സ്ഫടികം എന്ന ചിത്രത്തിൻറെ സെറ്റിൽവെച്ച് തന്റെ കാലിൽക്കൂടി ജീപ്പ് കയറിയിട്ടുണ്ടെന്ന് നടൻ സ്ഫടികം ജോർജ്. തന്റെ നെഞ്ചിൽ കൂടി വണ്ടി കയറുമായിരുന്ന സാഹചര്യത്തിൽ ഒഴിഞ്ഞ് മാറിയെന്നും അപ്പോൾ കാലിൽ കൂടി ജീപ്പ് കയറിയെന്നും അദ്ദേഹം പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്ഫടികത്തിന്റെ ഷൂട്ടിങ് സമയത്താണ് എന്റെ കാലിലൂടെ വണ്ടി കയറി ഇറങ്ങിയത്. പാറ മടയിൽ വെച്ച് മോഹൻലാൽ ആക്‌സിലറേറ്റർ കൊടുത്ത് നിൽക്കുകയായിരുന്നു. ഞാൻ മുകളിൽ നിന്നും ചാടണം. ചാടിയിട്ട് ശരീരം ഉറച്ച് നിൽക്കാൻ സമയം എടുത്തു. അപ്പോഴേക്കും ജീപ്പ് അടുത്തെത്തിയിരുന്നു. എനിക്ക് അപ്പോൾ തന്നെ മനസിലായി ജീപ്പ് എന്റെ നെഞ്ചിൽ കൂടി കയറുമെന്ന്. അപ്പോൾ തന്നെ ഞാൻ അവിടുന്ന് ഉരുണ്ട് മാറി. കാല് മാറ്റാൻ പറ്റിയില്ല. കാലിന്റെ മുകളിലൂടെ വണ്ടികയറി ഇറങ്ങി. മുന്നിലത്തെയും പിന്നിലത്തെയും ചക്രങ്ങൾ കയറി ഇറങ്ങിയിരുന്നു. പക്ഷെ അന്ന് എനിക്കൊന്നും പറ്റിയില്ല. അപ്പോൾ തന്നെ ഞാൻ എഴുന്നേറ്റ് മാറി,’ സ്ഫടികം ജോർജ് പറഞ്ഞു.
അഭിമുഖത്തിൽ സിൽക്ക് സ്മിതയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. സ്മിത ആരോടും അധികം സംസാരിക്കില്ലായിരുന്നെന്നും അന്ന് അവർ അല്പം മൂഡ് ഓഫ് ആയി തോന്നിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘സിൽക്ക് സ്മിത വളരെ സീരിയസ് ആയിട്ടുള്ള ഒരാൾ ആയിരുന്നു. ആരോടും മിണ്ടാത്ത പ്രകൃതം. അന്ന് മൂഡ് ഓഫ് ആയിരുന്നപോലെ തോന്നി. എനിക്കന്ന് സംസാരിക്കാൻ പറ്റിയില്ല. അവർ അങ്ങനെ ആരുമായിട്ടും സംസാറിക്കില്ലായിരുന്നു. സ്വന്തം സീനിൽ അഭിനയിക്കും, പോകും. അത്രയേ ഉണ്ടായിരുന്നുള്ളു. സംവിധായകൻ പറയുന്ന കാര്യങ്ങൾ കേട്ടിട്ട് ഓക്കേ സാർ എന്ന് പറഞ്ഞിട്ട് പോകും. ആരുമായിട്ടും സൗഹൃദപരമായി പെരുമാറി ഞാൻ കണ്ടിട്ടില്ല. അവർ അന്ന് മറ്റെന്തോ ചിന്തകളിൽ ആയിരുന്നു. അന്നവർ എന്തോ ഡിപ്രെഷനിലൂടെ ആണ് കടന്ന് പോയത്. സെറ്റിൽ ആരോടും സംസാരിച്ചിരുന്നില്ല,’ സ്പടികം ജോർജ് പറഞ്ഞു.
Content Highlights: Spadikam George on Spadikam movie