സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി) നേതാവ് ഓംപ്രകാശ് രാജ്ഭറാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പി-ബി.എസ്.പി നീക്കുപോക്കുകളുടെ ഭാഗമായി നടന്ന തന്ത്രമായിരുന്നു ഇതെന്നും അദ്ദേഹം ആരോപിക്കുന്നു.
പല സീറ്റുകളിലും ബി.എസ്.പി സമാജ്‌വാദി പാര്‍ട്ടിക്ക് ലഭിക്കേണ്ടിയിരുന്ന വോട്ടുകള്‍ ഭിന്നിപ്പിക്കുകയും അതുവഴി എസ്.പി സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
നിരവധി സീറ്റുകളില്‍ ബി.എസ്.പിയടക്കമുള്ള പാര്‍ട്ടികള്‍ വോട്ടുകള്‍ ഭിന്നിപ്പിച്ചതിന്റെ ഭാഗമായാണ് ബി.ജെ.പി ഉത്തര്‍പ്രദേശില്‍ അധികാരം നിലനിര്‍ത്തിയതെന്ന ആക്ഷേപം ഉയരുമ്പോഴാണ് ആരോപണവുമായി രാജ്ഭര്‍ രംഗത്തെത്തിയിരിക്കുന്നത്.
‘ഏറ്റവും കുറഞ്ഞത് 122 ബി.എസ്.പി നേതാക്കളെ തീരുമാനിച്ചത് ബി.ജെ.പിയാണ്. ബി.എസ്.പി അവര്‍ക്ക് മത്സരിക്കാനാവശ്യമായ ചിഹ്നം നല്‍കുക മാത്രമാണുണ്ടായത്. ഇരുവരും തമ്മില്‍ പല ഗൂഢാലോചനകളുമുണ്ട്,’ അദ്ദേഹം പറയുന്നു.
ബി.ജെ.പി തീരുമാനിച്ച 122 സ്ഥാനാര്‍ത്ഥികളില്‍ 91ഉം മുസ്‌ലിങ്ങളാണെന്നും എസ്.പിക്ക് ലഭിക്കേണ്ടിയിരുന്ന വോട്ട് കൃത്യമായി ഭിന്നിപ്പിച്ച് ബി.ജെ.പിയുടെ ജയം ഉറപ്പിക്കാനാണ് ബി.എസ്.പി ശ്രമിച്ചതെന്നും രാജ്ഭര്‍ പറയുന്നു.
കൃത്യമായി വോട്ടുകള്‍ ഭിന്നിച്ചതോടെ 68 സീറ്റുകളിലാണ് ബി.ജെ.പി സമാജ്‌വാദി പാര്‍ട്ടിയെ പരാജയപ്പെടുത്തിയത്.
ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കാതെ ഒറ്റയ്ക്ക് മത്സരിച്ച ബി.എസ്.പിയുടെ നിലപാട് ബി.ജെ.പി-ബി.എസ്.പി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായാണെന്നും ആരോപണമുയരുന്നുണ്ട്.
തെരഞ്ഞെടുപ്പിന് മുമ്പ് അമിത് ഷാ ഉത്തര്‍പ്രദേശിലെ ബി.എസ്.പിയെ അഭിനന്ദിച്ച് രംഗത്തെത്തിയതും മായാവതി അമിത് ഷായ്ക്ക് നന്ദിയറിയിച്ചതുമെല്ലാം ഇതുമായി ചേര്‍ത്തു വായിക്കാമെന്നും അവര്‍ പറയുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ബി.എസ്.പിയിലെ ഒരു ഡസനോളം വരുന്ന എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് എസ്.പിയില്‍ ചേര്‍ന്നതോടെ താന്‍ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പരസ്യമായി പ്രഖ്യാപിച്ചിരുന്നു.