| Sunday, 16th March 2025, 11:08 am

സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ നിലയത്തിലെത്തി; സുനിത വില്യംസിന്റെ മടക്കം ബുധനാഴ്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്സൂള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. പുലര്‍ച്ചെ 12:04നാണ് ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തത്.

ഇതോടെ ബഹിരാകാശത്ത് നിന്ന് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള ദൗത്യത്തിന്റെ ഒരു ഘട്ടം കൂടി പൂര്‍ത്തിയായി .

പുതിയ ക്രൂ-10 ദൗത്യത്തിനായി നാല് ഗവേഷക സഞ്ചാരികളും ബഹിരാകാശ നിലയിലെത്തി. ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജാപ്പനീസ് ബഹിരാകാശ ഏജന്‍സി യാത്രികന്‍ തകുയ ഒനിഷി, റോസ്‌കോസ്മോസ് ബഹിരാകാശ യാത്രികന്‍ കിറില്‍ പെസ്‌കോവ് എന്നിവരാണ് നിലയിലെത്തിയത്.

ഈ നാലംഗ സംഘത്തിന് ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണം കൈമാറിയ ശേഷമായിരിക്കും ക്രൂ-9ലെ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങുക. ഇരുവര്‍ക്കുമൊപ്പം നാസയുടെ നിക്ക് ഹേഗും, റോസ്‌കോസ്മോസിന്റെ അലക്‌സാണ്ടര്‍ ഗോര്‍ബനോവും ഭൂമിയിലേക്ക് മടങ്ങും.

ഇവര്‍ നാല് പേരും ഉള്‍പ്പെടുന്ന എക്സ്പെഡിഷന്‍ 72 ക്രൂവിനൊപ്പം ക്രൂ-10 ചേരുന്നതോടെ ബഹിരാകാശ നിലയത്തിലെ ജീവനക്കാരുടെ എണ്ണം 11 ആകുമെന്ന് നാസ അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.30നാണ് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ക്രൂ-10 ദൗത്യം വിക്ഷേപിച്ചത്. ഡ്രാഗണ്‍ പേടകം മാര്‍ച്ച് 19ന് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിങ്ങിന്റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ 2024 ജൂണില്‍ ഭൂമിയില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്ന സുനിത വില്യംസും ബുച്ച് വില്‍മോറും ഒമ്പത് മാസത്തിലധികമായി അവിടെ തുടരുകയാണ്.

സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതിക പ്രശ്‌നം കാരണം ഇരുവര്‍ക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങാനാവാതെ വന്നതോടെ തിരികെയുള്ള യാത്ര നീട്ടിവെക്കുകയായിരുന്നു. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാന്‍ നാസ ശ്രമം നടത്തിയിരുന്നു.

എന്നാല്‍ ഹീലിയം ചോര്‍ച്ച, ത്രസ്റ്ററുകള്‍ക്കുള്ള തകരാര്‍, സ്റ്റാര്‍ലൈനറിന്റെ അപകട സാധ്യത എന്നിവ മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു. ഇതിന് ശേഷം ആളില്ലാതെ സ്റ്റാര്‍ലൈനര്‍ ലാന്‍ഡ് ചെയ്യിക്കുകയാണ് നാസ ചെയ്തത്.

Content Highlight: SpaceX Dragon Docks to Station With Four Crew-10 Members

We use cookies to give you the best possible experience. Learn more