എസ്. രാജേന്ദ്രന്‍ എം.എല്‍.എയ്‌ക്കെതിരെ കേസെടുത്ത എസ്.പിക്ക് സ്ഥലംമാറ്റം
Kerala News
എസ്. രാജേന്ദ്രന്‍ എം.എല്‍.എയ്‌ക്കെതിരെ കേസെടുത്ത എസ്.പിക്ക് സ്ഥലംമാറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st September 2018, 9:41 am

 

കൊച്ചി: എസ്. രാജേന്ദ്രന്‍ എം.എല്‍.എയ്‌ക്കെതിരെ കേസെടുത്ത എസ്.പിക്ക് സ്ഥലംമാറ്റം. മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ ഓഫീസ് ആക്രമിച്ചതിനാണ് ദേവികുളം എം.എല്‍.എയായ എസ്. രാജേന്ദ്രനെതിരെ കേസെടുത്തത്.

കേസെടുത്ത് 24 മണിക്കൂറിനകമാണ് എസ്.പിയെ സ്ഥലംമാറ്റിയിരിക്കുന്നത്. എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തതിനുള്ള പ്രതികാര നടപടിയാണിതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ ഓഫീസ് ആക്രമിച്ചതിന് എം.എല്‍.എയ്ക്കും തഹസില്‍ദാര്‍ക്കുമെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയായിരുന്നു കേസെടുത്തത്. ഇവര്‍ക്കു പുറമേ കണ്ടാലറിയാവുന്നവരടക്കം 50 ഓളം പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍, സര്‍ക്കാര്‍ ഭൂമി കയ്യേറ്റം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് മൂന്നാര്‍ പൊലീസ് കേസെടുത്തത്.

Also Read:കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഗ്ലോബല്‍ സാലറി ചലഞ്ച്; ലോകമലയാളികള്‍ കൂടി പങ്കെടുക്കണമെന്ന് പിണറായി വിജയന്‍

പ്രളയത്തില്‍ തകര്‍ന്ന മൂന്നാര്‍ സര്‍ക്കാര്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ താല്‍ക്കാലികമായി സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ കെട്ടിടം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് എം.എല്‍.എയും സംഘവും എത്തിയത്. ഇവര്‍ ഓഫീസില്‍ അതിക്രമിച്ചു കയറി ഉപകരണങ്ങള്‍ തകര്‍ത്തുവെന്നാണ് ആരോപണം.

ഇവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍, ആഭ്യന്തര വകുപ്പ് സെക്രട്ടറി, മൂന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അക്രമത്തെപ്പറ്റി ട്രൈബ്യൂണല്‍ അധികൃതരോടു ദേവികളും സബ് കലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ദേവികുളം സബ് കല്കടര്‍ വി.ആര്‍ പ്രേംകുമാര്‍ കഴിഞ്ഞദിവസം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

Also Read:സൈനിക വിമാനത്തിലൂടെ എം.എല്‍.എമാരെ കടത്തും; ഗുരുതര ആരോപണവുമായി കുമാരസ്വാമി

ഇതിനു പിന്നാലെയാണ് എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തത്.