| Sunday, 1st December 2019, 12:59 pm

അംബേദ്കര്‍ ചരമദിന വാര്‍ഷികം ആദ്യമായി ആചരിക്കാനൊരുങ്ങി എസ്.പി; ലക്ഷ്യം ബി.എസ്.പിയുടെ ദളിത് വോട്ടുകള്‍ സ്വന്തമാക്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ബി.എസ്.പിയുമായി സഖ്യം പിരിഞ്ഞ സമാജ്‌വാദി പാര്‍ട്ടി ദളിത് വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള ശ്രമം സജീവമാക്കി. അതിന്റെ ഭാഗമായി ഡോ. ബി.ആര്‍ അംബേദ്കര്‍ ചരവാര്‍ഷിക ദിനം സംസ്ഥാന വ്യാപകമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സമാജ്‌വാദി പാര്‍ട്ടി. ആദ്യമായാണ് അംബേദ്കര്‍ ദിനം സമാജ്‌വാദി പാര്‍ട്ടി ആചരിക്കുന്നത്.

സാമൂഹ്യ നീതിയും സൗഹാര്‍ദവും സംരക്ഷിക്കപ്പെടണം എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തിയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ദളിത് സമുദായത്തിന് സ്വാധീനമുള്ള പ്രദേശങ്ങളിലാണ് പരിപാടികള്‍ നടത്തുന്നത്. മനോഹര്‍ ലോഹ്യയും അംബേദ്കറും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സംസ്ഥാനത്തുടനീളം സമാജ്‌വാദി പാര്‍ട്ടി ഉയര്‍ത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സാമൂഹ്യമായി സംസ്ഥാനത്തെ ദളിതരും യാദവരും എതിര്‍പാളയങ്ങളിലാണ് അണിനിരക്കാറുള്ളത്. ദളിതര്‍ ബി.എസ്.പിയെയും യാദവര്‍ എസ്.പിയെയുമാണ് പിന്തുണക്കാറുള്ളത്. എസ്.പിയും ബി.എസ്.പിയും തമ്മിലുള്ള പോരാട്ടം ദളിതരും യാദവരും തമ്മിലുള്ളതായാണ് പൊതുവേ വിശേഷിപ്പിക്കപ്പെടാറുള്ളത്. ഈ സാഹചര്യത്തെയാണ് ബി.ജെ.പി ഉപയോഗപ്പെടുത്തിയത്.

ബി.ജെ.പി ദളിതുകളെയും യാദവരെയും ഒരേ പോലെ ആകര്‍ഷിക്കുന്ന നടപടികളാണ് സ്വീകരിച്ചത്. ഇത് തിരിച്ചറിഞ്ഞാണ് ഇപ്പോഴത്തെ സമാജ്‌വാദി പാര്‍ട്ടി നീക്കം.

മാത്രമല്ല സമീപകാലത്തെ ബി.എസ്.പി പ്രകടനവും സമാജ്‌വാദി പാര്‍ട്ടിയെ ദളിത് സമുദായങ്ങളെ ആകര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള നീക്കത്തിന് പ്രേരിപ്പിച്ചത്. നിരവധി ബി.എസ്.പി നേതാക്കളും അണികളുമാണ് അടുത്ത കാലത്ത് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more