരുന്ന് രംഗം ചിത്രീകരിക്കുന്നതിനെതിരെ എല്ലാവരും പ്രശ്‌നമുണ്ടാക്കി.

അപ്പോള്‍ ഭദ്രന്‍ അങ്കിള്‍ ലാല്‍ അങ്കിളിനോട് ഒരു ചോദ്യം ചോദിച്ചു. ലാല്‍ നിനക്ക് ഇത് ചെയ്യാന്‍ പറ്റുമോയെന്ന്. ഉടനെ ലാലേട്ടന്‍ ഓക്കെ പറഞ്ഞ് ഷൂട്ടിനായി വണ്ടിയില്‍ ഇരുന്നു. റിസ്‌ക്കി ഷോട്ടുകള്‍ ചെയ്യാന്‍ ലാലേട്ടനെ കഴിഞ്ഞെ മറ്റാരും ഉള്ളു.

പെട്രോള്‍ ബോംബ് നിറച്ച ലോറിക്ക് ഒരു സൈഡില്‍ നിന്നും തീ പിടിക്കുന്നുണ്ട്. ലാലേട്ടന്‍ അപ്പോഴും വാഹനം ഓടിക്കുകയാണ്. എല്ലാവരും നോക്കുന്നത് ഭദ്രന്‍ അങ്കിളിനേയാണ്. അദ്ദേഹം ജമ്പ് പറഞ്ഞാലെ ലാലേട്ടന്‍ ചാടൂ. കറക്ട് സമയം ആയപ്പോള്‍ ഭദ്രന്‍ അങ്കിള്‍ ജമ്പ് പറഞ്ഞു ലാലേട്ടന്‍ ചാടി.

പക്ഷെ ലോറി പൊട്ടിത്തെറിച്ചില്ല. ഇരുപത് സെക്കന്റ് കഴിഞ്ഞ ശേഷമാണ് ലോറി പൊട്ടിത്തെറിച്ചത്. അന്ന് അഞ്ച് ക്യാമറ വെച്ചാണ് ആ രംഗം ഷൂട്ട് ചെയ്തത്. കാരണം അത്രത്തോളം എക്‌സ്‌പെന്‍സീവ് ഷോട്ടായിരുന്നു,” രൂപേഷ് പറഞ്ഞു.

content highlight: spadikam movie actor roopesh about mohanlal

We use cookies to give you the best possible experience. Learn more