കണ്ണൂരില്‍ കൂട്ടംകൂടി നിന്നവരെ ഏത്തമീടിപ്പിച്ച് എസ്.പി യതീഷ് ചന്ദ്ര; ജനങ്ങള്‍ അനുസരിക്കാത്തത് കൊണ്ടാണ് ശിക്ഷയെന്ന് എസ്.പി
Kerala
കണ്ണൂരില്‍ കൂട്ടംകൂടി നിന്നവരെ ഏത്തമീടിപ്പിച്ച് എസ്.പി യതീഷ് ചന്ദ്ര; ജനങ്ങള്‍ അനുസരിക്കാത്തത് കൊണ്ടാണ് ശിക്ഷയെന്ന് എസ്.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th March 2020, 4:18 pm

കണ്ണൂര്‍: ലോക്ക് ഡൗണ്‍ ലംഘനത്തിന് പരസ്യ ശിക്ഷയുമായി കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്ര. അഴീക്കലില്‍ കൂട്ടംകൂടി നിന്നവരെ ഏത്തമിടീപ്പിക്കുകയായിരുന്നു എസ്.പി.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ലോക്ഡൗണിന്റെ ഭാഗമായുള്ള പരിശോധനയിലായിരുന്നു യതീഷ് ചന്ദ്രയും സംഘവും.
വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അഴീക്കലില്‍ 11 മണിയോടെ എത്തിയപ്പോള്‍ ഒരു കടയ്ക്ക് മുന്‍പില്‍ നിരവധി പേര്‍ കൂട്ടംകൂടി ഇരിക്കുന്നതുകണ്ടു.

യതീഷ് ചന്ദ്ര വാഹനത്തില്‍ നിന്ന് ഇറങ്ങുന്നത് കണ്ടതോടെ അവിടെയുണ്ടായിരുന്ന പലരും ഓടിരക്ഷപ്പെട്ടു. എന്നാല്‍ പ്രായമായ കുറച്ചുപേര്‍ അവിടെ തന്നെ നിന്നു.

ഇതോടെ ഇവരോട് ലോക്ഡൗണ്‍ ആണെന്ന് നിങ്ങള്‍ക്കറിയില്ലേയെന്നും എന്തുകൊണ്ടാണ് സഹകരിക്കാത്തതെന്നും ചോദിച്ച് ഏത്തമിടീക്കുകയായിരുന്നു യതീഷ് ചന്ദ്ര. ആളുകളെ കൊണ്ട് എസ്.പി ഏത്തമിടീക്കുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.

എന്നാല്‍ സദുദ്ദേശത്തോടെയാണ് താന്‍ ഈ കാര്യങ്ങള്‍ ചെയ്തതെന്നും നാടിനും ജനങ്ങള്‍ക്കും വേണ്ടിയാണ് ഇത്തരത്തിലുള്ള ചെറിയ ശിക്ഷ നല്‍കിയതെന്നുമാണ് യതീഷ് ചന്ദ്രയുടെ വിശദീകരണം. ബോധവത്ക്കരണത്തിന് വേണ്ടിയാണ് താന്‍ ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

നിരവധി തവണ ആവര്‍ത്തിച്ച് ആളുകളോട് പുറത്തിറങ്ങരുതെന്നും കൂട്ടംകൂടി നില്‍ക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് എല്ലാവരോടും പറഞ്ഞത്. കേസുകളുടെ എണ്ണം കൂട്ടുക എന്നതല്ലല്ലോ കാര്യം. അവയെര്‍നെസിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. നാട് നന്നായി വരണമെന്ന് മാത്രമേ കരുതിയിട്ടുള്ളൂ.

കൂട്ടംകൂടി നിന്നതിനും അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കുമെതിരെയുമൊക്കെ നിരവധി കേസുകള്‍ എടുക്കുന്നുണ്ട്. നമുക്ക് അടിയന്തരമായി ആവശ്യമുള്ളത് കേസല്ല. കൊറോണ പടരുന്നത് തടയലാണ്. അത്തരത്തിലാണ് ഇത്തരത്തില്‍ ചെറിയ ശിക്ഷ നല്‍കിയത്. ചെയ്തത് അതിരുകടന്ന നടപടിയാണെന്ന് തോന്നിയിട്ടില്ല. അപ്പോള്‍ തോന്നിയത് ചെയ്തു. ആര്‍ക്കും ഉപദ്രവം ചെയ്തിട്ടില്ല.

നമ്മുടെ നാട് സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. മറ്റൊന്നും മുന്നിലില്ല. പ്രത്യേകം നിര്‍ദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തിലൊന്നുമല്ല ഇത് ചെയ്തത്.

ഒരുപാട് ആളുകളോട് താഴ്മയായി ദയവായി വീട്ടില്‍ പോകണമെന്ന് പറഞ്ഞു. ഈ പ്രദേശത്തും കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുണ്ട്. ഈ സമയത്ത് ഇങ്ങനെ ചെയ്തില്ലെങ്കില്‍ സാമൂഹ്യവ്യാപനം വരും. ആരേയും ഉപദ്രവിക്കാനോ പ്രശ്‌നമുണ്ടാക്കാനോ വേണ്ടി ചെയ്തതല്ല.
അതിന് നടപടികള്‍ വരുമോ എന്ന് അറിയില്ല. നോക്കാം.- എസ്.പി പറഞ്ഞു.

അതേസമയം യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനം ഉയരുന്നുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള യാതൊരു നടപടികളും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെയും ഇത്തരത്തിലുള്ള സമീപനം പൊലീസ് സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.