| Monday, 23rd September 2024, 9:03 am

ലാൽ എടുത്ത എഫേർട്ടൊന്നും ആ നടൻ എടുത്തില്ല, ആ റീമേക്ക് ചിത്രം പരാജയപ്പെട്ടു: സ്ഫടികം ജോർജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ ഇറങ്ങിയ മികച്ച സിനിമകളിൽ ഒന്നാണ് സ്ഫടികം. ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രം നിരൂപക പ്രശംസക്കൊപ്പം സാമ്പത്തികമായും വലിയ വിജയം നേടിയിരുന്നു.

തിലകൻ, ഉർവശി, കെ.പി.എ.സി. ലളിത തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ച ചിത്രം ഈയിടെ വീണ്ടും റീ റിലീസ് ചെയ്യുകയും വലിയ സ്വീകാര്യത നേടുകയും ചെയ്തിരുന്നു. മോഹൻലാലിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ആടുതോമ. ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനെ കുറിച്ച് സംസാരിക്കുകയാണ് സ്ഫടികത്തിൽ വില്ലൻ കഥാപാത്രമായി എത്തിയ സ്ഫടികം ജോർജ്.

സ്ഫടികം എന്ന സിനിമയിലൂടെ ആ പേര് കിട്ടിയ നടനാണ് ജോർജ്. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഹിറ്റായില്ലെന്നും അവിടെ പാറമടക്ക് പകരം ക്വാറിയുടെ സെറ്റ് ഒരു എ.സി റൂമിൽ ഇടുകയാണ് ചെയ്തതെന്നും സ്ഫടികം ജോർജ് പറയുന്നു.
മോഹൻലാൽ എടുക്കുന്ന പോലെ കഥാപാത്രത്തിനായി എഫേർട്ട് എടുക്കാൻ ആ നടൻ തയ്യാറായില്ലെന്നും ആ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘തെലുങ്കിൽ ഞങ്ങൾ സ്ഫടികത്തിന്റെ റീമേക്ക് ചെയ്തിരുന്നു. പക്ഷെ അവിടെ ഹിറ്റൊന്നും ആയില്ല. അതിന്റെ കാരണം ആ സിനിമ ഷൂട്ട് ചെയ്തത് പാറമടയ്ക്ക് പകരം പാറമടയുടെ സെറ്റിൽ ആയിരുന്നു. എ.സി റൂമിൽ ക്വാറി സെറ്റിട്ടതാണ്.

ലാൽ എടുക്കുന്ന പോലെ എഫേർട്ടൊന്നും ആ നടൻ എടുത്തില്ല. നമ്മൾ പാലക്കാട് പാറമടയിലാണ് ഷൂട്ട്‌ ചെയ്തത്. അവിടുത്തെ ചൂട് 40 ഡിഗ്രിക്ക് മുകളിലൊക്കെയാണ്. അങ്ങനെയൊരു സിനിമ എ.സിക്കകത്ത് ഷൂട്ട്‌ ചെയ്താൽ എങ്ങനെയിരിക്കും.

മോഹൻലാൽ ചെയ്യുന്ന കഥാപാത്രം പോലെ അവരങ്ങനെ സ്ട്രെയിനൊന്നും എടുക്കില്ല. അവർ എ.സിക്കകത്തൊക്കെ ഇരുന്ന് സുഖമായിട്ട് ഇരിക്കും,’സ്ഫടികം ജോർജ് പറയുന്നു.

അതേസമയം രണ്ടാം വരവിൽ 4.8കോടിയോളം സ്ഫടികം ബോക്സ്‌ ഓഫീസിൽ നിന്ന് സ്വന്തമാക്കിയിരുന്നു. സ്ഫടികത്തിന് പിന്നാലെ റീ റിലീസായി എത്തിയ ദേവദൂതനും മണിച്ചിത്രത്താഴിനും മികച്ച സ്വീകരണമാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്.

Content Highlight: spadikam Gorge Talk About REmake Of Spadikam Movie

We use cookies to give you the best possible experience. Learn more