| Thursday, 14th March 2019, 4:37 pm

ഇന്ത്യയില്‍ വരാന്‍ പോകുന്ന അമേരിക്കന്‍ ആണവ നിലയങ്ങള്‍ അവര്‍ക്ക് ലാഭമുണ്ടാക്കാന്‍ മാത്രമുള്ളത്; ലക്ഷ്യം ആയുധ വ്യാപാരം; തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സമയത്തെ ധാരണ ഭരണഘടനാ വിരുദ്ധമെന്നും എസ്.പി ഉദയകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇന്ത്യയില്‍ ആറ് അമേരിക്കന്‍ ആണവ നിലയങ്ങള്‍ സംയുക്തമായി നിര്‍മ്മിക്കാനുള്ള പദ്ധതി പൂര്‍ണമായും അമേരിക്കയുടെ താല്‍പ്പര്യത്തില്‍ ചെയ്തിട്ടുള്ള കാര്യമാണെന്ന് കൂടംകുളം ആണവനിലയ വിരുദ്ധ സമര നേതാവ് എസ്.പി ഉദയകുമാര്‍. ആണവ നിലയങ്ങള്‍ വളരെ ചെലവ് കൂടിയതാണെന്നും അത് ഇന്ത്യക്ക് ഒരു ഉപകാരവും ഉണ്ടാക്കില്ലെന്നും ഉദയകുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“അവരുടെ രാജ്യത്ത് തന്നെ പുതിയതായി ഒന്നും ചെയ്യാതെ നമ്മുടെ രാജ്യത്ത് എന്തിനാണ് ഇങ്ങനെ ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നത് എന്ന് രാജ്യം തന്നെ പരിശോധിക്കേണ്ടതാണ്. നമ്മുടെ ലൈബിലിറ്റി ആക്റ്റില്‍ മാറ്റംവരുത്തി അവര്‍ക്ക് ലാഭമുണ്ടാക്കുന്ന രീതിയിലേയ്ക്ക് മാറ്റി. അമേരിക്കയ്ക്ക് ലാഭമുണ്ടാക്കാന്‍ വേണ്ടി ചെയ്യുന്ന പരിപാടിയാണിത്. ഞാന്‍ അതിനെ അപലപിക്കുന്നു. കാരണം ജനസംഖ്യ കൂടുതലുള്ള രാജ്യമാണ് നമ്മുടേത്. അവിടെയാണ് ആണവ നിലയങ്ങളും പാര്‍ക്കുകളും പണിയുന്നത്. ഇത് വലിയ അപകടമാണ്”- ഉദയകുമാര്‍ പറഞ്ഞു.


ഐ.ബി ഈഡന്‍, അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്; മൂന്ന് എം.എല്‍.എമാര്‍ക്ക് ലൈംഗീകാതിക്രമ കേസ്


അമേരിക്ക ഒരു യുദ്ധ സമ്പത്ത് വ്യവസ്ഥയാണെന്നും അവരുടെ യുദ്ധതാല്‍പ്പര്യങ്ങള്‍ ഇന്ത്യ പിന്തുണക്കുകയാണെന്നും ഉദയകുമാര്‍ പറഞ്ഞു.

“ഇന്ത്യക്ക് വേണ്ടി പ്ലൂട്ടോണിയം കൊടുക്കുന്നുവെങ്കില്‍ അതുപയോഗിച്ച് ആണവ ബോംബ് ഉണ്ടാക്കണം. അമേരിക്കയുടെ താല്‍പ്പര്യമാണെങ്കില്‍ അമേരിക്ക ഒരു വാര്‍ എക്കോണമി ആണല്ലോ. അവര്‍ക്ക് മറ്റു സ്ഥലങ്ങളില്‍ യുദ്ധ ഉപകരണങ്ങളും ബോംബുകളും മറ്റും വിറ്റ് ലാഭമുണ്ടാക്കുക എന്ന താല്‍പ്പര്യം മാത്രമാണുള്ളത്. ഇതില്‍ ലാഭം ആയുധ വ്യാപാരികള്‍ക്കു മാത്രമാണ്. അപ്പോള്‍ ഇതൊരു ആയുധ വ്യാപാരം മാത്രമാണ്.

ഇനിയിപ്പോള്‍ വൈദ്യുതി ഉണ്ടാക്കാനാണെങ്കില്‍ നമുക്ക് വൈദ്യുതി ഉണ്ടാക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലേ. നമ്മുക്ക് സോളാര്‍ വൈദ്യുത പദ്ധതികളുണ്ട്. കാറ്റില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാം. അല്ലാതെ അമേരിക്കയുടെ കയ്യില്‍ നിന്നും വാങ്ങിക്കേണ്ട ആവശ്യമില്ലല്ലോ.

ഇവിടെയുള്ള നിലയങ്ങള്‍ ഒക്കെ പരമാവധി 700 മെഗാവാള്‍ട്ട് ശേഷിയുള്ളതാണ്. എന്നാല്‍ അമേരിക്കയുടെ കയ്യില്‍ നിനും നമ്മള്‍ വാങ്ങുന്നത് സംഭരണശേഷി കൂടിയ ആണവ നിലയങ്ങളാണ്. മാത്രമല്ല ഒരേ സ്ഥലത്ത് നാലുമുതല്‍ ആറു നിലയങ്ങള്‍ വരെ സ്ഥാപിക്കുന്നുണ്ട്. അവരുടെ കോര്‍പറേറ്റ് താല്‍പ്പര്യത്തിനും അവരുടെ സമ്പത്ത് വ്യവസ്ഥയെ പിടിച്ചു നിര്‍ത്താനും ചെയ്യുന്ന കരാറാണിത്”- ഉദയകുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.


വി.ടി ബല്‍റാം അറിഞ്ഞോ ? ടോം വടക്കന്‍ ബി.ജെ.പിയിലെത്തി !


“തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സമയത്ത് ഇങ്ങനെ ഒരു ധാരണയുണ്ടാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. നമ്മുക്കറിയാം തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാല്‍ ഒരു പോളിസികളും കൊണ്ടുവരാന്‍ പാടില്ല. ആണവ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് കുത്തകകളെ സഹായിക്കാന്‍ വേണ്ടി മാത്രമാണ്. എല്ലാവരും തെരഞ്ഞെടുപ്പിന്റെ ശ്രദ്ധയിലാകുമ്പോള്‍ പുറകില്‍ കൂടി ഇങ്ങനെ ഒരു കാരാര്‍ കൊണ്ടുവരികയാണ് ഇവര്‍. “- ഉദയകുമാര്‍ പറഞ്ഞു.

ആണവ നിലയങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ സമരത്തിലാണെന്നും ആ സമരങ്ങള്‍ മുഖവിലക്കെടുക്കാതെ കേന്ദ്ര സര്‍ക്കാര്‍ മറ്റു ആളുകളുടെ താല്‍പ്പര്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉദയകുമാര്‍ പറഞ്ഞു.

“ഖോരഖ്പൂര്‍, ഹരിയാന, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ കൂടംകുളം ഇവിടെയൊക്കെ ജനങ്ങള്‍ ആണവ നിലയങ്ങള്‍ക്കെതിരെ സമരത്തിലാണ്. ഇതൊന്നും മുഖവിലക്കെടുക്കാതെ പുതിയ ആണവ നിലയങ്ങള്‍ സ്ഥാപിക്കുമ്പോള്‍ ഭരണകൂടം ആര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് മനസ്സിലാക്കാന്‍ പറ്റും. ഈ ആണവ നിലയങ്ങള്‍ എവിടെയാണ് കൊണ്ടുവരാന്‍ പോകുന്നത് എന്ന് അറിഞ്ഞാല്‍ അവിടെ സമര പരിപാടികള്‍ ആരംഭിക്കുമെന്നും” എസ്.പി ഉദയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ ആറ് അമേരിക്കന്‍ ആണവോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാന്‍ വ്യാഴാഴ്ചയാണ് ധാരണയായാത്. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും യു.എസ് ആയുധ നിയന്ത്രണം-രാജ്യാന്തര സുരക്ഷാകാര്യ സെക്രട്ടറി ആന്‍ഡ്രിയ തോംസണും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

രാജ്യസുരക്ഷയും ആണവോര്‍ജ സഹവര്‍ത്തിത്വവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തീരുമാനത്തിലെത്തിയതെന്നാണ് സംയുക്ത പ്രസ്താവനയില്‍ പറഞ്ഞത്. രാജ്യത്തിന്റെ ആവശ്യത്തിനനുസൃതമായുള്ള ഇന്ധനലഭ്യത ഈ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതോടെ ഉറപ്പു വരുത്താനാവുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍.

ഒരു പതിറ്റാണ്ടായി ഇക്കാര്യത്തില്‍ ഇന്ത്യയും അമേരിക്കയും നടത്തി വരുന്ന നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോള്‍ നിര്‍ണായക തീരുമാനം നിലവില്‍ വന്നിരിക്കുന്നത്. പിറ്റസ്ബര്‍ഗ് ആസ്ഥാനമായ വെസ്റ്റിങ് ഹൗസ് ഇന്ത്യയില്‍ ആണവറിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും 2017 ല്‍ വെസ്റ്റിങ് ഹൗസിന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് തടസമായി.

അതേസമയം, 2024ഓടെ ആണവ ശേഷി മൂന്നിരട്ടിയാക്കി ഉയര്‍ത്താനാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. 2008ല്‍ ഇന്ത്യയും അമേരിക്കയും സിവില്‍ ആണവ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഈ കരാര്‍ പ്രകാരം ആണവ നിലയങ്ങള്‍ നിര്‍മ്മിക്കാന്‍ 2016ല്‍ ധാരണയില്‍ എത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more