ചരിത്രം കുറിച്ച് ഫിലേ വാല്‍നക്ഷത്രത്തിലിറങ്ങി
Big Buy
ചരിത്രം കുറിച്ച് ഫിലേ വാല്‍നക്ഷത്രത്തിലിറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th November 2014, 9:14 am

rossetta ബെര്‍ലിന്‍: ചരിത്രത്തിലാദ്യമായി ഒരു മനുഷ്യനിര്‍മ്മിത പേടകം വാല്‍നക്ഷത്രത്തിലിറങ്ങി. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി(ഇസ)യുടെ റോസറ്റ പേടകത്തില്‍ നിന്നു വേര്‍പെട്ട ഫിലേ എന്ന ചെറു പോടകമാണ്  ചുര്യമോവ് ഗരാസിമെങ്കോ എന്ന വാല്‍ നക്ഷത്രത്തിന്റെ പ്രതലത്തില്‍ വിജയകരമായി ഇറങ്ങിയത്.

ഭുമിയില്‍ നിന്നും ഏകദേശം 51 കോടി കിലോമീറ്റര്‍ ദൂരമുണ്ട് ചുര്യമോവ് ഗരാസിമെങ്കോ വാല്‍നക്ഷത്രത്തിലേക്ക്. ഐസും പൊടി പടലങ്ങളും മൂടിയ നിലയിലാണ് ഇതിന്റെ ഉപരിതലം. നക്ഷത്രത്തിന്റെ കേന്ദ്രത്തില്‍ നിന്ന് ഏകദേശം ഇരുപത് കിലോമീറ്റര്‍ അകലെ നിന്ന് റോസറ്റ എന്ന പേടകത്തില്‍ നിന്ന് ഫിലെ വേര്‍പെട്ട്  ബുധനാഴ്ച്ച ഇന്ത്യന്‍ സമയം പകല്‍ രണ്ടരയോടെയാണ് ഫിലേ വാല്‍നക്ഷത്രത്തില്‍ ലാന്റ് ചെയ്തത്.

2004 മാര്‍ച്ച് രണ്ടിനാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി റോസറ്റ പേടകം ഫ്രഞ്ച് ഗയാനയിലെ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് വിക്ഷേപിച്ചത്. പത്തുവര്‍ഷം കൊണ്ട് ഏകദേശം 600 കോടിയിലേറെ കിലോമീറ്റര്‍ പോടകം സഞ്ചരിച്ചിട്ടുണ്ട്. പേടകത്തിന്റെ ലാന്റിങുമായി ബന്ധപ്പെട്ട വിവരങ്ങല്‍ ലഭിച്ചതായി ഇസയുടെ ജര്‍മ്മനിയിലെ ദംസ്റ്റാട്ടിലുള്ള ദൗത്യ നിയന്ത്രണ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു.

മഞ്ഞുമൂടിക്കിടക്കുന്ന വാല്‍നക്ഷത്രത്തില്‍ ഗുരുത്വാകര്‍ഷണം വളരെ കുറവായതിനാല്‍ ലാന്റിംഗ് വിഷമകരമാക്കി. വാല്‍നക്ഷത്രത്തിന്റെ ചിത്രങ്ങളും രാസഘടനയും പേടകം ശേഖരിക്കും.

സൗരയുഥത്തിന്റെ ആവിര്‍ഭാവത്തെ കുറിച്ചുള്ള നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കാന്‍ പേടകം സഹായിക്കുമെന്നും ഇത് മനുഷ്യരാശിയുടെ വലിയ ചുവടുവെപ്പാണെന്നും ഇസ മേധാവി ജീന്‍ ജാക്വസ് ദോര്‍ഡായിന്‍ പറഞ്ഞു