| Friday, 28th February 2014, 6:42 pm

കൂടംകുളം സമര നേതാവ് ഉദയകുമാര്‍ ആം ആദ്മിയില്‍; തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]കന്യാകുമാരി: കൂടംകുളം ആണവ വിരുദ്ധ സമരസമിതി നേതാവ് എസ്.പി ഉദയകുമാര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു.

ആണവ വിരുദ്ധ സമരത്തിന്റെ മുന്‍ നിരയിലുള്ള എം.പി ജെസുരാജും ഉദയകുമാറിനൊപ്പം ആം ആദ്മിയില്‍ ചേര്‍ന്നിട്ടുണ്ട്. ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഉദയകുമാര്‍ കന്യാകുമാരിയില്‍ നിന്നും ജെസുരാജ് തിരുനെല്‍വേലിയില്‍ നിന്ന് മത്സരിക്കും.

ആം ആദ്മിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് എഴുത്തുകാരി ഖദീജാ മുംതാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാര്‍ട്ടിയെ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നതെന്നും ശരിയായി മനസിലാക്കിയതിനു ശേഷമാണ് പാര്‍ട്ടിയോട് സഹകരിക്കാനുള്ള തന്റെ തീരുമാനമെന്നും ഖദീജാ മുംതാസ് പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സുഹൃത്തുക്കള്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും എന്നാല്‍ മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരി അരുന്ധതി റോയിയുടെ മാതാവുമായ മേരി റോയ്, പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറ ജോസഫ് എന്നിവര്‍ ആം ആദ്മിയുടെ അംഗത്വമെടുത്തിരുന്നു.

ആദിവാസി ഗോത്രമഹാസഭ നേതാക്കളായ സി.കെ ജാനു, ഗീതാനന്ദന്‍ എന്നിവര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു.

പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായ്, ബാങ്കര്‍ മീര സന്യാല്‍, എയര്‍ ഡെക്കാന്‍ രൂപീകരിച്ച ക്യാപ്റ്റന്‍ ഗോപിനാഥ്, ഇന്‍ഫോസിസ് അംഗം വി.ബാലകൃഷ്ണന്‍, ഗായകന്‍ റെമോ ഫെര്‍ണ്ണാണ്ടസ് എന്നിവരാണ് ദേശീയ തലത്തില്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന പ്രമുഖര്‍.

We use cookies to give you the best possible experience. Learn more