മലയാളത്തിലെ കള്‍ട്ട് ചിത്രങ്ങളിലൊന്നാണ് ആടു തോമ. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായ ആടുതോമയെ മലയാളികള്‍ക്ക് സമ്മാനിച്ചത് സംവിധായകന്‍ ഭദ്രനായിരുന്നു. സ്ഫടികം പിന്നീട് തമിഴിലേക്കും തെലുഗിലേക്കും റീമേക്ക് ചെയ്യപ്പെട്ടുവെങ്കിലും മലയാളത്തിന്റെ ഒപ്പമെത്താനായില്ല.
ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആട് തോമയും തിലകന്‍ വേഷമിട്ട ചാക്കോ മാഷും ഇന്നും സിനിമാ പ്രേമികളുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞുകിടപ്പുണ്ട്. അതുപോലെ ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ തലവര മാറിയ നടനായിരുന്നു സ്ഫടികം ജോര്‍ജ്.
ചിത്രത്തിന്റെ തെലുഗു റീമേക്കിനെ പറ്റി സംസാരിക്കുകയാണ് സ്ഫടികം ജോര്‍ജ്. മോഹന്‍ലാല്‍ ചെയ്ത കഷ്ടപ്പാടുകളൊന്നും അവര്‍ ചെയ്തില്ലെന്നും എയര്‍കണ്ടീഷന്‍ ചെയ്ത് പാറമട സെറ്റിട്ട് ഷൂട്ട് ചെയ്യുകയായിരുന്നു എന്നും സ്ഫടികം ജോര്‍ജ് പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സ് ഐസിനോടായിരുന്നു സ്ഫടികം ജോര്‍ജിന്റെ പ്രതികരണം.
‘തെലുഗില്‍ സ്ഫടികത്തിന്റെ റീമേക്ക് ചെയ്തിരുന്നു. അവിടെ ഹിറ്റ് ആയില്ല. പാറമട എയര്‍കണ്ടീഷന്‍ ചെയ്ത റൂമില്‍ സെറ്റിട്ടിരുന്നു. മോഹന്‍ലാല്‍ ചെയ്തത്‌പോലെ കഷ്ടപ്പെടാന്‍ അവര്‍ തയാറല്ലായിരുന്നു. മലയാളത്തില്‍ പാലക്കാടുള്ള പാറമടയില്‍ 40, 42 ഡിഗ്രി ചൂടിലാണ് സിനിമ ഷൂട്ട് ചെയ്തത്. ഇത് എ.സിയില്‍ ഷൂട്ട് ചെയ്താല്‍ എങ്ങനിരിക്കും. സിനിമ പരാജയമായിരുന്നു,’ സ്ഫടികം ജോര്‍ജ് പറഞ്ഞു.
ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ തനിക്ക് സംഭവിച്ച് അപകടത്തെ പറ്റി മുമ്പ് സ്ഫടികം ജോര്‍ജ് പറഞ്ഞിരുന്നു. ക്ലൈമാക്സ് സീനുകള്‍ ചിത്രീകരിച്ച് പാറമടയിലെ ആക്ഷന്‍ രംഗങ്ങളിലൊന്നില്‍ തന്റെ കാലിലൂടെ ജീപ്പ് കയറിയിറങ്ങിയെന്നും എന്നാല്‍ തിനക്ക് ഒന്നും പറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു.