'പൊലിഞ്ഞു പോയവരുടെ ഓര്‍മക്കായി'; സ്ഫടികം വീണ്ടും തിയേറ്ററുകളിലേക്ക്
Film News
'പൊലിഞ്ഞു പോയവരുടെ ഓര്‍മക്കായി'; സ്ഫടികം വീണ്ടും തിയേറ്ററുകളിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th February 2022, 2:34 pm

മലയാളത്തിലെ കള്‍ട്ട് ചിത്രങ്ങളിലൊന്നാണ് ‘സ്ഫടികം’. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായ ആടുതോമയെ സ്ഫടികത്തിലൂടെ മലയാളികള്‍ക്ക് സമ്മാനിച്ചത് സംവിധായകന്‍ ഭദ്രനായിരുന്നു.

ഇപ്പോഴിതാ മലയാളികള്‍ക്കായി ഒരു സന്തോഷ വാര്‍ത്ത പങ്കുവെക്കുകയാണ് ഭദ്രന്‍. ഡിജിറ്റല്‍ റീസ്റ്റൊറേഷന്‍ നടത്തി തിയേറ്ററുകളില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തിക്കാനൊരുങ്ങുകയാണ് ഭദ്രന്‍.

കഴിഞ്ഞ ദിവസം അന്തരിച്ച കെ.പി.എ.സി ലളിത സ്ഫടികത്തില്‍ അവതരിപ്പിച്ച മേരി എന്ന കഥാപാത്രം പ്രേക്ഷക മനസില്‍ തങ്ങി നില്‍ക്കുന്നതാണ്. ലളിത ഉള്‍പ്പെടെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ പലരും ഇപ്പോള്‍ ജീവിപ്പിച്ചിരിപ്പില്ല.

അവര്‍ക്കുള്ള ആദരവായി കൂടിയാണ് ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നത്. പുതിയ പതിപ്പ് തനിക്ക് എന്നാണ് തിയേറ്ററുകളില്‍ കാണാന്‍ കഴിയുകയെന്ന് കെ.പി.എ.സി ലളിത പലകുറി ചോദിച്ചിരുന്നെന്ന് ഭദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

‘എന്തും സഹിച്ചും കൊടുത്തും മകനെ സ്‌നേഹിച്ച ആ പൊന്നമ്മച്ചി, ഏതൊരു മകന്റെയും നാവിലെ ഇരട്ടി മധുരമായിരുന്നു. ആ അമ്മ എത്ര വട്ടം ആവര്‍ത്തിച്ച് എന്നോട് ചോദിക്കുമായിരുന്നു. ‘എന്നാണ് ഭദ്രാ, നിങ്ങളീ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പുതിയ സ്ഫടികം തിയേറ്ററില്‍ ഒന്നൂടി കാണാന്‍ പറ്റുക…’

ഈശ്വരന്റെ കാലേകൂട്ടിയുള്ള ഒരു നിശ്ചയമായിരുന്നിരിക്കാം, ഈ അമ്മയുടെ വേര്‍പാടിന്റെ ഓര്‍മകളിലൂടെ വേണം ഈ പുതിയ തലമുറ ‘സ്ഫടിക’ത്തെ പുതിയ ഭാവത്തിലും രൂപത്തിലും കാണാനും അനുഭവിക്കാനും.. മരണമില്ലാത്ത ഇത്രയും മഹാരഥന്മാര്‍ ഒന്നിച്ചു കൂടിയ മറ്റൊരു ചലച്ചിത്രം ഇനിയുണ്ടാവില്ല…’, ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ.പി.എ.സി ലളിതയെക്കൂടാതെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും സാങ്കേതിക പ്രവര്‍ത്തകരുമായ നിരവധി പേര്‍ ഇന്ന് നമുക്കൊപ്പമില്ല. തിലകന്‍, നെടുമുടി വേണു, രാജന്‍ പി. ദേവ്, ശങ്കരാടി, കരമന ജനാര്‍ദ്ദനന്‍ നായര്‍, ബഹദൂര്‍, എന്‍.എഫ്. വര്‍ഗീസ്, പറവൂര്‍ ഭരതന്‍, സില്‍ക്ക് സ്മിത, ഛായാഗ്രാഹകന്‍ ജെ. വില്യംസ്, എഡിറ്റര്‍ എം.എസ്. മണി, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്‍.എല്‍. ബാലകൃഷ്ണന്‍ എന്നിവരെയൊക്കെ അനുസ്മരിച്ചുകൊണ്ടുള്ളതാണ് ഭദ്രന്റെ പോസ്റ്റ്.


Content Highlight: spadikam back to theaters