[share]
[] തിരുവനന്തപുരം: കൂടംകുളം ആണവനിലയത്തിനെതിരെയുള്ള സമരത്തിന് പിന്തുണ തേടി സമരസമിതി നേതാവ് എസ്.പി ഉദയകുമാര്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. ആണവനിലയത്തിലെ മൂന്നും നാലും റിയാക്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
ഈ നടപടിക്കെതിരെ സി.പി.ഐ.എം തമിഴ്‌നാട് ഘടകം രംഗത്ത് വരുമെന്ന കാര്യം വി.എസിനെ ഓര്‍മ്മിപ്പിച്ച അദ്ദേഹം ഇക്കാര്യത്തില്‍ വി.എസിന്റെ ഇടപെടലാണ് തങ്ങള്‍ക്ക് അനിവാര്യമെന്ന് ഉദയകുമാര്‍ അറിയിച്ചു. സമരം ആരംഭിച്ചത് മുതല്‍ വി.എസ് നല്‍കിയ പിന്തുണ ചെറുതായിരുന്നില്ല.
സമരത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചതില്‍ പ്രധാനം വി.എസ് സ്വീകരിച്ച നിലപാടുകളാണ്. തുടര്‍ന്നും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ശരിയല്ലെന്നും ഇതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഉദയകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസും പോളിറ്റ് ബ്യൂറോയും സ്വീകരിച്ച നിലപാടിനെ പ്രത്യക്ഷമായി തള്ളിക്കൊണ്ട് 2012 സെപ്റ്റംബറില്‍ വി.എസ് കൂടംകുളം സമരഭൂമിയിലേക്ക് പോയിരുന്നു. എന്നാല്‍ സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ വെച്ച് വി.എസിനെ തമിഴ്‌നാട് പോലീസ് തടഞ്ഞു. ഈ വിഷയത്തില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ വി.എസിനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.