കോഴിക്കോട്: ജില്ലാ റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ജീവന്‍ ജോര്‍ജിന്റെ മൂന്നുപേജുള്ള റിപ്പോര്‍ട്ടിനു പുറമേ റൂറല്‍ എസ്.പി കെ.ജി സൈമണിന്റെ ഇടപെടലും കൂടിയാണ് കൂടത്തായിയിലെ കൊലപാതക പരമ്പരയുടെ ചുരുളഴിയാന്‍ കാരണമായത്. 17 വര്‍ഷം മുന്‍പു തുടങ്ങിയ കൂടത്തായിയിലെ കൊലപാതക പരമ്പര തെളിയിച്ച അന്വേഷണത്തിനു പുറമേ 19 വര്‍ഷം ആരുമറിയാതെ കിടന്ന കൊലപാതകക്കേസിനു വരെ സൈമണ്‍ തുമ്പുണ്ടാക്കിയിട്ടുണ്ട്.
കോട്ടയം ചങ്ങനാശ്ശേരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 1995-ലെ കേസില്‍ 2014 ഫെബ്രുവരിയിലാണ് പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നത്. ആ കേസിങ്ങനെ:
1995 സെപ്റ്റംബര്‍ എട്ടിനാണ് മതുമൂല ഉദയ സ്റ്റോഴ്‌സ് ഉടമ വിശ്വനാഥന്‍ ആചാരിയുടെ മകന്‍ മഹാദേവനെ കാണാതാകുന്നത്. മതുമൂല കവലയില്‍ ചതയദിനാഘോഷം കാണാന്‍ പോയപ്പോഴായിരുന്നു സംഭവം നടന്നത്.
വാഴപ്പള്ളി സെന്റ് തെരേസാസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ മഹാദേവനെ കാണാതായതിനു പിന്നാലെ പണമാവശ്യപ്പെട്ട് ഒട്ടേറെ അജ്ഞാത ഫോണുകള്‍ വിശ്വനാഥനു ലഭിച്ചു. കാണാതാകുമ്പോള്‍ മഹാദേവന്റെ പക്കലുണ്ടായിരുന്ന താക്കോലും ചെരിപ്പും പിന്നീട് കണ്ടുകിട്ടി.
ഏറെനാളത്തെ അന്വേഷണത്തിനൊടുവില്‍ 13-കാരനായ മഹാദേവനെ കണ്ടെത്താനാവില്ല എന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ചെത്തി. എന്നാല്‍ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സി.ബി.ഐക്കു കൈമാറണമെന്നും ആവശ്യപ്പെട്ട് വിശ്വനാഥന്‍ ഹൈക്കോടതിയെ സമീപിച്ചു.
അതിനിടെ വിശ്വനാഥന്‍ മരിച്ചു. ഭാര്യ വിജയലക്ഷ്മിയാണ് കേസ് പിന്നീട് തുടര്‍ന്നു നടത്തിയത്. അവരും മരണമടഞ്ഞപ്പോള്‍ അഭിഭാഷകനായ ജയകൃഷ്ണന്‍ ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായി.
ഒടുവില്‍ 2010 ഒക്ടോബറില്‍ ഹൈക്കോടതിയുടെ ഇടപെടലുണ്ടായി. കുട്ടിയെ കണ്ടെത്താന്‍ വീണ്ടും അന്വേഷണം നടത്തണമെന്നു കോടതി ഉത്തരവിട്ടു.
എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ എസ്.പി (ഹര്‍ട്ട് ആന്‍ഡ് ഹോമിസൈഡ് വിങ്) ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് കെ.എം ജോസഫ് ഉത്തരവിട്ടു. അങ്ങനെയാണ് കേസ് ക്രൈംബ്രാഞ്ച് എസ്.പി കെ.ജി സൈമണ്‍ ഏറ്റെടുക്കുന്നത്.
അങ്ങനെ അന്വേഷണമാരംഭിച്ചു. വിശ്വനാഥന്റെ കടയിലെ ജീവനക്കാരന്റെ മൊഴിയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. മഹാദേവന്‍ സൈക്കിള്‍ കടയിലേക്കു നടന്നുപോകുന്നതു കണ്ടതായി ഇയാള്‍ മൊഴി നല്‍കി. അതോടെ അന്വേഷണം സൈക്കിള്‍ കടയിലെത്തി.
സൈമണിന്റെ നേതൃത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് തിരോധാനം കൊലപാതകത്തിലേക്കു മാറുന്നത്. ചോദ്യം ചെയ്യലില്‍ സൈക്കിള്‍ കടക്കാരനായ ഇളമുറിയില്‍ ഉണ്ണി എന്ന 41 വയസ്സുകാരനായ ഹരികുമാറിനു കുറ്റം സമ്മതിക്കേണ്ടി വന്നു.
മദ്യപാനിയായ ഹരികുമാര്‍ ധാരാളം ലോട്ടറി ടിക്കറ്റെടുക്കുന്നയാളായിരുന്നു. അതിനുള്ള പണം സമ്പാദിക്കാന്‍ മഹാദേവന്റെ പത്ത് ഗ്രാം വരുന്ന സ്വര്‍ണമാല മോഷ്ടിക്കുകയായിരുന്നു ഹരികുമാറിന്റെ ലക്ഷ്യം.
സംഭവം നടക്കുന്ന കാലത്ത് ഹരികുമാര്‍ വിശ്വനാഥന്റെ വീടിനടുത്ത് സൈക്കിള്‍ കട നടത്തിയിരുന്നു. സൈക്കിളില്‍ കാറ്റ് നിറയ്ക്കുന്നതിനു മഹാദേവന്‍ ഇവിടെയെത്താറുണ്ടായിരുന്നു. വര്‍ക്ക്‌ഷോപ്പില്‍ നിന്നു മറ്റ് സൈക്കിളുകള്‍ മഹാദേവന് ഓടിക്കാന്‍ നല്‍കിയിരുന്നു. ഈ അടുപ്പം മുതലാക്കി ഹരികുമാര്‍ മഹാദേവനുമായി അടുത്ത ബന്ധമുണ്ടാക്കി.
അങ്ങനെ ചതയദിനത്തിന് സൈക്കിള്‍ നന്നാക്കാനെത്തിയപ്പോള്‍ കടയുടെ ഉള്ളിലേക്കു കൂട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ചാണ് മഹാദേവനെ കൊലപ്പെടുത്തിയത്.
പിന്നീട് ഹരികുമാറിന്റെ സുഹൃത്ത് കൊനാരി സലി എന്ന സലിമോന്‍, സഹോദരീ ഭര്‍ത്താവ് കണ്ണന്‍ എന്ന പ്രമോദ് എന്നിവര്‍ ചേര്‍ന്നാണു മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി രഹസ്യമായി മറവ് ചെയ്തതെന്നു കണ്ടെത്തി.
മൂന്നു പെണ്‍മക്കള്‍ക്കു ശേഷമാണ് മഹാദേവന്‍ പിറന്നത്. അതുകൊണ്ട് മഹാദേവനോട് കൂടുതല്‍ സ്‌നേഹം കാണിച്ചിരുന്ന മാതാപിതാക്കള്‍ അവനെ സ്വര്‍ണാഭരണങ്ങള്‍ ധരിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പലപ്പോഴും ആറു പവനോളം തൂക്കമുള്ള സ്വര്‍ണമാല മഹാദേവന്‍ അണിഞ്ഞിരുന്നെന്ന് സഹോദരിമാര്‍ പറഞ്ഞു. മഹാദേവന്റെ കഴുത്തിലെ സ്വര്‍ണമാല ലക്ഷ്യമിട്ട ഹരികുമാര്‍ അവനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
എന്നാല്‍ കൊല്ലപ്പെടുന്ന ദിവസം മഹാദേവന്റെ കഴുത്തിയും കൈയ്യിലുമായി കഷ്ടിച്ച് ഒന്നരപ്പവന്റെ സ്വര്‍ണാഭരണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകന്‍ ജീവിച്ചിരിപ്പുണ്ടെന്നു മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിലും ഹരികുമാറും കൂട്ടുപ്രതികളും വിജയിച്ചു. അതാണ് പൊലീസിനെയും വലച്ചത്.
മഹാദേവന്റെ പല പ്രായത്തിലുള്ള ചിത്രങ്ങള്‍ കമ്പ്യൂട്ടര്‍ സഹായത്തോടെ തയ്യാറാക്കിയാണ് പിന്നീട് അന്വേഷണം നടത്തിയത്. അതിനിടെ പ്രതികള്‍ വിശ്വനാഥന് വ്യാജ കത്തുകളയച്ചു, അജ്ഞാത ഫോണ്‍ വിളികള്‍ നടത്തി.
മഹാദേവനെ തട്ടിക്കൊണ്ടു പോയതാണെന്നും പണം നല്‍കിയാല്‍ തിരികെ നല്‍കാമെന്നുമായിരുന്നു ഈ സന്ദേശങ്ങളിലൊക്കെയും പറഞ്ഞിരുന്നത്. കൃത്യമായ ഇടവേളകളില്‍ ഇവരിതു ചെയ്തു.
ആദ്യം 45,000 രൂപ ആവശ്യപ്പെട്ടിരുന്നത് പിന്നീട് രണ്ടുലക്ഷമായി. മകനെക്കൊണ്ട് ഫോണില്‍ സംസാരിപ്പിക്കണമെന്ന വിശ്വനാഥന്റെ ആവശ്യം അവര്‍ തള്ളി. എന്നാല്‍ മഹാദേവന്റെ ചെരിപ്പും കൈയ്യിലുണ്ടായിരുന്ന താക്കോലും പിന്നീട് തിരിച്ചുകൊടുത്തു.
ഇതോടെ മഹാദേവനെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നു മാതാപിതാക്കള്‍ വിശ്വസിക്കുകയായിരുന്നു. ഫോണ്‍വിളികള്‍ നിന്നെങ്കിലും പിന്നീട് കത്തുകളിലൂടെ ഭീഷണി അവര്‍ തുടര്‍ന്നു.
കത്തില്‍പ്പറഞ്ഞ പ്രകാരം പണവുമായി പൊലീസിന്റെ സഹായത്തോടെ പലയിടങ്ങളിലും കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കത്തിന്റെ വരവും നിലച്ചു. വിശ്വനാഥന്‍ ആചാരിക്കു ലഭിച്ചിരുന്ന കത്തിലെ കൈയ്യക്ഷരങ്ങള്‍ പൊലീസ് കണ്ടെത്തി. പിന്നില്‍ കൂട്ടുപ്രതി സലിമോനാണെന്നും തിരിച്ചറിഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഹരികുമാറിന്റെ സൈക്കിള്‍ വര്‍ക്ക്‌ഷോപ്പ് യഥാര്‍ഥത്തില്‍ പ്രതികളുടെ മദ്യപാനസദസ്സായിരുന്നു. അവിടെ പാതി താഴ്ത്തിയ ഷട്ടര്‍ കണ്ടാല്‍ ഉള്ളില്‍ മദ്യപാനവും ചീട്ടുകളിയുമാണെന്ന് നാട്ടുകാര്‍ക്ക് ഊഹിക്കാം. വഴക്ക് കൂടലും അവിടെയുണ്ടായിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു.
ഒറ്റ അക്കത്തിന്റെ ലോട്ടറിവില്‍പ്പന തകൃതിയായി നടന്നിരുന്ന ആ സമയം അതിനുവേണ്ടി എങ്ങനെയും പണം കണ്ടെത്തുകയായിരുന്നു അവരുടെ ശീലം. നാട്ടുകാരോട് ഇടപഴകുന്ന സ്വഭാവം ഹരികുമാറിനില്ലായിരുന്നു. കടയില്‍ എത്തുന്നവരോടു മാത്രം സംസാരിക്കും, ചങ്ങാത്തം കൂടും അതായിരുന്നു പതിവ്.
മഹാദേവനെ കൊലപ്പെടുത്തിയ ശേഷം ഹരികുമാറും ആക്ഷന്‍ കൗണ്‍സിലിനൊപ്പം കൂടിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനായി വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ചപ്പോള്‍ ‘സാറേ, ഇവിടെ വേറെയും അസ്ഥികൂടങ്ങള്‍ കണ്ടെത്തിയാല്‍ അതെന്റെ തലയില്‍ കെട്ടിവെയ്ക്കരുത്’ എന്നുപറഞ്ഞ് ഹരികുമാര്‍ അന്വേഷണ സംഘത്തെപ്പോലും ഞെട്ടിച്ചു.
അതുവഴിയാണ് മഹാദേവനെ മാത്രമല്ല, സലിമോനെയും ഹരികുമാര്‍ തന്നെ കൊലപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കൊലപാതകം പുറത്തുപറയുമെന്നു ഭീഷണിപ്പെടുത്തി സലിമോന്‍ പണം വാങ്ങാന്‍ തുടങ്ങിയതോടെയാണു മഹാദേവന്‍ കൊല്ലപ്പെട്ട് ഒന്നരവര്‍ഷത്തിനു ശേഷം മദ്യത്തില്‍ വിഷം കലര്‍ത്തി സലിമോനെയും കൊന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സലിമോനെ കെട്ടിത്താഴ്ത്തിയതും മഹാദേവനെ മറവുചെയ്ത അതേ വെള്ളക്കെട്ടിലാണെന്ന് ഹരികുമാര്‍ തന്നെ വെളിപ്പെടുത്തി. സലിമോന്റെ മൃതദേഹം മറവുചെയ്യാന്‍ സഹായിച്ച സഹോദരീഭര്‍ത്താവ് പ്രമോദിന്റെ മരണത്തിലെ ദുരൂഹതയും ക്രൈംബ്രാഞ്ച് ഇതിനിടയ്ക്ക് അന്വേഷിച്ചു.
പ്രമോദ് വീട്ടിലെ കുളിമുറിയില്‍ കാല്‍തെറ്റി വീണ് തലപൊട്ടി മരിച്ചെന്നാണ് പറയുന്നത്. കോട്ടയം മറിയപ്പള്ളിയിലുള്ള പ്രമോദിന്റെ വീടിനു സമീപത്തെ വെള്ളക്കെട്ടിലാണ് മഹാദേവന്റെയും സലിമോന്റെയും മൃതദേഹങ്ങള്‍ മറവ് ചെയ്തത്.
സലിമോനെ കാണാതായതില്‍ പരാതികളില്ലാത്തതിനാല്‍ കുറ്റസ്സമ്മത മൊഴിപ്രകാരം ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. ഹരികുമാറിനെ ഭീഷണിപ്പെടുത്തി പലപ്പോഴായി സലിമോന്‍ പണം വാങ്ങിയിരുന്നു.
ഹരികുമാറിന്റെ പിതാവ് എസ്.എന്‍.ഡി.പിക്കു വിറ്റ സ്ഥലത്തിനു ലഭിച്ചത് ഒന്നേകാല്‍ ലക്ഷം രൂപയാണ്. ഇത് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് അറിയാവുന്ന സലിമോന്‍ ഈ തുക വേണമെന്നാവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ മഹാദേവനെ കൊലപ്പെടുത്തിയ കേസില്‍ ഹരികുമാറിനെയും പ്രമോദിനെയും ഒറ്റിക്കൊടുക്കുമെന്നു ഭീഷണി മുഴക്കി.
വാഴപ്പള്ളി പള്ളിയിലെ തിരുനാള്‍ ദിവസം രാത്രി എഴിന് വര്‍ക്ക്‌ഷോപ്പില്‍ വെച്ചു മദ്യം തരാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് ഹരികുമാര്‍ സലിമോനെ വിളിച്ചുവരുത്തി. പിന്നീട് രണ്ടുതുള്ളി സയനൈഡ് ഗ്ലാസ്സിലെ മദ്യത്തിലൊഴിച്ചു നല്‍കുകയായിരുന്നു. ഇതു കുടിച്ചയുടന്‍ സലിമോന്‍ മരിച്ചതായി ഹരികുമാര്‍ വെളിപ്പെടുത്തി.
കൊലപാതകശേഷം ഹരികുമാര്‍ ഇയാളെ മൂന്ന് സൈക്കിള്‍ ട്യൂബ് കൊണ്ടു വരിഞ്ഞുകെട്ടി ചങ്ങനാശ്ശേരി ചന്തയില്‍ നിന്നു കൊണ്ടുവന്ന ചാക്കില്‍ക്കയറ്റി. തുടര്‍ന്നു പ്രമോദ് ഓട്ടോ വിളിച്ച് സ്ഥലത്തെത്തി. ഇരുവരും ചേര്‍ന്ന് ചാക്കിനകത്തുള്ള മൃതദേഹം ഓട്ടോറിക്ഷയില്‍ കയറ്റി. ഓട്ടോ ഡ്രൈവറോട് ചാക്കില്‍ കപ്പയും പച്ചക്കറികളുമാണെന്നാണു പറഞ്ഞത്.
സലിമോനു ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഏതെങ്കിലും കേസില്‍പ്പെട്ട് സലിമോന്‍ ഒളിവിലായിരിക്കാമെന്നാണ് ഭാര്യയും മക്കളും വിശ്വസിച്ചിരുന്നതും. അതുകൊണ്ടുതന്നെ 17 വര്‍ഷം കഴിഞ്ഞെങ്കിലും വീട്ടുകാര്‍ കാര്യമായ അന്വേഷണത്തിനു തയ്യാറായില്ല.